Tuesday, December 24, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 23 | ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 23 | ചൊവ്വ

കപിൽ ശങ്കർ

🔹പത്തനംതിട്ട: കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് അജ്ഞാതൻ കുത്തിവയ്പെടുത്തത്.
കൊവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതൻ ചിന്നമ്മയ്ക്ക് കുത്തിവയ്പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും അജ്ഞാതനായ യുവാവ് നിര്‍ബന്ധിക്കുകയായിരുന്നുവത്രേ. നടുവിന് ഇരുവശത്തും കുത്തിവയ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി, കത്തിച്ചുകളയാൻ നിര്‍ദേശിച്ചുവത്രേ.
സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അസാധാരണമായ സംഭവം തന്നെയാണിത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറിച്ചെന്ന് കൊവിഡ് വാക്സിൻ ആണെന്ന് കാട്ടി നിര്‍ബന്ധിച്ചാണ് കുത്തിവയ്പെടുത്തിരിക്കുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്കൂട്ടറിലെന്നാണെന്നത് വ്യക്തമായിട്ടുണ്ട്. ഈ വണ്ടി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ വൈകാതെ കണ്ടെത്താൻ സാധിക്കുമെന്ന് തന്നെയാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
കുത്തിവയ്പിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇതും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. 66 വയസാണ് ഇവര്‍ക്ക്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

🔹കാസർകോട് ജില്ലയില്‍ കവര്‍ച്ചാ പരമ്പര. ഉപ്പള സോങ്കാലിലും തൃക്കരിപ്പൂരിലും വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. കഴിഞ്ഞ ദിവസവും നെല്ലിക്കട്ടയിലും വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നിരുന്നു.
ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ പ്രവാസിയായ ബദറുൽ മുനീറിന്റെ വീട് കുത്തിത്തുറന്നാണ് സ്വർണ്ണവും പണവും മോഷ്ടിച്ചത്. അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കള്ളന്മാർ കൊണ്ടുപോയി. ബദറുല്‍ മുനീറിന്റെ ഭാര്യയും രണ്ടു കുട്ടികളും പിതാവിൻറെ വീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച. മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ച വീട്ടുടമയുടെ സഹോദരൻ റാഷിദിനെ ആക്രമിച്ചാണ് മുഖംമൂടി സംഘം രക്ഷപ്പെട്ടത്. സിസിടിവിയില്‍ കള്ളന്മാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃക്കരിപ്പൂർ പരത്തിച്ചാലിലെ എംവി രവീന്ദ്രന്റെ വീട് കുത്തിത്തുറന്ന് ആറ് പവൻ സ്വർണാഭരണങ്ങളും 15,000 രൂപയുമാണ് കവർന്നത്. കുടുംബാംഗങ്ങൾ ബംഗളൂരുവിലെ മകളുടെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടുകാരില്ലാത്ത സമയം നോക്കിയാണ് കവർച്ച നടന്നത് എന്നതിനാൽ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നെല്ലിക്കട്ട സാലത്തടുക്കയിലെ യശോദയുടെ വീട്ടിൽ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും 6200 രൂപയുമാണ് മോഷ്ടിച്ചത്. വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്നാണ് കള്ളന്മാർ അകത്തു കയറിയത്. വീട്ടുകാര്‍ നെക്രാജെയിലെ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് പോയിരുന്ന സമയത്താണ് മോഷണം നടന്നത്
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കുമ്പള ശാന്തി പള്ളത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും വിദേശ കറൻസുകളും കവർന്നത്. ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ കവർച്ച ശ്രമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

🔹തൃശൂര്‍ പൂരം നടത്തിപ്പില്‍ പൊലീസ് ഇടപെടാത്ത വിധത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കണമെന്നും പൊലീസ് സുരക്ഷ മാത്രം നോക്കിയാല്‍ മതിയെന്നും തിരുവമ്പാടി ദേവസ്വം. പൂരം നടത്തിപ്പു ചുമതല ദേവസ്വങ്ങള്‍ക്കാണെന്നും ആചാരാനുഷ്ഠാനങ്ങള്‍ ഉദ്യോഗസ്ഥ താല്‍പ്പര്യത്തിനു മാറ്റാന്‍ അനുവദിക്കില്ലെന്നും വേറെ ആരും അതില്‍ കൈകടത്തേണ്ടതില്ലെന്നും ദേവസ്വം അധികൃതര്‍ അഭിപ്രായപ്പെട്ടു. സുരേഷ് ഗോപിയെ ആരും വിളിച്ചുവരുത്തിയതല്ലെന്നും അദ്ദേഹത്തിന്റെ പി.എ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നുവെന്നും പറഞ്ഞ ദേവസ്വം അധികൃതര്‍ പൂരത്തില്‍ രാഷ്ട്രീയം കൊണ്ടു വരരുതെന്നും അഭിപ്രായപ്പെട്ടു.

🔹തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള (50) ആണ് അറസ്റ്റിലായത്. അതേസമയം കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

🔹ദിവസങ്ങളോളം മില്‍മ പാല്‍ കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തിനെതിരെ നിയമ നടപടിയുമായി മില്‍മ. ഒരു യൂട്യൂബ് ചാനലിനെതിരെയാണ് മില്‍മ പരാതി നല്‍കിയത്. പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു.

🔹യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനമായി നല്‍കേണ്ട പണത്തില്‍ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് കോടതി 12 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. അക്കൗണ്ട്സ് വിഭാഗത്തിലും ഹെല്‍ത്ത് വിഭാഗത്തിലും ഉദ്യോഗസ്ഥരായിരുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് പേര്‍ക്ക് ആണ് ശിക്ഷ വിധിച്ചത്.

🔹വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന. മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം തുടങ്ങിയ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഭക്ഷണ വില്‍പന കേന്ദ്രങ്ങളിലുമാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പരിശോധനകള്‍ നടത്തിയത്. മൂന്ന് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 102 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിയമ ലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

🔹തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ സംവിധാനമൊരുക്കി. വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ 13 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്.

🔹കോഴിക്കോട് മാവൂരില്‍ വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് 65 കാരനായ മാവൂര്‍ പനങ്ങോട് കുളങ്ങര ഹസൈനാര്‍ മരിച്ചു. പോത്തിനെ തീറ്റിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോള്‍ കുത്തുകയായിരുന്നു. കൂടാതെ വാല്‍പ്പാറ അണലി എസ്റ്റേറ്റ് തൊഴിലാളി രവിക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു.

🔹രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് 60കാരിയെ കൊന്ന് സഹോദരന്‍ വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

🔹കോഴിക്കോട് കുണ്ടായിത്തോട് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. നസീമ (43) മകള്‍ ഫാത്തിമ നിഹല (19) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവര്‍ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

🔹കടപുഴകിയതിന് പിന്നാലെ വീണ വൈദ്യുതി പോസ്റ്റിനടിയില്‍പ്പെട്ട് ആലുവ പുറയാര്‍ അമ്പാട്ടുവീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാന് (8) ദാരുണാന്ത്യം. വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനായി സൈക്കിളില്‍ എത്തിയതായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍. സൈക്കിളില്‍ ഇരിക്കവെ പെട്ടെന്ന് മരം കടപുഴകി വീഴുകയും തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റ് ദേഹത്ത് പതിക്കുകയുമായിരുന്നു.

🔹പശ്ചിമബംഗാളില്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള 2016ലെ അധ്യാപക നിയമനങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. ഇതോടെ 25,753 അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും. അവരുടെ ശമ്പളം 12% പലിശ സഹിതം തിരികെ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിയമിക്കപ്പെട്ടവരില്‍ ഒരാളായ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന സോമദാസിന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരാനും കോടതി ഉത്തരവിട്ടു.

🔹കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എംഡിഎച്ച്, എവറസ്റ്റ് എന്നീ ഇന്ത്യന്‍ ബ്രാന്‍ഡുകളെ നിരോധിച്ച് ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വിഭാഗം. എംഡിഎച്ച് ഉല്‍പ്പന്നങ്ങളായ കറി പൗഡര്‍, മിക്‌സഡ് മസാല പൊടി, സാമ്പാര്‍ മസാല എന്നിവയിലും എവറസ്റ്റിലെ ഫിഷ് കറി മസാലയിലും കാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്‌സൈഡ് കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കേന്ദ്രം അറിയിച്ചു. സിംഗപ്പൂരിലെ ഫുഡ് ഏജന്‍സിയും എവറസ്റ്റിലെ ഫിഷ് കറി മസാലയ്ക്ക് നേരത്തെ നിരോധനമേര്‍പ്പെടുത്തിയിരുന്നു.

🔹ദില്ലി: ഒരു സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഇറക്കിയ ട്രെയിലറിലെ ഏതെങ്കിലും ഭാഗം സിനിമയിൽ ഉൾപ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് വ്യക്തിമാക്കി സുപ്രിംകോടതി. ഇത്തരം കാര്യത്തിന്‍റെ സിനിമ അണിയറക്കാരുടെ ‘സേവനത്തിലെ പോരായ്മ’യായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി.
സിനിമയുടെ ട്രെയിലറിൽ കാണിച്ചത് സിനിമയുടെ ഭാഗമല്ലാത്തത് ഉപയോക്താക്കളെ വഞ്ചിക്കുന്നതിന് സമമാണ് എന്ന രീതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

🔹ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് മുംബൈ ഇന്ത്യന്‍സിനെതിരെ ഒമ്പത് വിക്കറ്റിന്റെ രാജകീയ ജയം. ആദ്യം ബാറ്റ് ചെയ്ത് മുംബൈ 65 റണ്‍സെടുത്ത തിലക് വര്‍മയുടേയും 49 റണ്‍സെടുത്ത നെഹാള്‍ വധേരയുടേയും കരുത്തില്‍ 179 റണ്‍സെടുത്തു. നാലോവറില്‍ 18 റണ്‍സ് മാത്രം നല്‍കി 5 വിക്കറ്റെടുത്ത സന്ദീപ് ശര്‍മയാണ് മികച്ച ടോട്ടല്‍ ഉയര്‍ത്തുന്നതില്‍ നിന്നും മുംബൈയെ തടയിട്ടത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 35 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയ ജോസ് ബട്‌ലറുടെ മാത്രം വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 60 പന്തില്‍ 104 റണ്‍സെടുത്ത് ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നായകന്‍ സഞ്ജു സാംസണ്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ജയത്തോടെ എട്ട് കളികളില്‍ 14 പോയന്റുമായി രാജസ്ഥാന്‍ റോയല്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

🔹വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. കഴിഞ്ഞ ഒരു മാസത്തിലേറെയായി തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രകരണം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളികളുടെ നായകനായി അരിസ്റ്റോ സുരേഷ് അഭിനയിക്കുകയാണ് ചിത്രത്തില്‍.
അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിലെ പ്രമുഖരായ നിരവധി നടീനടന്മാര്‍ അണിനിരക്കുന്ന ഒരു സിനിമയാണ് ഇത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തെത്തും. അരിസ്റ്റോ സുരേഷിനൊപ്പം കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം നൂറില്‍പ്പരം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് ഇതെന്ന്‌ നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ പറയുന്നു. കഥ, സംവിധാനം ജോബി വയലുങ്കൽ, തിരക്കഥ, സംഭാക്ഷണം ജോബി വയലുങ്കൽ, ധരൻ, ഛായാഗ്രഹണം എ കെ ശ്രീകുമാർ, എഡിറ്റിംഗ് ബിനോയ്‌ ടി വർഗീസ്, സ്റ്റണ്ട് ജാക്കി ജോൺസൺ, കല ഗാഗുൽ ഗോപാൽ, ഗാന രചന ജോബി വയലുങ്കൽ – സ്മിത സ്റ്റാൻലി , മ്യൂസിക് ജസീർ, അസി൦ സലിം, വി ബി രാജേഷ്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments