വന്‍തുക മുടക്കി ഇസ്രയേലി സൈബര്‍ സുരക്ഷ സ്റ്റാര്‍ട്ട്അപ്പായ ‘വിസി’നെ ഗൂഗിള്‍ ഏറ്റെടുക്കാനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഗൂഗിളുമായുള്ള ഏറ്റെടുക്കല്‍ ചര്‍ച്ചകളില്‍നിന്ന് വിസ് പിന്‍മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2300 കോടി ഡോളറാണ് (1,92,154 കോടി രൂപ) ഗൂഗിള്‍ ‘വിസി’ന് വാഗ്ദാനം ചെയ്തത്. ഇടപാട് നടന്നിരുന്നുവെങ്കില്‍ ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായി ഇതു മാറുമായിരുന്നു. വിസ്സിനുള്ളില്‍ പ്രചരിച്ച ഒരു കുറിപ്പിനെ അടിസ്ഥാനമാക്കി സിഎന്‍എന്‍ ആണ് വിസ് ചര്‍ച്ചകളില്‍നിന്ന് പിന്‍മാറിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ഇനിഷ്യല്‍ പബ്ലിക് ഓഫറിങ്ങിലും വ്യവസായം വളര്‍ത്തുന്നതിനായി 100 കോടി ഡോളര്‍ വാര്‍ഷിക വരുമാനം കണ്ടെത്തുന്നതിലുമാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധചെലുത്തുന്നതെന്ന് വിസ് സി.ഇ.ഒ. അസാഫ് റാപ്പപോര്‍ട്ട് പറഞ്ഞു. ‘ഏറ്റെടുക്കല്‍ സാധ്യതയുമായി ബന്ധപ്പെട്ട ബഹളങ്ങളില്‍ അതിതീക്ഷ്ണമായിരുന്നു കഴിഞ്ഞയാഴ്ച എന്ന് ഞാന്‍ മനസിലാക്കുന്നു. ലഭിച്ച വാഗ്ദാനങ്ങളില്‍ ഞങ്ങള്‍ ആഹ്ലാദിക്കുന്നുവെങ്കിലും വിസിനെ നിര്‍മിക്കുന്നതിനുള്ള പാതയില്‍ തുടരാനുള്ള തീരുമാനമാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.’ റാപ്പപോര്‍ട്ട് പറഞ്ഞു.
ഇങ്ങനെ ഒരു വാഗ്ദാനം വേണ്ടെന്ന് വെക്കുക പ്രയാസകരമാണ്, എന്നാല്‍ വേറിട്ടുനില്‍ക്കുന്ന ഞങ്ങളുടെ ടീമിനൊപ്പം ഈ തീരുമാനമെടുക്കുന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അദ്ദേഹം പറഞ്ഞു. ഗൂഗിളും വിസ്സും ഏറ്റെടുക്കല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്തിയിരുന്നില്ല. വിസ്സില്‍ നിന്നുള്ള കുറിപ്പില്‍ ഏറ്റെടുക്കലില്‍നിന്ന് പിന്‍മാറിയെന്ന് റാപ്പപോര്‍ട്ട് പറയുന്നുണ്ടെങ്കിലും ഗൂഗിളിന്റെ പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ല.
ഈ വര്‍ഷം ആദ്യം വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരില്‍നിന്ന് വിസ് 100 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളും വിസും തമ്മിലുള്ള ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. 2012 ല്‍ മോട്ടോറോളയെ ഗൂഗിള്‍ ഏറ്റെടുത്തതാണ് കമ്പനി നടത്തിയ ഏറ്റവും വലിയ ഇടപാട്. 1250 കോടി ഡോളറിനായിരുന്നു ഈ ഏറ്റെടുക്കല്‍. പിന്നീട് 2014-ല്‍ വന്‍ നഷ്ടത്തില്‍ 691 കോടി ഡോളറിന് മോട്ടോറോളയെ ഗൂഗിള്‍ വില്‍ക്കുകയും ചെയ്തു. മോട്ടോറളയ്ക്കായി ചെലവാക്കിയ തുകയുടെ ഇരട്ടിയോളം വിലയ്ക്കാണ് ഗൂഗിള്‍ വിസ് ഏറ്റെടുക്കാന്‍ തയ്യാറായത്.