Monday, December 23, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 17, 2024 ശനി

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 17, 2024 ശനി

🔹മലയാളിയായ പിതാവിനെ മകൻ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂ ജഴ്സിയിലെ ബെർഗെൻ കൗണ്ടിയിലുള്ള പരാമുസിലെ 693 ബ്രൂസ് ഡ്രൈവിൽ താമസിക്കുന്ന മെൽവിൻ തോമസാണ് തൻ്റെ പിതാവായ മാനുവൽ വി. തോമസിനെ (61) ക്രൂരമായി കുത്തി കൊലപ്പെടുത്തിയത്.
മെൽവിൻ തന്നെയാണ് വെള്ളിയാഴ്ച വൈകിട്ട് പോലീസിനെ വിളിച്ചു വരുത്തിയതെന്നു അധികൃതർ പറഞ്ഞു.

🔹ഫൊക്കാന കൺവൻഷൻ പെൻസിൽവാനിയ റീജിയണൽ കിക്ക്‌ ഓഫ് ഫെബ്രുവരി 17 ശനിയാഴ്ച (ഇന്ന്) വൈകിട്ട് 4 മണിക്ക് പമ്പ മലയാളി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ എലൈറ്റ് ഇന്ത്യൻ കിച്ചൻ (2163 Galloway Rd, Bensalem, PA 19020) ബാങ്കെറ്റ് ഹാളിൽ വച്ച് നടത്തപ്പെടും. ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ കലാ അശോകൻ ഉൾപ്പെടെ നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

🔹ഫൊക്കാനയുടെ 2024-26 ഭരണ സമിതിയിലേക്ക് ന്യൂയോർക്കിലെ ലോംഗ് ഐലൻ്റിൽ കഴിഞ്ഞ 30 ൽ പരം വർഷമായി താമസിക്കുന്നതും, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായ ലാജി തോമസ് ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) ആയി മത്സരിക്കുന്നു. ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) വാർഷിക പൊതുയോഗത്തിൽ ലാജി തോമസിനെ സംഘടനയിൽ നിന്ന് ആർവിപി ആയി നാമനിർദ്ദേശം ചെയ്യുകയും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ പ്രധാനി കൂടിയാണ് ലാജി.

🔹അമേരിക്കൻ മലയാളികൾക്ക് കാൽപ്പന്ത് കളിയുടെ മിന്നൽ പോരാട്ടങ്ങൾ സമ്മാനിക്കാൻ മാസ്ക് മയാമി എവെർ റോളിങ് ട്രോഫി സെവൻസ് സോക്കർ ടൂർണമെന്റ് സീസൺ -5, ഫെബ്രുവരി മാസം 17,18 തീയതികളിൽ ഫ്ലമിംഗോ വെസ്റ്റ് പാർക്ക്, കൂപ്പർ സിറ്റിയിൽ അരങ്ങേറുന്നു. വാശിയേറിയ ഈ മത്സരത്തിൽ അമേരിക്കയുടെ നാനാഭാഗത്തുനിന്നുമുള്ള പ്രഗൽഭരായ 16 ടീമുകൾ മാറ്റുരയ്ക്കും. മത്സരങ്ങൾ മുൻ Broward County Mayor Hon. Dale Holness ഉദ്ഘാടനം ചെയ്യും.

🔹മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ഫെബ്രുവരി 11 ഞായറാഴ്ച ഫ്രാങ്ക്ലിൻ സ്ക്വയർ സെൻ്റ് ബേസിൽ ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. തോമസ് പോൾ (വികാരി) കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു.

🔹വയനാട് പുല്‍പ്പളളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ പുല്‍പ്പളളി പഞ്ചായത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടന്‍ നല്‍കാനും ഭാര്യക്ക് ജോലി നല്‍കാനും യോഗത്തില്‍ തീരുമാനമായി.

🔹തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മാസപ്പടി നല്‍കില്ലെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍. വര്‍ഷത്തില്‍ 15 തവണ മുപ്പതിനായിരം രൂപ വീതം ബാര്‍ ഒന്നിന് നല്‍കേണ്ടി വന്നെന്ന പരാതിയിലാണ് സംഘടനയുടെ ഈ തീരുമാനം.

🔹എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് ആരംഭിച്ച് മാര്‍ച്ച് 25 ന് അവസാനിക്കും. രാവിലെയാണ് എസ്എസ്എല്‍സി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. മാതൃക പരീക്ഷ 19 മുതല്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും.

🔹സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ‘വാട്ടര്‍ ബെല്‍’ സംവിധാനത്തിന് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഓരോ ദിവസവും കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും ഉച്ചയ്ക്കും സ്‌കൂളുകളില്‍ പ്രത്യേകം ബെല്‍ മുഴങ്ങും. ബെല്‍ മുഴങ്ങിക്കഴിഞ്ഞാല്‍ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നല്‍കണമെന്നാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.

🔹വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുവാന്‍ മുന്നറിയിപ്പ് നല്‍കി കേരളാപൊലീസ്. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യല്‍മീഡിയ പോസ്റ്റില്‍ കേരള പൊലീസ് വ്യക്തമാക്കി .

🔹കാഞ്ഞങ്ങാട് ആവിക്കരയില്‍ സൂര്യപ്രകാശ് (62), ഭാര്യ ഗീത, അമ്മ ലീല എന്നീ മൂന്നു പേരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

🔹തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ച് പരിക്ക് പറ്റി ചികിത്സയിലായിരുന്ന കൊല്ലം പന്മന പുതുവിളയില്‍ നിസാര്‍ (45) മരിച്ചു. കൊല്ലം ചവറയില്‍ ഈ മാസം ഒന്‍പതിനാണ് അപകടം നടന്നത്.

🔹രാജസ്ഥാനിലെ ബിക്കാനീറിലെ ഭാരത്മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഡോക്ടര്‍മാരും 18 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ട്രക്കും എസ്യുവിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

🔹ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ പിന്‍മാറി. അമ്മയുടെ അസുഖം കാരണമാണ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം പൂര്‍ത്തിയായതിന് പിന്നാലെ അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയത്.

🔹വാക്കുകളില്‍നിന്ന് വീഡിയോ നിര്‍മിക്കുന്ന പുതിയ എ.ഐ സാങ്കേതിക വിദ്യയുമായി ശാസ്ത്രലോകം. സോറ എന്ന് പേരിട്ടിരിക്കുന്ന മോഡലിന് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള മുഴുവന്‍ വീഡിയോയും ടെക്സ്റ്റ് പ്രോംപ്റ്റുകളില്‍ നിന്ന് നിര്‍മ്മിക്കാനാകും. ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ ആണ് കമ്പനിയുടെ വീഡിയോ അവതരിപ്പിച്ചത്. ഇപ്രകാരം ചെറുതും വളരെ ലളിതവുമായ ടെക്സ്റ്റുകളില്‍ നിന്ന് വീഡിയോകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ അവകാശപ്പെടുന്നത്.

🔹രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഐസോമെട്രിക് വ്യായാമം ചെയ്യുന്നത് ഫലപ്രദമെന്ന് പുതിയ പഠനം. ഐസോമെട്രിക് വ്യായാമങ്ങള്‍ എന്നറിയപ്പെടുന്ന വാള്‍ സിറ്റ്, വാള്‍ സ്‌ക്വാട്ട് തുടങ്ങിയ ലളിതമായ എക്സര്‍സൈസുകള്‍ രക്തസമ്മര്‍ദത്തിന്റെ തോത് കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീക്കരിച്ച പഠനത്തില്‍ കണ്ടെത്തി.

🔹രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കിയുടെ മിക്കവാറും എല്ലാ മോഡലുകളും കാന്റീന്‍ സ്റ്റോഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ അഥവാ സിഎസ്ഡികളില്‍ ലഭ്യമാണ്. രാജ്യത്തെ സൈനികര്‍ക്ക് ഇവിടെ നിന്ന് കാര്‍ വാങ്ങാം. ഈ കാന്റീനില്‍ നിന്ന് കാറുകള്‍ വാങ്ങുന്നതിന് സൈനികരില്‍ നിന്ന് ജിഎസ്ടി നികുതി ഈടാക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഏത് കാറിനും ലക്ഷക്കണക്കിന് രൂപയുടെ നികുതി ലാഭിക്കാനാകും. ഇക്കാരണത്താല്‍, കാര്‍ വളരെ വിലകുറഞ്ഞതായിത്തീരുന്നു. മാരുതിയുടെ ആഡംബര സെഡാന്‍ സിയാസും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ സിയാസിന്റെ വകഭേദങ്ങളാണ് കമ്പനി വില്‍ക്കുന്നത്.

🔹കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി ‘ യുടെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും, പ്രതികാരവും, ഗുണ്ടാ മാഫിയയും, അന്വേഷണവും തുടങ്ങി ഒരു എന്റര്‍ടെയ്നറിന് വേണ്ട എല്ലാവിധ ചേരുവകകളോടും കൂടിയാണ് ചിത്രം ഒരുക്കിയതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നു.

🔹തെന്നിന്ത്യന്‍ നടി മീന പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘ആനന്ദപുരം ഡയറീസി’ന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മുടങ്ങി പോയ പഠനം പൂര്‍ത്തിയാക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രത്തെയാണ് മീന സിനിമയില്‍ അവതരിപ്പിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ആനന്ദപുരം ഡയറീസ്’.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

Most Popular

Recent Comments