Thursday, April 18, 2024
Homeഅമേരിക്കചവറ്റുകുട്ടയിലെ നൊമ്പരങ്ങൾ (കഥ) ✍സിസി ബിനോയ് വാഴത്തോപ്പ്

ചവറ്റുകുട്ടയിലെ നൊമ്പരങ്ങൾ (കഥ) ✍സിസി ബിനോയ് വാഴത്തോപ്പ്

“ഏനിന്നലെ ചൊപ്പനം കണ്ടപ്പ ചൊപ്പനം കണ്ടേ …
കോക്കാച്ചിത്തവള നല്ലൊരു പാമ്പിനെ തിന്നേ ….

അല്ല … ഇതാരാവും …. ഈ രാത്രിയില്….?
കിടന്നിട്ടൊട്ട് ഉറക്കം കടാക്ഷിക്കുന്നുമില്ല ….
ചെവി ഒന്നുകൂടിവട്ടം പിടിച്ചു… ചെറുതായിട്ടു കേൾക്കാം ….എവിടെ നിന്നാവും … കേട്ടിട്ട് നല്ല പരിചയം പോലെ…

ഇനിയിപ്പോ … വല്ല …?!!
ഏയ്…. തോന്നിയതാവും ….അല്ലെങ്കിൽത്തന്നെ തോന്നലിത്തിരി കൂടുതലാ…
ദാ… വീണ്ടും ….

ഉറങ്ങുന്നവരെ ശല്യപ്പെടുത്തേണ്ട… പതിയെ വാതിലിനടുത്തു ചെന്നു ശ്രദ്ധിച്ചു….
ലൈറ്റിട്ടാലോ…ഏയ് … മറ്റുള്ളവർക്കു ശല്യമാവും …
എന്തായാലും നോക്കിയിട്ടു തന്നെ കാര്യം…
തപ്പിത്തടഞ്ഞ് ഇടനാഴിയിലെത്തി…

എന്തൊക്കെയോ… കോലാഹലങ്ങൾ ….!!
പൊട്ടിച്ചിരികളും, തമ്മിൽത്തല്ലും, വീമ്പുപറച്ചിലും എല്ലാം കേൾക്കുന്നു….
ഇതെന്ത്…? ഈ രാത്രിയിൽ ഇത്രയ്ക്ക് ആൾക്കൂട്ടമോ …?!!
ഈശ്വരാ …എന്താവും…?!!
അനങ്ങാതെ നില്ക്കാം…

വീണ്ടും അതേ പാട്ട് …!! നേർത്തു വരുന്നു.
വല്ലാത്ത ദുഃഖഭാവം….
മുറിവേറ്റിട്ടെന്ന പോലെ ആരോ കരയുന്നു …
ചിലർ ആശ്വസിപ്പിക്കുന്നുമുണ്ട്…

സൂറാ…. അനക്ക്… ഇത്… എന്തിന്റെ കേടാ…
അന്നെ പോലെ മുറിവേറ്റവരാ ഞങ്ങളും ….

ന്നാലും …ന്റ …ബദരീങ്ങളെ …. ഇത്രയ്ക്കു വേണ്ടീര്ന്നോ…?
പെരുത്ത ഇഷ്ടത്തിലാരുന്നില്ലേ രണ്ടാളും … ദാ … കെട്ക്കണ കണ്ടില്ലേ … ഒടിഞ്ഞു നുറുങ്ങി.. കീറിയെറിഞ്ഞ്….!!
ന്റ കോരാ.. സഹിക്കാമ്പറ്റണ്‌ല്ല …ന്റ കെടപ്പ് …ന്നാലും … ദു … ശെയ്തോരോട് പൊറുക്കില്ല …തമ്പിരാൻ …

ജാതിയില് താണവനെങ്കിലും .. കർഷകൻ …ന്നു പറഞ്ഞാ… കോരനായിരുന്നു…
ഹയ്… അപ്പോഴുമുണ്ടേ ചോദ്യം … എന്തേ… നെറ്റിയില് ലേബലുണ്ടോന്ന്….
കർഷകനാണേലും ആളൊരു ചുള്ളനാരുന്നേയ്… പോരെങ്കിൽ നല്ല പാട്ടും… അങ്ങനെ വീണ്  പോയതാ…മ്മടെ സുഹ്റ …

ഹ്… ഓർക്കാൻ തുടങ്ങിയാലുണ്ട് ഒരുപാട് …
എത്ര ആവേശമായിരുന്നു… മഴ പെയ്താല് …
വിശാലമായ പാടത്ത് … ഒരു തോർത്തു മുടുത്ത് … ചെളിയിലേയ്ക്ക് ഇറങ്ങും … വരമ്പു പിടിയ്ക്കലായി… നിലം ഉഴുകയായി, രണ്ടു കാളയെ കെട്ടി കലപ്പവച്ച് അതു കൊണ്ടുള്ള പൂട്ടലും … ഹരമായിരുന്നല്ലോ… ചേറുമണമാരുന്നു അവന്….

സുഹ്റയുടെ വാപ്പച്ചിയുടെ വയലില് പാട്ടകൃഷിയായിരുന്നു .. കോരൻ ചെയ്തോണ്ടിരുന്നത്… എത്ര കാലായിട്ട് അവത്തുങ്ങള് … സ്നേഹിച്ചോണ്ടിരുന്നതാ…
ആ…ഇനീപ്പോ എന്തു പറഞ്ഞിട്ടെന്താ…!!
റബ്ബ്ല്ലാ റമീനായത്തമ്പിരാനേ…!!

ഞാനിതു നേരത്തെ ഊഹിച്ചതാ …അല്ലേലും ..ന്തായിരുന്നു .. അവക്കടെ ഒരു വല്യ ഭാവം… ബർക്കത്തു കെട്ടവള്… ആ കുണുങ്ങിയുള്ള നടത്തം കണ്ടാലറിയാർന്നു. ഇവക്കടെ പോക്കു ശരിയല്ലാന്ന്.
ആമിനത്തായുടെ വീതം… കൂടെ ഒരു കണ്ണിറുക്കലും….

അല്ലേലും … ഈ തള്ളയ്ക്കിതൊള്ളതാ… ആരുടെയെങ്കിലും കുറ്റോം കുറവും കണ്ടുപിടിക്കല്..ഹും … ന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട….

ഒന്നുമുണ്ടാണ്ടിരിക്കണ്‌ണ്ടോ … ങ്ങള് … ഒരാപത്തു വരുമ്പ …ങ്ങളിങ്ങനാ …പറയ്ക
വഴക്കുകൂടാനുള്ള സമയമല്ലിത്…
ദാ… എല്ലാവരും മുറിഞ്ഞിരിക്കണ്… കണ്ണും കാലും, കയ്യും , മെയ്യും കുത്തിക്കീറപ്പെട്ട് വിധിയെണ്ണി കഴിയുന്നവർ… നാളേയ്ക്ക് അഗ്നിയാൽ വിഴുങ്ങപ്പെടേണ്ടവർ…!!
ഇനിയൊരു പുനർജന്മം നമുക്കുണ്ടാകുമോ …?!!

അത്രയും നേരത്തെ കലമ്പലുകളൊക്കെ ഒരു നിമിഷം കൊണ്ട് നിശ്ശബ്ദമായി….

അല്പ്പനേരം കൂടി അവിടെത്തന്നെ നിന്നു ശ്രദ്ധിച്ചു. : ഇല്ല … ഒരനക്കവും…
പിന്തിരിഞ്ഞു നടക്കുമ്പോൾ ഓർമ്മ വന്നു… ഇവരെല്ലാം …ഞാൻ കുത്തിക്കീറി വികൃതമാക്കി ചുരുട്ടി കീറിയെറിഞ്ഞ ഞാൻ സൃഷ്ടിച്ച എന്റെ കഥാപാത്രങ്ങൾ തന്നെ എന്ന്….

പ്രതീക്ഷകളുണ്ടായിരുന്നു…. സ്വപ്നങ്ങളുണ്ടായിരുന്നു… വർണ്ണങ്ങളുണ്ടായിരുന്നു…. ആശയും നിരാശയുമുണ്ടായിരുന്നു… വേദനകളുണ്ടായിരുന്നു…അവയ്ക്കെല്ലാം …!!.
ഒരു നിമിഷം കൊണ്ട് തീർത്തില്ലേ…. ഇനിയെന്ത്…?!!
നാളെ ….. ഒരു തീനാമ്പിനാൽ അവസാനിക്കും…!!
വീണ്ടും തനിയാവർത്തനങ്ങൾ….
എത്ര ജീവിതങ്ങളെയാ ചവറ്റുകുട്ടയിലെറിഞ്ഞത്…
എത്ര പേർ ഇവിടെ കിടന്നു നീറിയിട്ടുണ്ട്… തമ്മിലടിച്ചിട്ടുണ്ട്… അഹങ്കരിച്ചിട്ടുണ്ട്… സന്തോഷിച്ചിട്ടുണ്ട്… കലപില കൂട്ടിയിട്ടുണ്ട്…. ചില രാത്രികളിൽ ഞാനത് കേട്ടിട്ടുമുണ്ട് …
പക്ഷേ… മനസിലായില്ല…ഇന്നിതാ വീണ്ടും…

ഉള്ളിൽ കനൽ കൂമ്പാരം എരിയുന്നുണ്ട്… എരി തീയിലേയ്ക്ക് എണ്ണ എന്ന പോലെ വീണ്ടും വീണ്ടും… ഒന്നിനുപിറകെ ഒന്നായി ….ഒന്നും പൂർത്തിയാക്കാനാവാതെ…ഞാനിങ്ങനെ…. ശാപങ്ങളൊക്കെ ഒരു നാൾ എന്നെയും വലിഞ്ഞു മുറുക്കും …. ഓടുവിൽ ശ്വാസം കിട്ടാതെ പിടഞ്ഞ്… ഞാനും… കുത്തിക്കീറി ചുരുട്ടിയെറിഞ്ഞ കടലാസു പോലെ ….

മാപ്പ്…. ഒരു വേള … തണുത്തിരിക്കുന്നു…. വിറങ്ങലിച്ചിരിക്കുന്നു…. നിങ്ങൾക്കുജീവൻ പകർന്ന വിരലുകൾ … മരവിച്ചിരിക്കുന്നു…. ഇനിയൊരു പുനർജന്മം സാധ്യമാവില്ല… രാവു പടിയിറങ്ങാൻ തുടങ്ങിയിരിക്കുന്നു…

പുറകിലായി ഒരു വട്ടം കൂടി കോരന്റെ പാട്ട് ഒഴുകിവന്നു…. തളർന്നിരുന്നു…. കിതച്ചിരുന്നു …. ഒരു വാക്കുപോലും മുഴുമിപ്പിക്കാനാവാത്തവിധം …. അവസാന തുടിപ്പുകൾ നിലയ്ക്കുമ്പോഴുള്ള പിടച്ചിലിലും …. കേട്ടു … പ്രതീക്ഷയുടെ നേരിയ നാളം ….

“ഏ ..നി… ന്നല … ചൊപ്പനം… കണ്ടപ്പ … ചൊ…പനം കണ്ടേ….

സിസി ബിനോയ് വാഴത്തോപ്പ്✍

RELATED ARTICLES

Most Popular

Recent Comments