സംസ്ഥാനത്തെ ഈ വർഷത്തെ റെക്കോർഡ് വർധനയിൽ സ്വർണ വില. പവന് 360 രൂപയാണ് ഇന്ന് കൂടിയത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 57,120 രൂപയാണ്. ഗ്രാമിന് 45 കൂടി 7140 രൂപയായി. ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയരുന്നത്.
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ .ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.
നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.