ബഹ്റൈനിൽ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 29 വയസ്സുകാരിയായ സ്വദേശി വനിത കൊല്ലപ്പെട്ടു. മനാമയിലും
സിത്രയിലുമായി നടന്ന ആക്രമണ പരമ്പരകളിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കം നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മനാമയിലെ താമസ കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിലാണ് 29-കാരിക്ക് ജീവൻ നഷ്ടമായത്.
എട്ടുപേർക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്. രാജ്യത്തിന് നേരെയുണ്ടായ നഗ്നമായ കടന്നുകയറ്റമാണിതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമമായ എക്സിലൂടെ (ട്വിറ്റർ) പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ അപലപിച്ചു.



