ധാക്ക > ബംഗ്ലാദേശിൽ തുടർച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം. ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേറി. തുടർച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാർട്ടികൾ ബഹിഷ്‌കരിച്ച പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളിലും അവാമി ലീഗ് വിജയിച്ചു. ഗോപാൽഗഞ്ച് മണ്ഡലത്തിൽ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പിൽ 40 ശതമാനം പേർ മാത്രമാണ് വോട്ടു ചെയ്‌തത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വോട്ടെടുപ്പ് ബഹിഷ്‍കരിച്ചിരുന്നു. 63 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് വിജയിച്ചത്. ലോകത്തിന് മുന്നിൽ തെരഞ്ഞെടുപ്പിന് മത്സര സ്വഭാവം കാണിക്കാൻ അവാമി ലീഗ് തന്നെ നിർത്തിയ ഡമ്മി സ്ഥാനാർഥികളാണ് സ്വതന്ത്രരെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.