കാലിഫോര്‍ണിയ: ബഹിരാകാശത്തെ സാന്‍റാക്ലോസുമാരായി സഞ്ചാരികളായ സുനിത വില്യംസും ഡോൺ പെറ്റിറ്റ്. ക്രിസ്തുമസിന് മുന്നോടിയായാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) സാന്‍റാമാരായി മാറിയത്. നാസ തിങ്കളാഴ്ച ഡ്രാഗണിന്‍റെ കാർഗോ ഡെലിവറിയിലൂടെ ക്രൂവിനുള്ള സപ്ലൈകളും ക്രിസ്‌തുമസ് സമ്മാനങ്ങളും എത്തിക്കുകയായിരുന്നു. ഇരുവരും സാന്‍റായുടെ തൊപ്പി അണിഞ്ഞ് ചിരിച്ചുനിൽക്കുന്ന ചിത്രം മറ്റൊരു ദിവസമെന്ന ക്യാപ്ഷനോടെ നാസ എക്സിൽ പങ്കുവെച്ചു. കൂടാതെ കൊളംബസ് ലബോറട്ടറി മൊഡ്യൂണിൽ വെച്ച് ഹാം റേഡിയോയിൽ സംസാരിക്കുന്ന ചിത്രമെന്ന കൂട്ടിച്ചേർക്കലുമുണ്ട്.
നേരത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ‘താങ്ക്സ്-ഗിവിങ്’ ആഘോഷമാക്കിയ സുനിത വില്യംസിന്‍റെ വീഡിയോ ശ്രദ്ധേയമായിരുന്നു. ആറ് മാസത്തിലധികമായി മൈക്രോഗ്രാവിറ്റിയിൽ ജീവിക്കുകയും ജോലി ചെയ്യുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നവരാണ് സുനിതയും സംഘവും. സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വിൽമോറും ആരംഭിച്ചെങ്കിലും വീണ്ടും നിരാശ വാര്‍ത്തയുണ്ട്.
2025 ഏപ്രില്‍ മാസമാകും സുനിതയും ബുച്ചും ബഹിരാകാശത്ത് നിന്ന് യാത്ര തിരിക്കുക. ഫെബ്രുവരിയില്‍ നിശ്ചയിച്ചിരുന്ന മടങ്ങിവരവ് വീണ്ടും വൈകുകയായിരുന്നു. 2024 ജൂണിൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്.
മുൻപും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ഐഎസ്എസില്‍ ദീർഘനാൾ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്‍റെ പരീക്ഷണാർഥം നിലയത്തിൽ എത്തിയ സുനിത വില്യംസിനും ബുച്ച് വിൽമോറിനും പേടകത്തിലെ സാങ്കേതിക തകരാർ കാരണം അതിൽ തിരിച്ചുവരാനായില്ല. ഇതിന് ശേഷമാണ് മടക്കം 2025 ഫെബ്രുവരിയിലേക്ക് നിശ്ചയിച്ചതും ഇപ്പോള്‍ ഏപ്രിലേക്ക് നീട്ടിയതും.