ബംഗളുരു: കർണാടക മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ സഞ്ചച്ചിരുന്ന കാർ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. ബെൽഗാവി ജില്ലയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. മന്ത്രിക്ക് നിസാര പരിക്കുകൾ മാത്രമേയുള്ളൂ.
റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരു നായയെ രക്ഷിക്കാനായി മന്ത്രിയുടെ ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. രാവിലെ അഞ്ച് മണിയോടെ കിറ്റൂരിന് സമീപമുള്ള ഹൈവേയിൽ വെച്ചാണ് അപകടം സംഭവിച്ചത്.
മന്ത്രി സഞ്ചരിച്ചിരുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും തകർന്നതായി ചിത്രങ്ങളിൽ കാണാം.
കാറിലെ കർട്ടൻ എയർ ബാഗുകൾ ഉൾപ്പെടെ ആറ് എയർ ബാഗുകളും പുറത്തുവന്ന നിലയിലാണ്.
സിദ്ധരാമയ്യ സർക്കാറിൽ വനിത-ശിശു ക്ഷേമ വകുപ്പ് മന്ത്രിയായ ലക്ഷ്മി ഹെബ്ബാൽകർ കഴിഞ്ഞ ദിവസം വൈകുന്നേരം ബംഗളുരുവിൽ വെച്ചു നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു.
സഹോദരനും കർണാടക എംഎൽസി അംഗവുമായ ചന്നരാജും അപകട സമയത്ത് വാഹനത്തിൽ ഒപ്പമുണ്ടായിരുന്നു.
മന്ത്രിക്ക് മുഖത്തും നടുവിനും ചെറിയ പരിക്കുകളാണുള്ളത്. സഹോദരന് തലയ്ക്ക് ചെറിയ പരിക്കുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.