Thursday, April 18, 2024
HomeUS Newsതൂണും ചാരി നിന്നവർ…. (കഥ) ✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

തൂണും ചാരി നിന്നവർ…. (കഥ) ✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

ചേട്ടോ, രാഘവേട്ടോ….
ഒന്ന് രണ്ട് തവണ വിളിച്ചിട്ടൊന്നും രാഘവൻ സ്വപ്നലോകത്തു നിന്ന് ഉണർന്നില്ല.കത്തിക്കാളുന്ന ചൂടിൽ ഒരു തണലിന്റെ അരികുപറ്റി ഇരുന്ന് ചോറ്റുപാത്രത്തിൽ ചോറിൽ കയ്യിട്ടിളക്കി ഒട്ടും രുചിയില്ലാത്ത ഭക്ഷണം കഴിക്കാൻ പറ്റാതെ അങ്ങനെ ഓരോന്നോർത്ത്…. ഇരിക്കുകയായിരുന്നു രാഘവൻ. ഭാര്യ ഗിരിജ മരിച്ചതിൽ പിന്നെ രുചിയോടെയുള്ള ഒരു ഭക്ഷണം ഇന്നുവരെ കഴിച്ചിട്ടില്ല. അവൾ തേങ്ങ ചമ്മന്തി വച്ചാൽ പോലും അതിനുമുണ്ട് ഒരു സ്വാദ്.പക്ഷേ ഒരിക്കൽ പോലും ജീവിച്ചിരുന്നപ്പോൾ അത് അവളോട് പറഞ്ഞിരുന്നില്ല. 😪 എപ്പോഴും എന്തെങ്കിലും കുറ്റവും കുറവും ഒക്കെ പറഞ്ഞ് ആണ് കഴിക്കുക. പാവം പേടിച്ചു വിറച്ചാണ് താൻ കഴിച്ചു തീരുന്നതുവരെ നിന്നിരുന്നത്. രാഘവൻ ഒന്നാന്തരം ഒരു വിവാഹ ബ്രോക്കർ ആയിരുന്നു പണ്ട്. ആയിരം നുണ പറഞ്ഞും ഒരു കല്യാണം നടത്താം എന്നാണല്ലോ ശാസ്ത്രം. അതുകൊണ്ടുതന്നെ അത്യാവശ്യം നുണകൾ ഒക്കെ ഇരു വീടുകളിലും കൂട്ടി പറഞ്ഞ് കല്യാണം നടത്തി കമ്മീഷൻ വാങ്ങി ഒറ്റ മുങ്ങൽ അങ്ങു മുങ്ങും.പിന്നെ പൊങ്ങുക രണ്ടുമാസം കഴിഞ്ഞായിരിക്കും. ഒന്ന് രണ്ട് തവണ നല്ല അടി കിട്ടിയിട്ടുണ്ട്.പക്ഷേ അതൊക്കെ വൈദ്യന്റെ അടുത്ത് ചെന്ന് ഒരു ഉഴിച്ചിലിന് കയറുമ്പോൾ ശരിയാകും. കമ്മീഷൻ കിട്ടിയത് തീരുന്നതുവരെ സുഹൃത്തുക്കളുമായി അർമാദിക്കും,കുറച്ച് കാശ് വീട്ടുചെലവ് എന്നും പറഞ്ഞ് ഗിരിജയെ ഏൽപ്പിക്കും. പിന്നെ ഒരു കല്യാണം നടക്കുന്നതുവരെ ടാക്സി കാറിൽ ചെറുക്കൻ കൂട്ടരോടൊപ്പം വീടുകളിൽ പോയി പെണ്ണുകണ്ടു ലഡു,ജിലേബി, ഉണ്ണിയപ്പം,കേക്ക്,മിക്സ്ചർ 🧀🥯🥞അടക്കമുള്ള വിഭവസമൃദ്ധമായ കാപ്പികുടി വേറെ…… പക്ഷേ കമ്പ്യൂട്ടർ വന്നതോടെ ബ്രോക്കർ പണി ഇല്ലാതായി. സമ്പന്നരുടെ വീടുകളിലെ കയറി ഇറക്കം അതോടെ നിന്നു.പിന്നെ ജാതിയും മതവും നോക്കാതെയുള്ള സ്നേഹ കല്യാണങ്ങളും ലിവിങ് ടുഗദർ പോലുള്ള പരിപാടികളും ഫാഷൻ ആയപ്പോൾ രാഘവന്റെ ആപ്പീസ് പൂട്ടി എന്ന് തന്നെ പറയാം. പിന്നെയും പാവപ്പെട്ടവരുടെ വീടുകളിലാണ് ഈ വക കല്യാണങ്ങൾ നടത്തുക. അതിനു കാര്യമായി കമ്മീഷൻ ഒന്നും കിട്ടുകയുമില്ല. ഗിരിജ വീട്ടുജോലിക്ക് പോയി വീട്ടുചെലവ് നോക്കി ഏക മകളെ അന്തസായി കല്യാണം നടത്തി ഒരുത്തന്റെ കയ്യിൽ ഏൽപ്പിച്ചു കൊടുത്തിരുന്നു. മകനും കുടുംബമുണ്ട്. അവരോടൊന്നിച്ച് ആയിരുന്നു താമസം. പക്ഷേ അപ്പോഴാണ് ഗിരിജയുടെ അപ്രതീക്ഷിത മരണം.അതോടെ രാഘവൻ തീർത്തും ഒറ്റപ്പെട്ടതുപോലെ ആയി. അതുവരെ വായിൽ നാക്ക് ഉണ്ടോ എന്ന് തപ്പി നോക്കേണ്ടിയിരുന്ന മരുമകളുടെ ശബ്ദം ഒക്കെ ഉയരാൻ തുടങ്ങി. മോളുടെ വീട്ടിൽ പോയി കുറച്ചു ദിവസം താമസിച്ചു കൂടെ…… അങ്ങനെയുള്ള കുത്തുവാക്കുകൾ ഒക്കെ ഒളിഞ്ഞും തെളിഞ്ഞും കേട്ടു തുടങ്ങി. ഇനി അവിടെ താമസം തുടരണമെങ്കിൽ അച്ഛൻ സ്ഥിരവരുമാനം ഉള്ള ഒരു ജോലി കണ്ടെത്തിയേ പറ്റൂ എന്നായി. അങ്ങനെയാണ് തിരുവനന്തപുരം നഗരത്തിലെ ഹൃദയഭാഗത്തുള്ള ഫ്ലാറ്റ് പണി നടക്കുന്ന സ്ഥലത്തെ സെക്യൂരിറ്റി പണി രാഘവൻ ഏറ്റെടുത്തത്. പൊടിയും ടൈലുകൾ മുറിക്കുന്ന ഒച്ചയും ആയി രാവിലെ മുതൽ ചെവിതല കേൾക്കില്ല.

വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ചോറും കറികളും വായിൽ വെക്കാൻ കൊള്ളില്ല. രാവിലെ 5 മണിക്ക് എണീറ്റ് മോനും മരുമകളും ഒരുമിച്ച് അടുക്കളയിൽ കയറി എന്തൊക്കെയോ വച്ച് ഉണ്ടാക്കും.എല്ലാവരും കുട്ടികളടക്കം ചോറ്റുപാത്രവുമായി എട്ടരയ്ക്ക് സ്ഥലംവിടും.മരുമകൾ വലിയ തയ്യൽക്കാരിയാണ്.9 മണി ആകുമ്പോഴേക്കും അവളുടെ രണ്ട് സഹായികളായ ശൃംഗാരികൾ എത്തും. പിന്നെ മൂന്നെണ്ണം കൂടി തയ്പ്പും ചിരിയും ടിവി കാണലും…. അങ്ങനെ ഒരു മേളമാണ്.വൈകുന്നേരം കുട്ടികളും ആണുങ്ങളും തിരിച്ചെത്തുമ്പോൾ സഹായികൾ പണി അവസാനിപ്പിച്ചു പോകും. ഇതാണ് പതിവ്.

രാഘവേട്ടൻറെ വകയിൽ ഒരു പെങ്ങളുണ്ട്, പേര് സരസ്വതി. അവൾക്ക് ഒരു സുന്ദരി മകളുണ്ട്.ഉച്ചക്കുള്ള ഒരു മണിക്കൂർ വിശ്രമ സമയത്താണ് ചില തൊഴിലാളികൾ രാഘവേട്ടനെ തിരക്കി വരിക . രാഘവേട്ടന് ബജിയും ബോഞ്ചിയും വാങ്ങിക്കൊടുത്ത് അവരുടെ കാര്യം പറയും.ടൈൽ തൊഴിലാളിക്ക് സരസ്വതിയുടെ മോളോട് കടുത്ത പ്രണയം ഉണ്ട്.പക്ഷേ തുറന്നു പറയാൻ ധൈര്യം ഇല്ല. കാരണം സരസ്വതി പുരുഷ വിദ്വേഷിയും പോരാത്തതിന് നമ്മുടെ കീരിക്കാടനെ പോലെ അരയിൽ ഒരു കത്തിയും ആയിട്ടാണ് നടക്കുക.രണ്ട് പെൺമക്കളാണ് സരസ്വതിക്ക്. ഇളയതിനു രണ്ടു വയസ്സുള്ളപ്പോൾ ഭർത്താവിൻറെ തല്ലും തൊഴിയും സഹിക്കവയ്യാതെ സരസ്വതി ഒരിക്കൽ അയാളുടെ നേരെ കത്തി വീശി. പ്രാണരക്ഷാർത്ഥം അന്നുതന്നെ കള്ളവണ്ടി കയറിയ അയാൾ എങ്ങോട്ടോ പോയി. പിന്നെ യാതൊരു അറിവുമില്ല.ആരുടെയും സഹതാപം സരസ്വതിക്ക് വേണ്ട. അന്നുതൊട്ട് അധ്വാനിച്ച് തൻെറടത്തോടെ കുടുംബം നോക്കുന്ന സരസ്വതിയെ നാട്ടുകാർക്ക് ഭയവും ഭക്തിയും ബഹുമാനവുമാണ്.പഠിത്തം കഴിഞ്ഞ് മൂത്തമകൾ മാളിൽ അക്കൗണ്ട് സെക്ഷനിൽ ജോലിക്ക് കയറി.വലിയ താമസമില്ലാതെ അവിടെ തന്നെ ജോലി ഉള്ള ഒരു ബംഗാളി പയ്യനുമായി സ്നേഹത്തിലായി, ആരോടും പറയാതെ രണ്ടുപേരുംകൂടി ഒളിച്ചോടി കല്യാണം കഴിച്ച് വീട്ടിൽ നിന്ന് ഇറങ്ങി പോയി.അമ്മ വാക്കത്തിക്ക് വെട്ടുമോ എന്ന് ഭയന്ന് ആയിരിക്കും അങ്ങനെ ചെയ്തത്. സരസ്വതിയുടെ മുഖത്തുനോക്കി ഇതൊന്നും ചോദിക്കാൻ ആർക്കും ധൈര്യവുമില്ല. മൂന്നുവർഷം കഴിഞ്ഞു രണ്ടാമത്തെ പെൺകുട്ടിയും പഠിത്തം കഴിഞ്ഞ് മാളിൽ ജോലിക്ക് കയറി. ആ പെണ്ണ് ഭയങ്കര ഫാഷനിൽ തലമുടിയൊക്കെ കെട്ടിവച്ച് ചുണ്ടിൽ ചായം തേച്ച് കൺപീലിയൊക്കെ വെച്ചുപിടിപ്പിച്ച് പാൻറും ഷർട്ടുമൊക്കെ ഇട്ട് പുത്തൻ സ്കൂട്ടറിൽ പറക്കുന്നത് കണ്ടപ്പോൾ മുതലുള്ള ആരാധകരിൽ ഒരാളാണ് ഫ്ലാറ്റിലെ ടൈൽ മലയാളി തൊഴിലാളി. ഈ ലിസ്റ്റിൽ അവിടുത്തെ തന്നെ ഒരു ഇലക്ട്രീഷ്യൻ, പ്ലംബർ, ഫ്ലാറ്റിൽ സിമൻറ് ചാക്ക് കൊണ്ട് ഇറക്കുന്ന പെട്ടി ഓട്ടോ ഡ്രൈവർ ഇവരൊക്കെ ഉണ്ട്. രാഘവൻ എല്ലാവർക്കും പ്രതീക്ഷയുടെ ഒരു നാമ്പ് ഇട്ടുകൊടുത്തു രണ്ടു മൂന്ന് മാസമായി വടയും ചായയും ഇവന്മാരുടെ ചെലവിൽ തിന്നു കൊണ്ടിരിക്കുകയാണ്. എന്നെ അവൾക്ക് വലിയ പേടിയാണെന്നൊക്കെയാണ് തട്ടി വിട്ടിരിക്കുന്നത്.ഇന്ന് ഒരു തീരുമാനം ഉണ്ടാക്കിയേ പറ്റൂ എന്ന് പറഞ്ഞാണ് ടൈലു തൊഴിലാളിയുടെ നിൽപ്പ്. നിർബന്ധം സഹിക്കവയ്യാതായപ്പോൾ രാഘവൻ സരസ്വതിയുടെ വീട്ടിൽ പോയി കാര്യം അവതരിപ്പിക്കാം എന്ന് ഏറ്റു. പക്ഷേ നല്ല കമ്മിഷൻ തരണം എന്ന് കട്ടായം പറഞ്ഞു. കാരണം ആ മാതിരി റിസ്ക്കുള്ള പണിയാണ്. വകയിലെ ആങ്ങള ആണ് അമ്മാവൻ ആണ് എന്നൊക്കെ പറഞ്ഞ് അങ്ങോട്ട് ചെന്നാൽ ചിലപ്പോൾ സരസ്വതി കത്തി വീശും. ഉള്ളിലെ ഭയം പുറമെ കാണിക്കാതെ അന്നുതന്നെ രാഘവൻ സരസ്വതിയുടെ വീട്ടിൽ പോയി. അവരുടെ നല്ല നേരം നോക്കി ഈ കല്യാണാലോചനയുടെ കാര്യം പറഞ്ഞു. ചെറുക്കന്റെ വിവരങ്ങൾ പറഞ്ഞു തുടങ്ങുന്നതിനുമുമ്പേ സരസ്വതി പറഞ്ഞു. ഞാൻ എൻറെ മകളെ ഒരു മലയാളിക്ക്‌ കെട്ടിച്ചു കൊടുക്കില്ല. അതിഥി തൊഴിലാളിക്കേ കെട്ടിച്ചു കൊടുക്കു എന്ന്. “ ഇതെന്ത് അക്രമം? ടൈലുകാരൻ പയ്യന് നല്ല ദിവസക്കൂലി ഉണ്ട്, ഒന്നര ലക്ഷത്തിന്റെ ബൈക്ക് ഉണ്ട്, കാണാനും സുന്ദരൻ.അമ്മയുംഅച്ഛനും മാത്രം വീട്ടിൽ, സഹോദരിമാരുടെയൊക്ക കല്യാണം കഴിഞ്ഞു. ഒരു ബാധ്യതയുമില്ല.പിന്നെ ഇപ്പോൾ കള്ളുകുടി ഒക്കെ നിർത്തി അവൻ നല്ല മിടുക്കനായി.ബംഗാളികൾക്ക് കൂലി കുറവല്ലേ? നിന്‍റെ മൂത്തമകളോ അങ്ങനെ ഒരുത്തന്റെ കൂടെ പോയി. ഇതിനെയെങ്കിലും നീ മലയാളിയെ കൊണ്ട് കെട്ടിച്ചു കൂടെ നിർത്ത്.നിന്നെ വയസ്സുകാലത്ത് ആരെങ്കിലും നോക്കാൻ വേണ്ടേ?” എന്ത് പറഞ്ഞിട്ടും അവൾക്ക് ഒന്നും തലയിൽ കയറുന്നില്ല. ബംഗാളികൾ ഒക്കെ ക്രിമിനലുകളും കൊലപാതകികളും കഞ്ചാവു കാരും ആണെന്ന് പറഞ്ഞപ്പോൾ അതിനൊക്കെ ബദലായി സരസ്വതിക്ക് എഴുത്തും വായനയും അറിയില്ലെങ്കിലും സ്ഥിരമായി ചാനൽ ചർച്ച കണ്ടിട്ടാണെന്ന് തോന്നുന്നു ഈ അടുത്ത് മലയാളികൾ ചെയ്തുകൂട്ടിയ ഓരോ സംഭവങ്ങൾ പേര് സഹിതം എണ്ണിയെണ്ണി പറഞ്ഞ് അവൾ രാഘവനെ നിശബ്ദനാക്കി.

എൻറെ മകളെ ഞാൻ ഒഡീഷക്കാരനോ ബംഗാളിക്കോ മാത്രമേ കെട്ടിച്ചു കൊടുക്കു. അതിൽ മാറ്റമില്ല. മാത്രമല്ല ഇപ്പോൾ മാവേലിയും ക്രിസ്മസ് പാപ്പയുടെ വേഷം കെട്ടുന്നതും എല്ലാം ബംഗാളികൾ അല്ലേ, എന്തിന് തിരുവല്ലയിലെ ഒരു പള്ളിയിലെ കപ്യാര് പോലും ബംഗാളി ആണത്രേ!

മൂത്തമകൾ ബംഗാളിയുടെ കൂടെ പോയപ്പോൾ ആദ്യം സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ ഭയങ്കര സന്തോഷത്തിലാണ്.കാരണം പയ്യൻ പൊന്നുപോലെ ആണ് എൻറെ മോളെ നോക്കുന്നത്.ഭാഷ അറിയാത്തതുകൊണ്ടുതന്നെ വലിയ വഴക്കുകൾ ഇല്ല. ദേഷ്യം വരുമ്പോൾ വിളിച്ചു പറയുന്നത് പരസ്പരം മനസിലാകാത്തത് വലിയ ഒരു അനുഗ്രഹമാണ്. ഇവിടെയുള്ള മലയാളി പയ്യൻമാർക്ക് എത്ര കൂലി കിട്ടിയാലും കാര്യമില്ല കല്യാണം കഴിഞ്ഞ് ആദ്യത്തെ രണ്ട് മാസം നല്ല പിള്ളയായി നിൽക്കും. പിന്നെ എൻറെ കെട്ടിയോനെ പോലെ കള്ളുകുടിയും അടിയും ഇടിയും തൊഴിയും തുടങ്ങും. എന്റെ ഗതികേട് എന്റെ മോൾക്ക് വരാൻ പാടില്ല. ബംഗാളികൾ ഇഷ്ടം പോലെ ഈ നാട്ടിലുണ്ട് പിന്നെ ഞാൻ എന്തിനാ ഈ റിസ്ക് എടുക്കുന്നത്എന്ന്?

ദൈവമേ മൂന്നുമാസമായി തിന്നു കൊണ്ടിരുന്ന ബജിയും വടയും ഒക്കെ ഒറ്റയടിക്ക് ദഹിച്ചു. തൊണ്ണൂറുകളിലാണ് ഇങ്ങനെയൊരു മാറ്റം കേരളത്തിലുണ്ടായത്.
അതുവരെ ഡോക്ടർ, എൻജിനീയർ സർക്കാർ ഉദ്യോഗസ്ഥർ ഒക്കെയായിരുന്നു മുൻനിരയിൽ.പക്ഷെ ഇവരെ പിന്തള്ളി ബാങ്ക്ഉദ്യോഗസ്ഥർ,കോളേജ് വാധ്യാരുമാർ മുൻനിരയിലേക്ക് എത്തിയിരുന്നു.അവർക്ക് ശമ്പളവും ആനുകൂല്യങ്ങളും ആ സമയത്തു കണ്ടമാനം കൂടിയതായിരുന്നു കാരണം.

അതിഥി തൊഴിലാളികൾക്ക് നിരവധി ക്ഷേമപദ്ധതികൾ ഉണ്ടത്രേ ഇപ്പോൾ. മിതമായ നിരക്കിൽ അവർക്ക് കേരളത്തിൽ വാസസ്ഥലം ഒരുക്കാനുള്ള അപ്നാ ഘർ പദ്ധതി,ആലയ് പദ്ധതി, ആവാസ് പദ്ധതി…. ഇതൊക്കെ സർക്കാർ നടപ്പാക്കി കൊടുത്തതൊന്നും രാഘവേട്ടൻ അറിഞ്ഞില്ലേ എന്നായിരുന്നു സരസ്വതിയുടെ അടുത്ത ചോദ്യം. ഇവർക്ക് കിട്ടുന്ന കാശ് ഇവിടെ തന്നെ ചിലവഴിക്കാൻ സർക്കാർ ഒരുക്കി കൊടുത്തിരിക്കുന്ന പരിപാടികളാണ് ഇതൊക്കെ.കുറച്ചു സ്ഥലം വാങ്ങിയാൽ മാത്രം മതി. മറ്റ് സഹായങ്ങൾ സർക്കാരും ബാങ്കും ചേർന്ന് ചെയ്തുകൊടുക്കും. പലരും ഇവിടെ സ്ഥലം വാങ്ങി വീട് വച്ച് സ്ഥിരതാമസം തുടങ്ങിയത്രേ!

ഇനി എന്ത് പറയും ഈ നാല് മലയാളി തൊഴിലാളികളോട് ? ഫ്ലാറ്റിൽ തന്നെ ഇഷ്ടംപോലെ ബംഗാളികളും ഒഡിഷക്കാരും ജോലിചെയ്യുന്നുണ്ട്. ഇവരുടെ കണ്ണ് വെട്ടിച്ച് ഏതെങ്കിലും ഒരാൾക്ക് ഈ സുന്ദരിയുമായി കല്യാണം നടത്തി കൊടുത്താൽ നാലെണ്ണം കൂടി എടുത്തിട്ട് എന്നെ പെരുമാറില്ലേ?എന്താണ് നമ്മുടെ മലയാളി പയ്യന്മാരുടെ അവസ്ഥ അല്ലേ!

ദൈവമേ ഇതിനൊരു പോംവഴി കാണിച്ചു തരണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നാളെ മലയാളി ടൈലുകാരനോട് എന്ത് മറുപടി പറയും എന്ന് തലപുകഞ്ഞ് ആലോചിച്ചു കാലുകൾ നീട്ടി വലിച്ച് രാഘവൻ വീട്ടിലേക്ക് നടന്നു.

cartoon by Josey

മേരി ജോസി മലയിൽ ✍
തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments