Friday, December 27, 2024
Homeഇന്ത്യകെ സി വല്ലാത്ത തോൽവിയാണല്ലോ ; 31ൽ 26ലും തോറ്റു.

കെ സി വല്ലാത്ത തോൽവിയാണല്ലോ ; 31ൽ 26ലും തോറ്റു.

ന്യൂഡൽഹി;സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ സി വേണുഗോപാലിനെ നിയമിച്ചശേഷം നേരിട്ട 31 തെരഞ്ഞെടുപ്പിൽ 26ലും കോൺഗ്രസ്‌ തോറ്റു. അഞ്ചിടത്തുമാത്രമാണ്‌ ജയിച്ചത്‌. അതിൽത്തന്നെ തമിഴ്‌നാട്ടിൽ ഡിഎംകെയുടെയും ജാർഖണ്ഡിൽ ജെഎംഎമ്മിന്റെയും ജൂനിയർ പങ്കാളിമാത്രമാണ്‌. കോൺഗ്രസിന്‌ തനിച്ച്‌ ജയിക്കാനായത്‌ കർണാടകത്തിലും തെലങ്കാനയിലും ഹിമാചലിലും മാത്രം. അതിൽ ഹിമാചലിന്റെ കാര്യം മിക്കവാറും തീരുമാനമായി. 2019 ജനുവരിയിലാണ്‌ വേണുഗോപാലിനെ രാഹുൽ ഗാന്ധി സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചത്‌. 2019ലെ പൊതുതെരഞ്ഞെടുപ്പായിരുന്നു ആദ്യദൗത്യം. വെറും 52 സീറ്റിൽ കോൺഗ്രസ്‌ ഒതുങ്ങി. അതേവർഷം ഒഡിഷ, ആന്ധ്ര, മഹാരാഷ്ട്ര, ഹരിയാന, സിക്കിം സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു.

2020ൽ ബിഹാറിലും ഡൽഹിയിലും നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു. ബിഹാറിൽ ആർജെഡി നേതൃത്വത്തിൽ മഹാസഖ്യത്തിന്റെ ഭാഗമായി 70 സീറ്റ്‌ പിടിച്ചുവാങ്ങി മത്സരിച്ച കോൺഗ്രസിന്‌ 19 സീറ്റിലാണ്‌ ജയിക്കാനായത്‌. 29 സീറ്റിൽ മത്സരിച്ച ഇടതുപക്ഷമാകട്ടെ 16 സീറ്റിൽ ജയിച്ചു. കോൺഗ്രസിന്റെ മോശം പ്രകടനം മൂലമാണ്‌ ബിഹാറിൽ മഹാസഖ്യത്തിന്‌ ഭൂരിപക്ഷം നഷ്ടപ്പെട്ടത്‌. ഡൽഹിയിൽ 70 സീറ്റിൽ ഒന്നിൽപ്പോലും കോൺഗ്രസ്‌ ജയിച്ചില്ല. 2013 വരെ ഡൽഹി ഭരിച്ച കോൺഗ്രസ്‌ 4.26 ശതമാനം വോട്ടുവിഹിതത്തിൽ ഒതുങ്ങി.

2021ൽ അസമിലും കേരളത്തിലും പുതുച്ചേരിയിലും ബംഗാളിലും തോറ്റു. തമിഴ്‌നാട്ടിൽ ജയിച്ച ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്നു. 2022ൽ പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, ഗുജറാത്ത്‌, ഗോവ, മണിപ്പുർ, യുപി സംസ്ഥാനങ്ങളിൽ തോൽവി. ഹിമാചലിൽ ജയിച്ചെങ്കിലും രാജ്യസഭാ തോൽവിയോടെ അതും തുലാസിലായി. ഹിമാചൽ നഷ്ടമായാൽ ഉത്തരേന്ത്യയിൽ ഒരു സംസ്ഥാനത്തും കോൺഗ്രസ്‌ ഭരണമില്ലാത്ത സ്ഥിതിയാകും.

2023ൽ ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, മിസോറം, മേഘാലയ, നാഗാലാൻഡ്‌, ത്രിപുര സംസ്ഥാനങ്ങളിൽ തോൽവി. കർണാടകത്തിലും തെലങ്കാനയിലും മാത്രം ജയം. ഭരണത്തിലുണ്ടായിരുന്ന പഞ്ചാബ്‌, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളും പുതുച്ചേരിയും വേണുഗോപാൽ ചുമതലയേറ്റശേഷമാണ്‌ കോൺഗ്രസിന്‌ നഷ്ടമായത്‌.

മഹാരാഷ്‌ട്രയിലെ പ്രതിപക്ഷസഖ്യമായ മഹാ വികാസ്‌ അഗാഡിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സീറ്റുധാരണയായി. ആകെയുള്ള 48 സീറ്റിൽ 20 ഇടത്ത്‌ ഉദ്ധവ്‌ താക്കറേ നയിക്കുന്ന ശിവസേന വിഭാഗം മത്സരിക്കും. കോൺഗ്രസ്‌ 18 സീറ്റിലും ശരദ്‌ പവാറിന്റെ എൻസിപി വിഭാഗം 10 സീറ്റിലും മത്സരിക്കും. ചെറുകക്ഷികളുടെ കൂട്ടായ്‌മയായ വിബിഎയ്‌ക്ക്‌ ഉദ്ധവ്‌ വിഭാഗത്തിൽനിന്ന്‌ രണ്ട്‌ സീറ്റ്‌ ലഭിക്കും. കർഷകനേതാവ്‌ രാജു ഷെട്ടി സ്വതന്ത്രനായി മത്സരിച്ചാൽ എൻസിപി പിന്തുണയ്‌ക്കും.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യകക്ഷിയായി 23 സീറ്റിൽ മത്സരിച്ച അവിഭക്ത ശിവസേന 18 ഇടത്ത്‌ ജയിച്ചു. ബിജെപി 25ൽ 23ലും ജയിച്ചു. 2019 ഒക്ടോബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമാണ്‌ ബിജെപിയും ശിവസേനയും അകന്നത്‌. പിന്നീട്‌ ബിജെപി ഇടപെട്ട്‌ ശിവസേനയെ പിളർത്തി.

RELATED ARTICLES

Most Popular

Recent Comments