കോഴിക്കോട് നാദാപുരം ജാതിയേരിയില്‍ വിവാഹസംഘങ്ങൾ തമ്മിൽ ഏറ്റമുട്ടി. വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെയായിരുന്നു ആക്രമണം. സംഭവത്തിൽ കാറിലുണ്ടായിരുന്ന 7 മാസം പ്രായമുള്ള കുഞ്ഞിനുൾപ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് വിവാഹസംഘത്തില്‍പ്പെട്ട ആളുകള്‍ തമ്മിലാണ് തർക്കമുണ്ടായത്. മുന്നില്‍ പോയ ഒരു വിവാഹസംഘത്തിന്റെ കാറിനു പിന്നിൽ മറ്റൊരു വിവാഹസംഘം സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടായി. മുന്നിലുണ്ടായിരുന്ന കാറിന്റെ ചില്ല് പിന്നിലെ കാറിലുണ്ടായിരുന്നവര്‍ അടിച്ചുതകര്‍ത്തു.
ആ കാറിലുണ്ടായിരുന്ന ഏഴുമാസം പ്രായമുളള കുഞ്ഞിന് ചില്ല് ദേഹത്ത് തെറിച്ച് പരിക്കേറ്റു. സംഘര്‍ഷത്തില്‍ കുഞ്ഞിനെക്കൂടാതെ മൂന്നുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അബിന്‍, അബിന്റെ സഹോദരി, സഹോദരീഭര്‍ത്താവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.



