Monday, December 23, 2024
HomeKeralaനെതന്യാഹുവിന്‌ തിരിച്ചടി ; ജുഡീഷ്യറിയെ അട്ടിമറിക്കുന്ന നിയമം റദ്ദാക്കി ഇസ്രയേൽ സുപ്രീംകോടതി.

നെതന്യാഹുവിന്‌ തിരിച്ചടി ; ജുഡീഷ്യറിയെ അട്ടിമറിക്കുന്ന നിയമം റദ്ദാക്കി ഇസ്രയേൽ സുപ്രീംകോടതി.

ജറുസലേം: ഗാസയിലേക്കുള്ള കടന്നാക്രമണത്തിനുമുമ്പ്‌ ഇസ്രയേൽ തെരുവുകളെ പ്രതിഷേധക്കളമാക്കിയ, സർക്കാരിന്റെ വിവാദ നിയമം റദ്ദാക്കി ഇസ്രയേൽ സുപ്രീംകോടതി. രാജ്യചരിത്രത്തിലെ ഏറ്റവും തീവ്രവലത്‌ നിലപാടുള്ള ബെന്യാമിൻ നെതന്യാഹു സർക്കാർ, രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ കൊണ്ടുവന്ന നിയമമാണ്‌ തിങ്കളാഴ്ച സുപ്രീംകോടതി റദ്ദാക്കിയത്‌. പാർലമെന്റിന്‌ സുപ്രീംകോടതിയേക്കാൾ അധികാരം നൽകുന്നതും സർക്കാർ തീരുമാനങ്ങളിൽ സ്വമേധയാ കേസെടുക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം എടുത്തുകളയുന്നതും ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളാണ്‌ വിവാദനിയമത്തിൽ ഉണ്ടായിരുന്നത്‌. സർക്കാർ പാസാക്കുന്നതിൽ ഭരണഘടനാവിരുദ്ധമെന്ന്‌ കാണുന്ന നിയമങ്ങൾ എടുത്തുകളയാനുള്ള സുപ്രീംകോടതിയുടെ അധികാരവും എടുത്തുകളഞ്ഞിരുന്നു.

2023 ജൂലൈയിലാണ്‌ സർക്കാർ ബിൽ പാസാക്കിയത്‌. പതിനഞ്ചിൽ എട്ട്‌ ജഡ്‌ജിമാരും നിയമത്തിനെതിരെ വോട്ടുചെയ്തു. രാജ്യത്തിന്റ അടിസ്ഥാന സ്വഭാവത്തിനും ജനാധിപത്യക്രമത്തിനും അപരിഹാര്യമായ പരിക്കേൽപ്പിക്കുന്ന നിയമമാണിതെന്നും കോടതി വിമർശിച്ചു.

അഴിമതി ഉൾപ്പെടെ വിവിധ കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെ സംരക്ഷിക്കാനുള്ള ബില്ലാണിതെന്ന്‌ തുടക്കംമുതൽ പ്രതിപക്ഷം ആരോപിച്ചിരുന്നു. രാജ്യത്തെ ജനാധിപത്യക്രമം അട്ടിമറിച്ച്‌ ഏകാധിപത്യത്തിനായി ശ്രമിക്കുകയാണെന്നാരോപിച്ച്‌ ഇസ്രയേലിൽ ജനങ്ങളാകെ തെരുവിലിറങ്ങി. ബിൽ വോട്ടിനിട്ടപ്പോൾ ജറുസലേമിലേക്ക്‌ മാർച്ച്‌ നടത്തി പാർലമെന്റിന്‌ മുന്നിൽ തമ്പടിച്ച്‌ പതിനായിരങ്ങൾ പ്രതിഷേധിച്ചു.

ജനരോഷം പരിഗണിച്ച്‌ ബിൽ മാറ്റിവയ്ക്കണമെന്ന പ്രസിഡന്റ്‌ ഇസ്സാക്‌ ഹെർസോഗിന്റെ നിരന്തര ആവശ്യംപോലും സർക്കാർ അവഗണിച്ചു. പിന്നീട്‌ ഒക്ടോബർ ഏഴിന്‌ ഹമാസ്‌ നടത്തിയ ആക്രമണവും തിരിച്ച്‌ ഇസ്രയേൽ പ്രഖ്യാപിച്ച യുദ്ധവുമാണ്‌ പ്രതിഷേധത്തിന്റെ തീവ്രത കുറച്ചത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments