Monday, March 9, 2026
Homeഅമേരിക്കആത്മാവിൻ്റെ വിലാപം (കഥ) ✍ സജി. ടി. പാലക്കാട്

ആത്മാവിൻ്റെ വിലാപം (കഥ) ✍ സജി. ടി. പാലക്കാട്

ആ കിടക്കുന്നത് താനല്ലേ,
മോർച്ചറിയിലെ തണുത്ത ഇരുമ്പ് മേശയുടെ മുകളിൽ ..?
അതേ, അതു താൻ തന്നെ…..!
ഒരു നിമിഷം ഇടതു വശത്തെ മേശയിൽ കിടക്കുന്ന ശരീരത്തിലേക്ക് മിഴി പായിച്ചു..
ഇയാളെ കഴിഞ്ഞ ദിവസം കൂടി താൻ കണ്ടതാണല്ലോ, ട്രാഫിക് ബ്ലോക്കിൽ പെട്ടു കാറിലിരുന്നപ്പോൾ…..
വഴിയരികിൽ കിടക്കുന്ന പ്ലാസ്റ്റിക് കവറുകൾ ഓരോന്നായി സഞ്ചിയിൽ തിരുകി ഏതോ അപൂർവ്വ വസ്തു ലഭിച്ച സന്തോഷത്തോടെ ചിരിക്കുന്ന അയാളെ കണ്ടപ്പോൾ അവജ്ഞയാണ് തോന്നിയത്.

എത്രയോ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥനായ താനും തെരുവ് തെണ്ടിയായ ഭ്രാന്തനും ഒരു കയ്യകലത്തിൽ കിടക്കുന്നു….!

തൻ്റെ മരണ വാർത്ത അറിഞ്ഞ് ഭാര്യയും മകനും ഇപ്പോൾ അലമുറ ഇടുകയായിരിക്കും…!

നിമിഷനേരം കൊണ്ട് അയാൾ കൊട്ടാര സദൃശമായ വീട്ടിലെത്തി.വീടിന് പുറത്ത് പന്തലിട്ടിട്ടുണ്ട്.
​പന്തലിലെ മങ്ങിയ വെളിച്ചത്തേക്കാൾ കൂടുതൽ, ആളുകളുടെ മുഖത്ത് ഫോണിന്റെ സ്‌ക്രീനിൽ നിന്നുള്ള നീല വെളിച്ചമാണ് കാണുന്നത്. മിക്കവരുടെയും ​ വിരലുകൾ ഫോൺ സ്‌ക്രീനിൽ അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്നു. ചിലർ ചിരിച്ചുകൊണ്ട് ചാറ്റ് ചെയ്യുന്നു, മറ്റുചിലർ ഗൗരവത്തിൽ വീഡിയോകൾ കാണുന്നു.

വീടിനകത്തും കുറേ ആളുകൾ നിൽപ്പുണ്ട്. ചിലർ കസേരകളിൽ ഇരുന്ന് കുശലം പറയുന്നു. ആരുടെ മുഖത്തും സങ്കടത്തിൻ്റെ ലാഞ്ചന പോലുമില്ല. വില കൂടിയ ആഡംബര വാഹനങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും പായുമ്പോൾ താൻ ഇവരെ ആരെയും ശ്രദ്ധിച്ചിട്ട് കൂടിയില്ല.

അകത്തേക്ക് ചെന്നപ്പോൾ ഭാര്യയുടെയും ഏക മകൻ്റെയും മുഖത്ത് നിർവ്വികാരത മാത്രം കണ്ടു…!
പുതിയ ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം കൂട്ടാനുള്ള തിരക്കിനിടയിൽ താനിവരുടെ മുഖത്ത് നോക്കിയിട്ട് തന്നെ കാലം എത്രയായി….!
മകൻ തൻ്റെ സഹായമില്ലാതെ തന്നെ മിടുക്കനായി പഠിച്ച് ഡോക്ടറായി. ഒരിക്കൽ പോലും അവനെ സ്നേഹത്തോടെ ‘മോനെ..’ എന്നൊന്ന് വിളിച്ചിട്ട് കൂടിയില്ല…!
അയാൾക്ക് അന്നാദ്യമായി സ്വയം വെറുപ്പ് തോന്നി.

അപ്പുറത്തെ മുറിയിൽ അമ്മയും കുഞ്ഞമ്മയും മക്കളും കട്ടിലിൽ ഇരിപ്പുണ്ട്.അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.എങ്കിലും മകൻ്റെ വേർപാട് അമ്മയെയും തളർത്തിയിട്ടില്ല എന്ന് തോന്നി.
താനൊരിക്കലും അമ്മയെ സ്നേഹത്തോടെ വിളിക്കുകയോ പെരുമാറുകയോ ചെയ്യാറില്ല എന്ന് പരാതി പറഞ്ഞു കൊണ്ടാണല്ലോ അമ്മ മൂത്ത സഹോദരൻ്റെ വീട്ടിലേക്ക് പോയത്. വെറുമൊരു സ്കൂൾ മാഷായ അയാളെ പോലെ അമ്മയെ പുന്നാരിക്കാൻ തനിക്ക് സമയമില്ലെന്ന് ഒരിക്കൽ അമ്മയോട് പറഞ്ഞത് ഓർമ്മ വന്നു. തൻ്റെ ചേട്ടനെ കണ്ടില്ലല്ലോ എന്നോർത്തതും അയാള് മുറിയിലേക്ക് വന്നു.അമ്മയുടെ തലയിലും മുഖത്തും തഴുകി ആശ്വസിപ്പിച്ചു കൊണ്ട് ചേട്ടൻ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ ചേട്ടൻ്റെ മുഖത്തും അനിയൻ മരിച്ചതിൻ്റെ ദുഃഖമൊന്നും കണ്ടില്ല. താൻ,തൻ്റെ അമ്മയെ സ്പർശിച്ചിട്ട് എത്ര നാളായി കാണും…!
പഠിച്ചു കൊണ്ടിരുന്നപ്പോൾ എപ്പോഴോ ആണെന്ന് തോന്നുന്നു.
പിന്നീട് പണത്തിനോടുള്ള ആർത്തി മൂത്ത് ഭ്രാന്ത് ആയപ്പോൾ താൻ എല്ലാവരെയും അവഗണിച്ചു.
ഒരു കണക്കിന് മോർച്ചറിയിൽ അടുത്ത് കിടക്കുന്ന ഭ്രാന്തനും താനും തമ്മിൽ എന്താണ് വ്യത്യാസം. അയാൾക്ക് സ്നേഹിക്കാൻ ആരുമില്ലാതെ ഭ്രാന്തനായി, താൻ സ്നേഹിക്കുന്നവരെ അവഗണിച്ച് പണത്തിന് പിന്നാലെ പോയി ഭ്രാന്തനായി.

ആ നിമിഷം അയാൾക്കൊന്ന് ഉറക്കെ കരയണമെന്ന് തോന്നി.പക്ഷേ ശരീരമില്ലാത്ത ആത്മാവിന് എങ്ങിനെ കരയാൻ കഴിയും…!

നിസ്സഹായതയിൽ അയാള് ഇനിയുമൊരു മനുഷ്യ ജന്മത്തിനായി ഈശ്വരനോട് കേണു..
ശരീരമുള്ളപ്പോൾ ഒരിക്കൽപോലും ഈശ്വരനെ വിളിക്കാത്ത അയാളുടെ പ്രാർത്ഥന , ഈശ്വരൻ കേൾക്കുമോ ആവോ?

സജി. ടി. പാലക്കാട്✍

RELATED ARTICLES

3 COMMENTS

  1. ലോക ജീവിത നശ്വരതയെ സത്യസന്ധമായി വരച്ചിട്ടിരിക്കുന്നു. വെട്ടിപ്പിടിക്കാനുള്ള ഓട്ടപ്പാച്ചിലിൽ പരിഗണിക്കപ്പെടേണ്ട പലതിനെയും മറന്നു കളയുമ്പോൾ തിരിച്ചടി മരണത്തിൽ തിരിച്ചറിഞ്ഞിട്ടു കാര്യമില്ല .

    എല്ലാവരു ചിന്തിക്കേണ്ട ഒരു ആശയം നന്നായി എഴുതി.

Leave a Reply to Romy Benny Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com