Sunday, November 17, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | മെയ് 01 | ബുധൻ ✍പ്രൊഫസ്സർ എ.വി....

“ഇന്നത്തെ ചിന്താവിഷയം” 2024 | മെയ് 01 | ബുധൻ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ജീവിതത്തിന്റെ വിലകെടുത്താനിടയാകരുത്
———————————————————————

ഒരു വ്യാപാരി ചന്തയിൽ നിന്നും ഏറ്റവും നല്ല കുതിരയെ നോക്കി വാങ്ങി, വീട്ടിലെത്തി. അയാളുടെ വേലക്കാരൻ കുതിരയെ പരിശോധിച്ചപ്പോൾ, അതിന്റെ ജിനിക്കുള്ളിൽ നിറയെ രത്നങ്ങൾ.അയാൾ സന്തോഷത്തോടെ വിവരം വ്യാപാരിയെ അറിയിച്ചു. പക്ഷെ, അദ്ദേഹത്തിൽ സന്തോഷമൊന്നും കണ്ടില്ല. വ്യാപാരി അവ കുതിരയെ വിറ്റ ആളിനു തിരിച്ചു നൽകാൻ തീരുമാനിച്ചു. ചന്തയിലെത്തി, അവ കൈമാറിയപ്പോൾ, വിൽപനക്കാരനേറെ സന്തോഷമായി. ഇഷ്ടമുള്ള ഒരു രത്നം എടുത്തുകൊള്ളാൻ അയാൾ വ്യാപാരിയോടു പറഞ്ഞുവെങ്കിലും അയാൾ വഴിപ്പെട്ടില്ല. പല തവണ നിർബ്ബന്ധിച്ചപ്പോൾ, അയാൾ പറഞ്ഞു: “ഈ സഞ്ചി ഇവിടെയെത്തിച്ചപ്പോൾ ഞാൻ എന്റേതായി രണ്ടു രത്‌നങ്ങൾ സൂക്ഷിച്ചിരുന്നു”എനിക്കവ മതി. പരിഭ്രാന്തനായ വില്പനക്കാരൻ രത്നങ്ങൾ മുഴുവൻ പരിശോധിച്ചിട്ടും, രത്നങ്ങളിൽ ഒന്നും നഷ്ടപ്പെട്ടതായി കണ്ടില്ല.അത്ഭുതത്തോടെ അയാൾ ചോദിച്ചു: “ഏതു രത്നങ്ങളാണു നിങ്ങൾ സൂക്ഷിച്ചത്” വ്യാപാരി പറഞ്ഞു: “സത്യസന്ധതയും, ആത്മാഭിമാനവും”

ഒരാൾ തനിക്കു നൽകിയിരിക്കുന്ന വിലയെന്ത് എന്നറിയാൻ അയാൾ ജീവിതത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ മതി. എല്ലാ സന്ധിചേരലിലും ഏറെ വിലയുള്ള ചില കാര്യങ്ങൾ പണയം വയ്ക്കേണ്ടി വരും. എന്തിനു വേണ്ടി പണയം വയ്ക്കുന്നുവെന്നതും, എന്തു പണയം വയ്ക്കുന്നുവെന്നതും കൂട്ടിച്ചേർത്തു വായിക്കുമ്പോൾ അയാളുടെ മതിപ്പുവില തെളിഞ്ഞുവരും.

പണത്തിനു വേണ്ടിയും അധികാരത്തിനു വേണ്ടിയും ഒത്തു തീർപ്പുകൾക്കു തയ്യാറാകുന്നവർ, താങ്ങുവിലയ്ക്കു പോലും അർഹരല്ല. സാഹചര്യങ്ങൾക്കനുസരിച്ചു സ്വഭാവമാറ്റം വരുന്നവർക്കെന്തു സ്വാഭിമാനം. അവരെയാരു വിശ്വസിക്കാൻ,
പ്രലോഭനങ്ങളോടുള്ള പ്രതികരണമാണ് ഒരാളുടെ മൂല്യം അളക്കാനുള്ള മാനദണ്ഡം. സ്വന്തം ദൗർബല്യങ്ങളെ മറികടക്കുകയെന്നതാണ്, മൂല്യം നഷ്ടപ്പെടാതെ ജീവിക്കുവാൻ ഉള്ളയേക മാർഗ്ഗം.

സർവ്വേശ്വരൻ സഹായിക്കട്ടെ
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments