കൊൽക്കത്ത; അവസാന പന്തുവരെ ത്രസിപ്പിച്ച പോരിൽ കൊൽക്കത്ത നെെറ്റ്റൈഡേഴ്സ്. ഐപിഎല്ലിൽ റൺമഴ പെയ്–ത കളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നാല് റണ്ണിന് തോൽപ്പിച്ചു.
അവസാന ഓവറിൽ 13 റണ്ണായിരുന്നു ഹെെദരാബാദിന് ജയിക്കാൻ. എന്നാൽ ഹർഷിത് റാണ എറിഞ്ഞ ഓവറിൽ എട്ട് റൺ നേടാനെ കഴിഞ്ഞുള്ളു. ഹെെദരാബാദിന് ജയം സമ്മാനിക്കുമെന്ന് തോന്നിച്ച ഹെൻറിച്ച് ക്ലാസെനെയും (29 പന്തിൽ 63) ഷഹബാസ് അഹമ്മദിനെയും (5 പന്തിൽ 16) പുറത്താക്കുകയും ചെയ്തു.
ഓൾറൗണ്ട് പ്രകടനം നടത്തിയ ആന്ദ്രേ റസ്സലാണ് കൊൽക്കത്തയുടെ വിജയശിൽപ്പി. എട്ടാമനായി ഇറങ്ങി 25 പന്തിൽ 64 റണ്ണടിച്ചു. ഏഴു സിക്‌സറും മൂന്നു ഫോറും ഇന്നിങ്സിൽ ഉൾപ്പെട്ടു. രണ്ട് വിക്കറ്റുമുണ്ട്. വെസ്‌റ്റിൻഡീസ് താരം റസ്സൽ 20 പന്തിലാണ് അർധസെഞ്ചുറി തികച്ചത്.
റസ്സലും റിങ്കു സിങ്ങും ചേർന്ന് ഏഴാംവിക്കറ്റിൽ 81 റണ്ണടിച്ചു. അവസാന അഞ്ച് ഓവറിൽ കൊൽക്കത്ത 85 റണ്ണടിച്ചുകൂട്ടി. റിങ്കു 15 പന്തിൽ മൂന്നു ഫോറിന്റെ പിന്തുണയിൽ 23 റൺ നേടി. രമൺദീപും തകർപ്പനടിയായിരുന്നു. നാലു സിക്‌സറും ഒരു ഫോറും കണ്ടെത്തിയ 17 പന്തിൽ 35 റൺ സ്വന്തമാക്കി. ഓപ്പണർ ഫിലിപ് സാൾട്ട് ( 40 പന്തിൽ 54) മികച്ച തുടക്കമാണ് നൽകിയത്. മറുപടിയിൽ ആറാം വിക്കറ്റിൽ 16 പന്തിൽ 58 റണ്ണടിച്ച ക്ലാസെൻ–ഷഹബാസ് കൂട്ടുകെട്ട‍് ഹെെദരാബാദിന് വിജയപ്രതീക്ഷ നൽകിയെങ്കിലും കൊൽക്കത്ത വിട്ടുകൊടുത്തില്ല.