Thursday, December 26, 2024
Homeഅമേരിക്കപ്രൊഫസ്സർ കോശി തലയ്ക്കൽ തനി കാവ്യ യോഗിയല്ലാതെന്തെന്ന് പുസ്തക പ്രകാശന വേള.

പ്രൊഫസ്സർ കോശി തലയ്ക്കൽ തനി കാവ്യ യോഗിയല്ലാതെന്തെന്ന് പുസ്തക പ്രകാശന വേള.

ഫിലഡൽഫിയ: പ്രശസ്ത വാഗ്മിയും കവിയും നിരൂപകനും കഥാകാരനും ഗാന രചയിതാവുമായ പ്രൊഫസർ കോശി തലയ്ക്കൽ, പ്രഥമമായും, തനി കാവ്യ യോഗിയാണെന്ന്, ആ ഗുരുശ്രേഷ്ഠൻ്റെ, മൂന്നു പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്ത വേളയിൽ, അനുവാചകാസ്വാദക സമൂഹം, ആഹ്ളാദപൂർവം അഭിപ്രായപ്പെട്ടു. ഏറെ വിലമതിയ്ക്കേണ്ട, കോശി തലയക്കൽ എന്ന സർഗവൈവിദ്ധ്യസമ്പത്തിനെ, പക്ഷേ, അമേരിക്കൻ മലയാളി സമൂഹം, അതേഗൗരവത്തിൽ, സർഗ മേഖലകളിൽ ആദരിച്ച്, കൂടുതൽ കൂടുതൽ ഫലകരമായി പ്രയോജനപ്പെടുത്തുന്നതിന്, വിജയിച്ചിട്ടില്ലാ എന്നും, പ്രസംഗകർ പതാരം പറഞ്ഞു.

ആത്മീയ ബിന്ദുക്കൾ, പഞ്ചവർണ്ണ കഥകൾ, കുരിശിലെ മൊഴികൾ എന്നീ മൂന്നു പുസ്തകങ്ങളാണ് (ട്രിലജി- രചനാത്രയം) പ്രകാശനം ചെയ്തത്. കുരിശിലെ മൊഴികൾ എന്ന പുസ്തകം ഫാ. എം കെ. കുര്യാക്കോസ്, ശ്രീമതി. മേരി ജോസഫിന് നൽകി, പ്രകാശനം നിർവഹിച്ചു. ആത്മീയ ബിന്ദുക്കൾ എന്ന കൃതി, ഡോ. ക്രിസ്റ്റഫർ കുര്യൻ, ശ്രീ. ബെന്നി നെച്ചൂറിനു നൽകി, പ്രസാധനം ചെയ്തു. പഞ്ചവർണ്ണ കഥകൾ എന്ന രചനാ സമാഹാരം, നോവലിസ്റ്റ് എം പി ഷീല, നർത്തകി നിമ്മീ ദാസിന് കൈമാറി വെളിച്ചം കാണിച്ചു. ജോർജ് നടവയൽ പുസ്തക പരിചയം നിർവഹിച്ചു.

“പുരോഹിതൻ”, “രാജാവ്”, “മനുഷ്യപുത്രൻ”, ” കുഞ്ഞാട്`”, “പ്രവാചകൻ”, “ജയാളി”, ” മദ്ധ്യസ്ഥൻ”, “അനന്തരം” എന്നിങ്ങനെ വിവിധ രചചനകൾ “കുരിശിലെ മൊഴികൾ” എന്ന പുസ്തകത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. രചനയുടെ വര പ്രസാദം കൊണ്ട്, ശ്രദ്ധേയമായ കൃതിയാണിത്. ഉദാര സൗന്ദര്യ പ്രതീകമായ കുരിശിലെ നിണച്ചാലിനൊപ്പം, ഉരുകിയൊഴുകിയ സപ്തമന്ത്രമാണ് ഈ പുസ്തകത്തിലുള്ളത്. ഭാഷയോ, അതീവ കാവ്യ സുന്ദരം. ഈ ഒരൊറ്റകൃതിയിലൂടെ, പ്രൊഫസർ കോശി തലയ്ക്കലിൻ്റെ രചനാ സൗകുമാര്യം, അമേരിക്കയിൽ ജീവിക്കുന്ന മലയാളിയുടെ, കോവിഡാനന്തര ഘട്ടത്തിലെ ഏറ്റം സുന്ദരമായ കൃതി ഏതെന്ന ചോദ്യത്തിന്, ഉത്തരം കുറിക്കുന്നു.

“ആത്മീയ ബിന്ദുക്കൾ”എന്ന കൃതി, “നാം കുമ്പിടുക”, “ടെഹ്റാനിലെ കൊട്ടാരം”, “വേണം സർഗാത്മക വിശ്വാസം”, “ചരിത്രം സാക്ഷി, കാലം സാക്ഷി”, “അബ്ശലോം പഠിപ്പിക്കുന്ന പാഠം”, “മൈക്കിൾ ജാക്സൺ”, “വിധിയുടെ വികൃതി”, ഹത്ഷേപ്‌സത്ത്”, “തിയോളജിയാ ക്രൂസിസ്”, “ഉദയവും അസ്തമയവൂം”, “നൊസോമി”, “ദൈവം സഹയാത്രികനാകുന്ന യാത്രയാകട്ടേ”, “സംവത്സരങ്ങളെ നന്മ കൊണ്ട് അലങ്കരിക്കുന്നവൻ”, “ഡാവിഞ്ചിയുടെ ജീവിതത്തിൽ നിന്ന്”, “ഓർണിത്തോളജി”, “സർവമതഭക്തന്മാർ”, “സമഗ്രത നഷ്ടപ്പെടുന്ന സത്യവേദ പുസ്തകം”, “ഹെറസ്സി”, ഘർവാപസ്സി”, ” “പ്രാന്തവത്ക്കരിക്കപ്പെടുന്ന ദൈവപുത്രൻ”, ” കാടുകയറുന്ന ആത്മീയ സമസ്യകൾ”, “കോഹിലിയും മാണിക്യവും”, “പിതൃബിംബം തേടുന്ന യുവത്വം”, “കാറ്റത്തെ തൂവൽ”, “ആത്മീയതകളുടെ സന്ദിഗ്ദ്ധതകൾ”, “സുതാര്യത”, ” അരുത്, ദൈവത്തെ പഴിക്കരുത്”, “വിശുദ്ധ ജോസഫ്, ആലപിക്കപ്പെടാത്ത ഒരു ക്രിസ്തുമസ് ജീവിതം”, “രാജാധിരാജാവ് എഴുന്നെള്ളിയത്”, ” ഉത്ഥിതനായ യേശുവിനൊപ്പം” എന്ന തലക്കെട്ടുകളിൽ മുപ്പതു അതിഗഹന പ്രമേയങ്ങളുടെ ലളിതോദാരമായ, തേൻ തുളുമ്പുന്ന, കാവ്യ പുഷപങ്ങൾ, അഥവാ ഒരിക്കലും വാടാത്ത പൂവുകൾ വിരിഞ്ഞു, താനേ നൃത്തം വയ്ക്കുന്ന, ഒരു പുഷ്പകോദ്യാനം പോലെ, വശ്യസുന്ദരം.

വർത്തമാനകാല ജീവിതാവസ്ഥകളെയും ബൈബിൾ സന്ദർഭങ്ങളെയും കോർത്തിണക്കി, മനനത്തിൻ്റെ ആഴങ്ങളിലേയ്ക്ക് നയിക്കുന്ന ആത്മീയ സംവാദങ്ങളായ ഈ രചനകൾ, ഹൃദയ കവാടം കടന്ന് ഉള്ളിനെ ഉണർത്തുന്ന നീഹാരബിന്ദുക്കളാകുന്ന, പരിവർത്തനത്തിൻ്റെ അനുഭവവും, ഭാഷയുടെ വര പ്രസാദവും പേറി, വിലമതിക്കാനാവാത്ത ഉപഹാരമായി മാറുന്നതെങ്ങനെയെന്ന് വായിച്ചനുഭവിച്ചാലേ മതിയാകൂ.

“പഞ്ച വർണ്ണ കഥകൾ” എന്ന കൃതിയാകട്ടെ, ഇളം മനസ്സുകൾക്ക് പാലമൃതൂട്ടുന്ന അമ്മമനസ്സിൻ്റെ മൃദുത്വത്തോടെയും, ഗുരുകുലാധിപൻ്റെ അദ്ധ്യാപന സിദ്ധികളോടെയും, ജീവിത പരിവർത്തനത്തിൻ്റെ അനന്ത വിഹായസ്സിലേയ്ക്ക്, കുട്ടികളെയും, ഒപ്പം മുതിർന്നവരെയും ഒരേ പോലെ കൂട്ടിക്കൊണ്ടു പോകുന്ന പതിനൊന്നു കഥകളുടെ സമാഹരമാണ്. “വഴി വിളക്ക്”, ” മുന്ന എന്ന ശാസ്ത്രജ്ഞൻ”, ” പഞ്ചവർണ്ണക്കിളി”, ” ചിന്നു”, ” നിയോ ബൂട്ടോ പറഞ്ഞ കഥ”, ” ഒരു അഗ്നി ബാധയുടെ കഥ”, ” മരണത്തിൻ്റെ നിഴലിലെ പ്രകാശ താരം”, ” സ്വർഗത്തിൻ്റെ അൾത്താര”, ” ഓർഫിയസ്സും യൂറിഡിസും ഒരു വീണയും”, ” മനുഷ്യത്വം കാട്ടിയ കാട്ടുകൊമ്പൻ”, ” അഗ്നി നാളങ്ങളിൽ ഒരു ക്രിസ്തുമസ് നക്ഷത്രം” എന്നിവയാണ് പഞ്ച വർണ്ണ കഥകളിലെ കഥകൾ. ” ഹൃദയത്തിൻ്റെ ആർദ്ര തലങ്ങളിലൂടെ, ചിന്താ മണ്ഡലങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന കഥകളുടെ കർമ വ്യാപാരം” എന്നതാണ് ഈ കൃതിയുടെ അനന്യത.

അനശ്വരാ ഓഫ്സെറ്റ് , കൊച്ചി, സി എം എസ് പ്രസ്സ്, കോട്ടയം എന്നിവിടങ്ങളിലാണ് അച്ചടി നിർവഹിച്ചത്. സി എസ് എസ് എസ് ബുക്സ്, ഡയോസിസൻ പബ്ളിക്കേഷൻസ് കോട്ടയം എന്നിവർ പ്രസാധർ.

റവ. ടി റ്റി സന്തോഷ് ( വികാർ സി എസ് ഐ ചർച്ച്, ഫിലഡൽഫിയാ) നയിച്ച പ്രാർത്ഥനവചസ്സുകളോടെയാണ് യോഗം ആരംഭിച്ചത്. റവ. പി ജെ ജോസഫ് ( വികാർ, എമ്മാനുവേൽ സി എസ് ഐ ചർച്, ഫിലഡൽഫിയാ) അദ്ധ്യക്ഷനായിരുന്നു. റവ. മോഡയിൽ ഫിലിപ്,, വിൻസൻ്റ് എമ്മാനുവേൽ, ജോസഫ് മാത്യൂ, ജോർജ് ഓലിക്കൽ, ചെറിയാൻ ഏബ്രഹാം, നൈനാൻ മത്തായി എന്നിവർ അസ്വാദന പ്രസംഗങ്ങൾ നടത്തി. സി ഡാനിയേൽ അനുഗ്രഹ ഗാനാലാപം ചെയ്തു. പ്രൊഫസർ കോശി തലയക്കൽ രചിച്ച ഗാനങ്ങൾ, റൈസ് കോശിയുടെ നേതൃത്വത്തിലുള്ള, ചെറുബിയം ഗാനാലാപ ടീം ആലപിച്ചു.

പ്രൊഫസർ കോശി തലയ്ക്കൽ സ്വാഗതവും , ചെയ് സ് കോശി നന്ദിയും പറഞ്ഞു. കുമാരി ഹന്നാ ജോൺ, ഹോസ്റ്റ് ആയി, യോഗനടപടികൾ നിയന്ത്രിച്ചു. ഫിലഡൽഫിയയിലെ വിവിധ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർ പുസ്തക പ്രകാശന യോഗത്തിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.

പി ഡി ജോർജ് നടവയൽ

RELATED ARTICLES

Most Popular

Recent Comments