ചെമ്പകഗന്ധമെൻ മേനിയിലായി
ചൂടി നടന്ന കാലമെല്ലാം.
പൂവിട്ട മുതലേയെൻ കണ്ണതിലും
പറിച്ചെടുത്തെത്രയോയെണ്ണമില്ല.
ചന്ദനം തൊട്ടു ഞാൻ നെറ്റിയിലും
ചാലിച്ചവൾക്കും ചാർത്തിയല്ലോ.
ചാഞ്ഞും ചരിഞ്ഞും തെന്നലിലും
ചേലോടെ വീശിയ വന്മരങ്ങൾ.
എഴുതി ഞാനെത്ര പ്രേമകാവ്യങ്ങളും
എന്നിലടങ്ങാത്തയീ ഗന്ധങ്ങളെ.
ഏതിനോടെന്നിഷ്ട്ടം അധികമുണ്ട്?
എന്നുള്ള ചോദ്യങ്ങൾ വ്യർത്ഥമാണ്.
ഏകനായി വന്നുള്ള മർത്യജന്മം
എപ്പോഴോ തീർന്നതറിഞ്ഞതില്ല
എനിക്ക് കിടക്കാൻ ചന്ദനവും
എനിക്കൊരു ചെമ്പകപ്പൂവുമില്ല.
ചലനമില്ലാതെ കിടന്ന നേരം
ചകിരിയും ചിരട്ടയും വിറകുമെല്ലാം
ചിതക്കായൊരുക്കി ചിലരിന്നിത
ചാരമായി മാറി ഞാൻ നിത്യമായി.
എത്രമേലാശിച്ച ഗന്ധമൊന്നും
എണ്ണയൊഴിച്ച ഗ്നിയായിടുമ്പോൾ
എന്നിൽ നിന്നൊന്നും വന്നതില്ല
എല്ലാം പുകഞ്ഞു കരിമാത്രമായ്.