Monday, May 6, 2024
Homeകായികംസൗഹൃദ ഫുട്ബോൾ : സ്‌പെയ്‌ൻ വീണു.

സൗഹൃദ ഫുട്ബോൾ : സ്‌പെയ്‌ൻ വീണു.

ലണ്ടൻ ;തുടർച്ചയായ ഒമ്പതാംജയം തേടിയിറങ്ങിയ സ്‌പെയ്‌നിന്‌ ചുവടുതെറ്റി. രാജ്യാന്തര സൗഹൃദ ഫുട്‌ബോളിൽ ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയോട്‌ ഒരുഗോളിന്‌ തോറ്റു. രണ്ടാംപകുതിയിൽ പ്രതിരോധക്കാരൻ ഡാനിയേൽ മുനോസാണ്‌ കൊളംബിയയുടെ വിജയഗോൾ നേടിയത്‌. ഇംഗ്ലണ്ടിലെ ലണ്ടൻ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ചൊവ്വാഴ്‌ച ബ്രസീലിനെ നേരിടാനൊരുങ്ങുന്ന സ്‌പെയ്‌നിന്‌ ഈ തോൽവി ആത്മവിശ്വാസം നഷ്‌ടപ്പെടുത്തും. 2016നുശേഷം ആദ്യമായാണ്‌ സ്‌പാനിഷ്‌ പട സൗഹൃദ മത്സരത്തിൽ തോൽക്കുന്നത്‌. ഇതാദ്യമായാണ്‌ കൊളംബിയ സ്‌പെയ്‌നിനെ തോൽപ്പിക്കുന്നത്‌. അവസാന 20 കളിയിൽ അജയ്യരാണ്‌ അവർ.

കൊളംബിയക്കെതിരെ പതിവുശൈലിയിലാണ്‌ സ്‌പെയ്‌ൻ കളിച്ചത്‌. പാസിലും പന്തടക്കത്തിലുമെല്ലാം ആധിപത്യം പുലർത്തി. എന്നാൽ, മുന്നേറ്റത്തിന്‌ മൂർച്ഛ കുറഞ്ഞു. ഹൊസെലു, അൽവാരോ മൊറാട്ട, മൈക്കേൽ ഒയർസബാൽ, ജെറാർഡ്‌ മൊറെനോ എന്നീ ഗോളടിക്കാരെല്ലാം അണിനിരന്നിട്ടും കാര്യമുണ്ടായില്ല. ലക്ഷ്യത്തിലേക്ക്‌ മൂന്നുതവണമാത്രമാണ്‌ പന്ത്‌ തൊടുക്കാനായത്‌. കൊളംബിയയാകട്ടെ കിട്ടിയ അവസരം മുതലാക്കി. ലൂയിസ്‌ ഡയസ്‌ നൽകിയ പന്താണ്‌ മുനോസ്‌ വലയിൽ എത്തിച്ചത്‌. മൂന്നുതാരങ്ങൾ സ്‌പെയ്‌നിനായി അരങ്ങേറ്റംകുറിച്ചു. റയൽ സോസിഡാഡ്‌ ഗോളി അലെക്‌സ്‌ റെമിറോ, അത്‌ലറ്റിക്‌ ബിൽബാവോ പ്രതിരോധക്കാരൻ ഡാനിയേൽ വിവിയൻ, ബാഴ്‌സലോണ പ്രതിരോധക്കാരൻ പൗ കുബാർസി എന്നിവർക്ക്‌ പരിശീലകൻ ലൂയിസ്‌ ഡെ ലാ ഫെന്റെ അവസരം നൽകി. ഇതിൽ 17 വയസ്സും 60 ദിവസവും പ്രായമുള്ള കുബാർസി സ്‌പെയ്‌ൻ പ്രതിരോധം കാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി.

മറ്റു മത്സരങ്ങളിൽ നെതർലൻഡ്‌സ്‌ നാലു ഗോളിന്‌ സ്‌കോട്ട്‌ലൻഡിനെ മുക്കി. സെനഗൽ 3–-0ന്‌ ഗബോണിനെയും ഇക്വഡോർ രണ്ടു ഗോളിന്‌ ഗ്വാട്ടിമാലയെയും നൈജീരിയ 2–-1ന്‌ ഘാനയെയും തോൽപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments