Sunday, December 22, 2024
Homeഅമേരിക്കസമാധാനം നൽകുന്ന ക്രിസ്തുമസ്സ് ✍മോൻസി കൊടുമൺ

സമാധാനം നൽകുന്ന ക്രിസ്തുമസ്സ് ✍മോൻസി കൊടുമൺ

മോൻസി കൊടുമൺ

മഞ്ഞു പൊഴിയുന്ന പാതിരാ വേളയിൽ ലോകം നിദ്രയിലാണ്ട നേരം കാലിത്തൊഴുത്തിൽ ഭൂജാതനായ രാജാധിരാജൻ തൻ്റെ എളിമ പകർന്നുകൊണ്ട് സ്വർഗ്ഗത്തിൽ നിന്നും മണ്ണിലേക്കിറങ്ങി വന്ന സുന്ദര സുദിനമാണല്ലോ ക്രിസ്തുമസ്സ്. തന്റെ തിരുപ്പിറവി മലാഖമാർ ആദ്യം അറിയിച്ചത് ആട്ടിടയരെ ആയിരുന്നല്ലോ. നിഷ്കളങ്കരും ലളിത ജീവിതം നയിക്കുന്ന വരുടേയും ഹൃദയത്തിലാണ് യേശു കുടികൊള്ളുന്നത് എന്ന് ഇതിൽ നിന്നും നാം മനസ്സിലാക്കുവാൻ സാധിക്കും .

പരസ്പര സ്നേഹവും ലളിത ജീവിതവും നയിക്കുന്നവർക്ക് യേശു ഹൃദയത്തിൽ എന്നും ജനിക്കുമെന്നതിൽ തർക്കമില്ല . അവർ സമാധാനവും ശാന്തിയും സന്തോഷവും കണ്ടെത്തുന്നതായി നാം കാണുന്നു. അതുകൊണ്ടാണ് വചനം പറയുന്നത് ” അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സൻമനസ്സുള്ളവർക്ക് സമാധാനവും ഉണ്ടാകട്ടെ”.

ഈ തിരുപ്പിറവി ദിനത്തിൽ പലർക്കും ഉറക്കം നഷ്ടപ്പെട്ടതായി നാം കാണുന്നുണ്ട്. ഒന്ന് ആട്ടിടയർക്ക് പക്ഷെ പാതിരാത്രിയി ത്തന്നെ അവർ യേശുവിനെ കണ്ട് കുമ്പിട്ട് ആരാധിച്ചപ്പോൾ നഷ്ടപ്പെട്ട ഉറക്കത്തിനു പകരമായി നിത്യ സമാധാനവും സന്തോഷ ജീവിതവും ലഭിക്കയുണ്ടായി. നമുക്ക് സമാധാനം ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരി ക്കുന്നു .

ഇവിടെ ഹേറോദേസിനും തന്റെ സമാധാനവും ഉറക്കവും നഷ്ടപ്പെട്ടിരിക്കുന്നു. യഹൂദൻമാരുടെ രാജാവായി ഒരു ശിശു ജനിച്ചിരിക്കുന്നതിനാൽ തന്റെ പരമ്പരാഗതമായ സിംഹാസനങ്ങൾക്കും അനന്തര അവകാശികൾക്കും സിംഹാസനങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയത്താൽ രണ്ടു വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളേയും കൊല്ലുവാൻ ഉത്തരവിട്ടു. രക്തത്തിൽ പിടഞ്ഞു വീണു മരിച്ചു കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെക്കണ്ട് അവൻ്റെ സമാധാനം എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു .
അധികാരവും പണവും സിംഹാസനങ്ങളും കൊട്ടാരങ്ങളും ഉണ്ടായിരുന്നാലും ഇതുപോലെ പലർക്കും ഈ ലോകത്ത് സമാധാനവും ശാന്തിയും സന്തോഷവും നഷ്ടപ്പെടുന്ന കാഴ്ച അതിദയനീയം .

ഈ ക്രിസ്തുമസ്സ് സുദിനത്തിൽ പരസ്പരസ്നേഹം, കരുണ, പരോപകാരം ഇവ നാം ജീവിതത്തിൽ കാട്ടുന്നില്ലെങ്കിൽ ക്രിസ്തുമസ്സ് വെള്ളത്തിൽ വരച്ച വരപോലെ യാകുമെന്നതിൽ തർക്കമില്ല . മാത്രമല്ല നാം പണിതുകൂട്ടിയ ദീപാലങ്കാരങ്ങൾക്കോ , വലിയ നക്ഷത്ര വിളക്കിനോ, ക്രിസ്തുമസ്സ് കേക്കുകൾക്കോ, ആടിത്തിമിർത്തു പാടിയ ക്രിസ്തുമസ്സ് കരോളുകൾക്കോ ദൈവം യതൊരു വിലയും കാട്ടുകയില്ലെന്നുള്ള നഗ്നസത്യം നാം മനസ്സിലാക്കു ന്നത് നന്നായിരിക്കും .

ആദിമാതാപിതാക്കൾ ചെയ്ത പാപം തീർക്കുവാനാണല്ലോ ദൈവപുത്രൻ മനുഷ്യനായി വിണ്ണിൽ നിന്നും മണ്ണിലേക്ക് ഭൂജാതനായത് . അതായത് മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പുന: സ്ഥാപിക്കുന്നതിനാണ് എന്ന് ചുരുക്കം.
അങ്ങനെയെങ്കിൽ നമ്മുടെ തകർന്നു പോയ സ്നേഹബന്ധങ്ങളും കൂട്ടായ്മകളും പുന:സ്ഥാപിക്കുവാൻ ഈ തിരുപ്പിറവി ഉപകരിക്കട്ടെ. വിരോധങ്ങൾ പറഞ്ഞു തീർക്കുവാനും സമ്മാനങ്ങൾ പങ്കിട്ട് സമാധാനം തിരികെക്കൊണ്ടു വരുവാനും നമ്മുടെ മനസ്സുകളിൽ വീണ്ടും പുൽക്കൂടുകൾ ഉയർന്ന് ശാന്തിയുടെ നക്ഷത്ര വിളക്കുകൾ തെളിയിക്കാം .

എല്ലാവർക്കും ക്രിസ്തുമസ്സിൻ്റെയും പുതുവൽസരത്തിൻ്റെയും ആശംസകൾ ..

മോൻസി കൊടുമൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments