Tuesday, December 24, 2024
Homeഅമേരിക്കതലമുറകളോട് (കവിത) ✍വി എ യൂസഫ്

തലമുറകളോട് (കവിത) ✍വി എ യൂസഫ്

ഓടയോട്

ശോഷിച്ചു ശുഷ്കിച്ചു ദുർഗന്ധം
വമിക്കും

നീ പണ്ടൊരു നദിയായിരുന്നിരിക്കണം

ആർത്തി പൂണ്ട മനുഷ്യർ നിന്നെ

പിച്ചിച്ചീന്തിയെടുത്തു കരയാക്കിയും

അവരുടെ മാലിന്യങ്ങൾ
അടിച്ചേൽപ്പിച്ചും

നിൻറെ വഴികൾ അടച്ചു പൂട്ടിയും

തെളി നീരൊഴുക്കിൽ നിന്നെ ഇക്കിളി

കൂട്ടിയ പരൽ മീനുകളെ
ഞെക്കിക്കൊന്നും

നിന്നെയീ പരുവത്തിലാക്കി

സ്വയം കുടിച്ചു ദാഹം ശമിപ്പിച്ചതല്ലവർ

ഇതര ജീവികളുടെ കുടിനീർ
മുട്ടിച്ചതാണവർ.

 

പട്ടണത്തോട്

എരി വെയിലിൽ വാടി തളർന്നു
കിടക്കുന്ന

നീ പണ്ടൊരു കാടായിരുന്നിരിക്കണം

നിൻറെ രക്തവും നാഡീ ഞരമ്പുകളും

സിരകളും മജ്ജയും മാംസവും

കോടാലി വെച്ചവർ വേരറുത്തു

നിന്റെ കായ് കനികളും

വിശപ്പകറ്റാനെടുത്തതല്ലവർ

ഇതര ജീവികളുടെ അന്നം
മുട്ടിച്ചതാണവർ

 

കാടിറങ്ങിയവരോട്

നാട്ടിലിറങ്ങി കലിപൂണ്ടു കൊലവിളി
നടത്തുന്ന

നീ പണ്ട് കാട്ടിലെ
രാജാവായിരുന്നിരിക്കണം

പയ്യെപ്പയ്യെ നിൻ വാസ സ്ഥലങ്ങൾ

കയ്യേറി നിന്നെ അടിച്ചും തൊഴിച്ചും

കാട്ടിലെ നീതിയെ വെല്ലു വിളിച്ചവർ

സഹി കെട്ട നിന്നുടെ കാട്ടു
നീതിയോർത്തിപ്പോൾ

ലജ്ജിച്ചും ഭയന്നും നാട്ടിലൊരിടം
തേടിയലയുന്നു

ഭരണ ചക്രം നിൻറെ താണ്ഡവത്തിൽ

സ്തംഭിച്ചു നിൽക്കുമ്പോഴും
നിനക്കെന്നും രക്ഷയുണ്ട്

പണ്ട് നിൻറെ ഗേഹമത്രയും
തകർത്തവർക്കു

ശിക്ഷയില്ലെങ്കിൽ

ഇന്ന് നിൻറെ പ്രതികാരത്തിന്
നിനക്കുമില്ല ശിക്ഷ

ഇനിയും നിനക്ക് നീതി ലഭിക്കാനൊരു
പക്ഷെ

നാട്ടിലെ ഭരണ ചക്രം തിരിക്കാൻ

നീയുമൊരു കൈ നോക്കേണ്ടി
വന്നേക്കാം

വി എ യൂസഫ്✍

RELATED ARTICLES

Most Popular

Recent Comments