ഡാളസ്: അമേരിക്കയിലെ ഡാളസിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൻ്റെ (നേരത്തെ ബിലീവേഴ്‌സ് ചർച്ച്) സ്ഥാപക മെട്രോപൊളിറ്റൻ മാർ അത്തനേഷ്യസ് യോഹാൻ (ബിഷപ്പ് കെ പി യോഹന്നാൻ – 74) അമേരിക്കയിലെ ഡാളസിൽ വച്ച് അന്തരിച്ചു.
ചർച്ചിന്റെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിനു സമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യൻ സമയം ചൊവ്വാഴ്‌ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.
ഉടൻതന്നെ ഹെലികോപ്റ്ററിൽ ഡാലസിലെ മെത്തഡിസ്റ്റ് ആശുപ്രതിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം സഭാ വിശ്വാസികളെ കണ്ണീരിലാഴ്ത്തി.
കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാൻ്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്‌സ് ചർച്ച് എന്ന സഭയ്ക്ക് രൂപം നൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ ബിലീവേഴ്സ് ഹോസ്പിറ്റൽ എന്നറിയപ്പെടുന്ന മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്‌പർശമായി.
അഞ്ചു ദിവസംമുൻപാണ് മെത്രാപ്പോലീത്ത അമേരിക്കയിൽ എത്തിയത്. 300 ഏക്കർ വിസ്തൃതിയിലുള്ള ഭദ്രാസനത്തിനകത്തായിരുന്നു സാധാരണ രാവിലെ നടക്കാറുണ്ടായിരുന്നത്.