Tuesday, March 10, 2026
Homeഅമേരിക്കഉത്സവക്കാലം (ലേഖനം) ✍ രാജൻ പടുതോൾ

ഉത്സവക്കാലം (ലേഖനം) ✍ രാജൻ പടുതോൾ

കേരളത്തിലെ ഓണക്കാലവും, ബാംഗ്ളൂരിലെ നവരാത്രിയും മുംബെയിലെ ദീപാവലിയും ഒരു തുടര്‍ക്കഥയിലെന്നപോലെ പങ്കിട്ടതിന്റെ അനുഭവം –

ഓണംമുതല്‍ തുടങ്ങിയതാണ് ഇക്കൊല്ലത്തെ എന്റെ ഉത്സവക്കാലം. പുലിക്കളിയും കുമ്മാട്ടിയും ഓണത്തല്ലും ഓണാഘോഷത്തിന്റെ ഭാഗമാണെങ്കിലും എന്നുമെന്നപോലെ ഇക്കൊല്ലവും ഊണ് തന്നെയായിരുന്നു അതിന്റെ കേന്ദ്രബിന്ദു. തിരുവോണനാള്‍ വീട്ടിലുണ്ണുന്ന എരിവ് -പുളി- മധുരങ്ങളുടെ രുചിരാജിയില്‍ ഒതുങ്ങിയില്ല ഊണ്. സമുദായസംഘടനകളും പഞ്ചായത്തുകളും മത്സരിച്ച് നടത്തുന്ന കാളനോലനെരുശ്ശേരി……കളുടെ ആവര്‍ത്തന വിരസമായ ഓണസ്സദ്യ ആഴ്ച്ചകളോളം നീണ്ടുപോയി. കൂടാതെ, അയല്‍വാസികള്‍ പങ്കുവെച്ച വിഭവങ്ങളുടെ വലിയൊരു സംഭാരംതന്നെ എന്റെ വീട്ടിലെന്നപോലെ ഓരോ വീട്ടിലെ ഫ്രിഡ്ജിലും ചായക്ക് പലഹാരമായും അതിഥികളെ സത്കരിക്കാനായും കാത്തിരുന്നു. സദ്യയുടെ വാരാഘോഷം ഏല്‍പ്പിച്ച മാന്ദ്യം വിട്ടുപോകാത്ത അതിഥികള്‍ക്ക് അതൊരു ശിക്ഷയാവാം. ആയ്ക്കോട്ടെ. പിഞ്ഞാണത്തില്‍ ശേഷിക്കുന്നത് കുപ്പയില്‍ തള്ളാം. ഫ്രിഡ്ജ് കാലിയാക്കാന്‍ അതൊരുപായമാണ്.

അങ്ങനെ വയറിനുള്ളില്‍ അജീര്‍ണ്ണമായും കുപ്പയില്‍ ജീര്‍ണ്ണമായും ശേഷിക്കുന്ന ഓണം കഴിഞ്ഞ ”നല്ലരിക്ക” കാലത്ത് അതാ ,ബാഗ്ലൂരില്‍നിന്ന് മോള്‍ വിളിക്കുന്നു. കര്‍ണ്ണാടകയിലെ നവരാത്രി ഗംഭീരമാണ്. കുട്ടികള്‍ക്ക് അവധിക്കാലവുമാണ്. വരൂ. നമുക്ക് അടിച്ചുപൊളിക്കാം.

വിജയമിദശമിവരെയുള്ള പത്തുദിവസങ്ങള്‍ പുലാവും മധുരാന്നവും നെയ്കിനിയുന്ന പലഹാരങ്ങളുംകൊണ്ട് രുചികെടുത്തിയ കാലമായിരുന്നു. സൂപ്പില്‍നിന്ന് തുടങ്ങി ഐസ്ക്രീമുവരെ നീളുന്ന അത്താഴത്തിന്റെ ഉല്‍സാഹത്തിനിടയില്‍ രസംകൊല്ലികളായ ഇന്‍സുലിന്റെ സൂചികുത്ത് മറന്നേപോവുക പതിവായി. പ്രമേഹത്തിന് കളിക്കാനൊഴിഞ്ഞിട്ട അരങ്ങായി ശരീരം മാറുകയാണെന്നറിയാഞ്ഞിട്ടല്ല. ചെടികള്‍ക്ക് പൂക്കാതിരിക്കാനാവാത്തതുപോലെ ഞങ്ങള്‍ക്ക് തിന്നാതിരിക്കാനും ആവില്ല.

ദസരയുടെ മാന്ദ്യം തീരുന്നതിന് കാത്തുനില്‍ക്കാതെ അതിനെക്കാള്‍ വലിയ ദീപാവലി മധുരപലഹാരക്കൊട്ടകളുമായി പുറകിലെത്തി. മുംബെയില്‍നിന്ന് മോന്റെ ക്ഷണം നിരസിക്കുന്നതെങ്ങനെ? പല പേരുകളുള്ള പൂജകളുടെ ഉത്സവമാണ് ദീവാളിയുടെ നാലുദിവസം. പൂജ ഏതാലും പ്രസാദഭോജനംതന്നെയാണ് അതിനും മുഖ്യ ആകര്‍ഷണം.ദീപാലങ്കാരങ്ങളുടെ നിറപ്പകിട്ടും പടക്കത്തിന്റെ ശബ്ദഘോഷങ്ങളും കണ്ണും കാതും അടയ്ക്കുമ്പോളും രസോയികളില്‍നിന്ന് തീന്‍മേശയിലേക്ക് കണ്‍വെയര്‍ബല്‍ട്ടിനെ തോല്‍പ്പിക്കുന്ന വേഗത്തില്‍ മധുരപലഹാരങ്ങള്‍ നിരന്നുനിറഞ്ഞു പരക്കുന്നത് കൗതുകകരമായ അനുഭവമാണ്‌.തിന്നിട്ടും തിന്നിട്ടും തീരാതെ ശേഷിക്കുന്ന പഞ്ചസാരക്കുഴമ്പുകള്‍ ഫ്രിഡ്ജിലേക്കും നാലുമണിപ്പലഹാരങ്ങളായി വീണ്ടും വദനഗഹ്വരത്തിലേക്കും നീങ്ങുന്നതിന്റെ അപകടം അറിഞ്ഞിട്ടും കാര്യമില്ല. ഞങ്ങള്‍ക്ക് തിന്നാതിരിക്കാനാവില്ലല്ലോ.

ഉത്സവങ്ങള്‍ രോഗങ്ങള്‍ക്ക് വിളനിലമൊരുക്കുന്ന ഭക്ഷണസംസ്കാരമാവുന്നത് വിപണിയുടെ തന്ത്രമാണ്.ഭക്തിയും വിനോദവും എന്ന ലളിതമായ ചട്ടക്കൂടില്‍ ഒതുങ്ങണം ആഘോഷങ്ങളെല്ലാം. മധുരപലഹാരത്തിനു പകരം മരുന്നുകള്‍ വിഴുങ്ങുന്ന അവസ്ഥയിലേക്ക് മാറാതെ നമ്മള്‍ സ്വയം സംരക്ഷിക്കണം.’ലാഭാനാം ശ്രേയ ആരോഗ്യം” ആവട്ടെ ആഘോഷങ്ങളുടെ ലക്ഷ്യം.

രാജൻ പടുതോൾ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com