Monday, May 6, 2024
Homeകായികംപഞ്ചാബിന്‌ ‘ഇംഗ്ലീഷ് ജയം’ ; നാല്‌ വിക്കറ്റിന്‌ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു.

പഞ്ചാബിന്‌ ‘ഇംഗ്ലീഷ് ജയം’ ; നാല്‌ വിക്കറ്റിന്‌ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു.

മൊഹാലി ഇംഗ്ലീഷ്‌ ബാറ്റർമാർ പഞ്ചാബ്‌ കിങ്സിന്‌ ജയമൊരുക്കി. ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെ നാല്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. കളിയിലെ താരമായ സാം കറൻ 47 പന്തിൽ 63 റണ്ണെടുത്തു. ലിയം ലിവിങ്സ്‌റ്റൺ 21 പന്തിൽ 38 റണ്ണുമായി പുറത്താകാതെനിന്നു.

അനായാസമായാണ്‌ പഞ്ചാബ്‌ ലക്ഷ്യത്തിലേക്ക്‌ അടുത്തത്‌. മൂന്ന്‌ ഓവറിൽ 34 റണ്ണടിച്ച്‌ നിലപാട്‌ വ്യക്തമാക്കുകയും ചെയ്‌തു. ക്യാപ്‌റ്റനും ഓപ്പണറുമായ ശിഖർ ധവാൻ 16 പന്തിൽ 22 റണ്ണുമായി മടങ്ങി. ഇശാന്ത്‌ ശർമയെറിഞ്ഞ ഓവറിൽ സഹഓപ്പണർ ജോണി ബയർസ്‌റ്റോയും (9) പുറത്തായി. പ്രഭ്‌സിമ്രാൻ സിങ്ങും (26) സാം കറനും സ്‌കോർ ഉയർത്തി. അതിനിടെ, ബൗളർ ഇശാന്ത്‌ ശർമ കാലിന്‌ പരിക്കേറ്റ്‌ കളംവിട്ടത്‌ ഡൽഹിക്ക്‌ തിരിച്ചടിയായി. വിക്കറ്റ്‌കീപ്പർ ജിതേഷ്‌ ശർമ (9) വേഗം മടങ്ങി. തുടർന്നായിരുന്നു ഇംഗ്ലണ്ട്‌ ബാറ്റർമാരുടെ 67 റണ്ണിന്റെ കൂട്ടുകെട്ട്‌. വിജയത്തിന്‌ എട്ട്‌ റൺ അകലെ സാം കറൻ പുറത്തായി. അതിനിടെ, ആറ്‌ ഫോറും ഒരു സിക്‌സറുമടിച്ചു. ആദ്യപന്തിൽ ശശാങ്ക്‌ സിങ് പുറത്തായെങ്കിലും ലിവിങ്സ്‌റ്റന്റെ ബാറ്റിൽ പഞ്ചാബിന്റെ വിജയം ഉറപ്പായിരുന്നു. അതിനിടെ, ഹർപ്രീത്‌ ബ്രാറിന്റെ (2) ക്യാച്ച്‌ വാർണർ നഷ്ടപ്പെടുത്തി. സുമിത്‌കുമാർ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ ആറ്‌ റൺ വേണ്ടിയിരുന്നു. ആദ്യരണ്ട്‌ പന്തും വൈഡായി. അടുത്തതിൽ റണ്ണില്ല. തൊട്ടടുത്ത പന്തിൽ സിക്‌സർ പറത്തി ലിവിങ്സ്‌റ്റൺ വിജയം ആഘോഷിച്ചു.

സ്വാധീനതാരമായി കളത്തിലെത്തിയ അഭിഷേക്‌ പോറലാണ്‌ ഡൽഹിക്ക്‌ മികച്ച സ്‌കോർ സമ്മാനിച്ചത്‌. 10 പന്തിൽ 32 റൺ അടിച്ചുകൂട്ടി. ഹർഷൽ പട്ടേലിന്റെ അവസാന ഓവറിൽ മൂന്ന്‌ ഫോറും രണ്ട്‌ സിക്‌സറുമടക്കം 25 റണ്ണാണ്‌ ബംഗാളുകാരൻ സ്വന്തമാക്കിയത്‌. ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റെടുത്ത ഡൽഹിക്കായി ഓപ്പണർമാരായ ഡേവിഡ്‌ വാർണറും (29) മിച്ചൽ മാർഷും (20) നല്ല തുടക്കം നൽകി. ഷായ്‌ ഹോപും (33) അക്‌സർ പട്ടേലും (21) ഋഷഭ്‌ പന്തും (18) സ്‌കോർ ഉയർത്തി. എന്നാൽ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നത് തിരിച്ചടിയായി. ഇതോടെയാണ് ഒമ്പതാമനായി ഇറങ്ങി അഭിഷേക്‌ പോറൽ വെടിക്കെട്ട്‌ നടത്തിയത്. പഞ്ചാബിനായി അർഷ്‌ദീപ്‌ സിങ്ങും ഹർഷൽ പട്ടേലും രണ്ട്‌ വിക്കറ്റുവീതം വീഴ്‌ത്തി.

കഴിഞ്ഞ മൂന്ന് സീസണിലും ആദ്യ കളി ജയിച്ചശേഷം പിന്നോട്ട് പോകുന്ന പതിവാണ് പഞ്ചാബിന്റേത്. അവസാന വർഷം എട്ടാം സ്ഥാനത്താണ് ശിഖർ ധവാനും സംഘവും മതിയാക്കിയത്. ഇത്തവണ കന്നിക്കിരീടമാണ് ലക്ഷ്യം. 2014ൽ റണ്ണറപ്പായതാണ് മികച്ച നേട്ടം.നാളെ റോയൽ ചലഞ്ചേഴ‍്സ് ബംഗളൂരുമായാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ഡൽഹി 28ന് രാജസ്ഥാൻ റോയൽസിനെ നേരിടും.

കാത്തിരിപ്പിനൊടുവിൽ ഋഷഭ്‌ പന്ത്‌ രാജ്യാന്തര ക്രിക്കറ്റിൽ തിരിച്ചെത്തി. ഐപിഎല്ലിൽ പഞ്ചാബ്‌ കിങ്സിനെതിരെയാണ്‌ ഡൽഹി ക്യാപിറ്റൽസ്‌ ക്യാപ്‌റ്റന്റെ തിരിച്ചുവരവ്‌. കാറപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയ്ക്കും വിശ്രമത്തിനുംശേഷമാണ്‌ വീണ്ടും ബാറ്റെടുത്തത്‌. 453 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ്‌ വിക്കറ്റ്‌കീപ്പർ ബാറ്ററുടെ ‘അരങ്ങേറ്റം’.
ഓപ്പണർമാരായ മിച്ചൽ മാർഷും ഡേവിഡ്‌ വാർണറും പുറത്തായശേഷമാണ്‌ പന്ത്‌ ക്രീസിലെത്തിയത്‌. ഹർപ്രീത്‌ ബ്രാർ എറിഞ്ഞ ഒമ്പതാംഓവറിലാണ്‌ തുടക്കം. ആദ്യപന്തിൽ റണ്ണില്ല. രണ്ടാംപന്തിൽ ഒരു റണ്ണെടുത്താണ്‌ തുടക്കം. 13 പന്ത്‌ നേരിട്ട്‌ 18 റണ്ണുമായി മടങ്ങി. ഹർഷൽ പട്ടേലിന്റെ പന്തിൽ ജോണി ബെയർസ്‌റ്റോ പിടികൂടി.

ഇന്ത്യയുടെ ഒന്നാംനമ്പർ വിക്കറ്റ്‌കീപ്പറായിരിക്കെയാണ്‌ 26കാരന്‌ കളംവിടേണ്ടിവന്നത്‌. 2022 ഡിസംബർ 30നാണ്‌ പന്ത്‌ സഞ്ചരിച്ച കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ്‌ കത്തിയത്‌. പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലും ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിലും കളിക്കാനായില്ല. കളത്തിൽനിന്ന്‌ വിട്ടുനിന്ന 14 മാസത്തിനിടെ കഴിഞ്ഞ ഐപിഎൽ സീസണും നഷ്‌ടമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments