*പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ തന്നെ പ്രസവിക്കണം, ഡോക്ടര്‍മാര്‍ക്ക് പെടാപ്പാട്*
ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയത്ത് തന്നെ കുഞ്ഞ് ജനിക്കണമെന്ന ആഗ്രഹവുമായി നിരവധി ദമ്പതികള്‍. നിരവധി ആശുപത്രികളില്‍ ഇന്നേദിവസം സിസേറിയന്‍ ചെയ്യാന്‍ പല ദമ്പതികളും നിര്‍ബന്ധിച്ചതായി മുംബൈ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. നിരണ്‍ജനുവരി ചവാന്‍ പറയുന്നു.
രണ്ടും മൂന്നും ആഴ്ചകള്‍ക്ക് ശേഷം പ്രസവം പ്രതീക്ഷിച്ചിരുന്ന പല കേസുകളും ഇന്നത്തേക്ക് സിസേറിയന്‍ ചെയ്യേണ്ട സാഹചര്യത്തിലെത്തി ആശുപത്രികള്‍. കാണ്‍പൂരില്‍ നിന്നുള്ള അനൂപ് മിശ്ര-ഭാരതി ദമ്പതികള്‍ ഇങ്ങനെ തീയതി അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 7നായിരുന്നു ഭാരതിയുടെ പ്രസവം പ്രതീക്ഷിച്ചിരുന്നത്. ഇത്തരത്തില്‍ 35 സിസേറിയന്‍ ശസ്ത്രക്രിയകളെങ്കിലും ഇന്നത്തേക്ക് നിശ്ചയിച്ചിട്ടുള്ളതായി കാണ്‍പൂരിലെ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റായ ഡോ സീമ ദ്വിവേദി പറയുന്നു.
രാജ്യത്തെമ്പാടുമുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഈ സമ്മര്‍ദ്ദം നേരിട്ടു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി പരിഗണിച്ച് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ എന്നതാണ് വെല്ലുവിളി. മുഹൂര്‍ത്തം പരിഗണിച്ചുള്ള സിസേറിയന്‍ അഭ്യര്‍ത്ഥനകള്‍ കഴിഞ്ഞ കുറേ നാളുകളായി ട്രെന്‍ഡ് ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
– – – –