Sunday, September 15, 2024
Homeഅമേരിക്കഅയനം (ഗദ്യ കവിത) ✍അജി എസ്സ് കൊല്ലം.

അയനം (ഗദ്യ കവിത) ✍അജി എസ്സ് കൊല്ലം.

പ്രണയം കരളിൽ
കരിഞ്ഞുണങ്ങിയ,
യൗവനം നഷ്ടമായൊരുവളെ
പ്രണയിക്കണമെനിക്ക്.
അവൾക്കു മാത്രമേ എന്നെ ഭ്രാന്തമായി
പ്രണയിക്കാൻ കഴിയു.
ഭ്രാന്തമായിയെനിക്കും
പ്രണയിക്കണമവളെ..

ജീവിതത്തിന്റെ നിലയില്ലാക്കയങ്ങൾ
നീന്തിക്കയറിയവളായിരിക്കണം.

സ്നേഹത്തിന്നിടനാഴികളിൽ
ആർദ്രമായ് പ്രണയിക്കാനും
സല്ലപിക്കാനും കഴിയുന്നത്
അവൾക്കു മാത്രമായിരിക്കും.

മഴ കാണുമ്പോൾ മനം കുളിർക്കെ
സ്വപ്നങ്ങളാൽ പൂമുറ്റം
തീർക്കുന്നവളായിരിക്കുമവൾ.

ഒരു മഴയെ ഒരു വരി കവിതയിൽ
എഴുതി തീർക്കുന്നവളാകും.

പ്രപഞ്ചം മുഴുവൻ എന്റെ കണ്ണിലൂടെ
കാണുന്നവളാകും.
എന്റെയുള്ളം കൈ ചേർത്തു പിടിച്ചു
കടൽ തീരത്തെ മണൽപ്പരപ്പിലൂടേറെ
നേരം നടക്കാൻ കൊതിയേറെ
യുള്ളവളാകും.

പ്രണയത്തിൻറെ ലഹരി
പടർന്ന കണ്ണുകളിലേക്ക്
ആകാംഷയോടെ
നോക്കിയിരിക്കുന്നവളാകും.

സ്നേഹം നിറഞ്ഞ
കരവലയത്തിന്നുള്ളിൽ കിടന്ന് ജീവിത
വ്യഥകളെക്കുറിച്ചവൾ വാ തോരാതെ
പറയുന്നതും കേൾക്കണമെനിക്കു.

അവളോടുളള ആസക്തിയാൽ എന്റെ
ഹൃദയമുണരുമ്പോൾ
പ്രായത്തിന്റെ
ബലഹീനതയെക്കുറിച്ചോർത്തു അവൾ
നിസ്സഹായയാകും.
ആ നിമിഷങ്ങളിലെന്റെ വിരലുകളിൽ
അവൾ ഉന്മാദിനിയാകും…
ഞാനവളെ പ്രണയ പ്രപഞ്ചത്തിന്റെ
ലയഭാവങ്ങളിലേക്ക് ക്കൂട്ടിക്കൊണ്ടു
പോകും.
നിലാവിനെയും നക്ഷത്രങ്ങളെയും
ഇതുവരെയാരും കൂട്ടിയിണക്കാത്ത
അക്ഷരങ്ങൾ കൊണ്ടു അവളുടെ
ഹൃദയത്തിൽ ഞാൻ എഴുതി
വെയ്ക്കും.

ഞാനിതുവരെ
അനുഭവിക്കാത്ത
മനോഹരപ്രണയത്തിൽ
ഞാനവളിലേക്കും
അവളെന്നിലേക്കും
ഒഴുകിക്കൊണ്ടേയിരിക്കും.

വീണ്ടും പുതിയ പ്രഭാതം പിറക്കും.
എനിക്കുമവൾക്കും മാത്രമായി
പ്രപഞ്ചത്തിൽ പ്രണയത്തിന്റെ
പൂക്കൾ കൊഴിയാത്തൊരു
വസന്തം വിരുന്നുവരും.

അവളും ഞാനുമൊന്നാണെന്നു ചൊല്ലി
ഒരിടവപ്പാത്തി ആർത്തു പെയ്യുമ്പോൾ,
ഞങ്ങളീ മണ്ണിൽ ഒന്നായി അലിഞ്ഞു
ചേർന്നിട്ടുണ്ടാകും.

അജി എസ്സ് കൊല്ലം.✍

RELATED ARTICLES

Most Popular

Recent Comments