Sunday, May 19, 2024
Homeഅമേരിക്കകുവൈറ്റ് കൃഷ്ണൻ നായർ (കഥ) ✍എം.ജി. ബിജുകുമാർ, പന്തളം

കുവൈറ്റ് കൃഷ്ണൻ നായർ (കഥ) ✍എം.ജി. ബിജുകുമാർ, പന്തളം

ജനലോരങ്ങളിലെ മഴമൊഴികൾ കേട്ടുകൊണ്ടാണ് കനവിൽ നിന്നുണർന്നത്. തീവണ്ടിയുടെ ചൂളം വിളികളും താളാത്മകമായ ശബ്ദവും ഒക്കെ നിറഞ്ഞ അവ്യക്തമായ സ്വപ്നത്തിൽ നിന്നും ഉണർന്നതിന്റെ ആലസ്യത്തിൽ കൈകാലുകൾ നീട്ടി മൂരി നിവർന്നപ്പോഴേക്കും ഒരു കാപ്പി കുടിച്ചാൽ കൊള്ളാമെന്ന് ചിന്ത മനസ്സിലെത്തി. വീടിന്റെ മുൻവശത്ത് കൂടി പ്രഭാത സവാരിക്കാർ സംസാരിച്ചുകൊണ്ട് പോകുന്നത് ചെവിയിലെത്തുന്നുണ്ടായിരുന്നു.

“മഴ മാറിയത് കാര്യമായി, അല്ലെങ്കിൽ നനയാതെ പകുതിവഴിയിൽ കയറി നിന്ന് സമയം പോയേനേം”
” അതെയതെ ”
അതിനു മറുപടിയും അപ്പോൾ തന്നെ കേട്ടു. ലൈറ്റ് ഇട്ട് ക്ലോക്കിലേക്ക് നോക്കി. സമയം 5:40
ദേവീക്ഷേത്രത്തിൽ നിന്നും നാമ സങ്കീർത്തനം കേട്ടുകൊണ്ട് എഴുന്നേറ്റു. അടുക്കളയിലേക്ക് നടന്നു.

കാപ്പിയിടാൻ വെള്ളമെടുത്ത് ഗ്യാസ് സ്റ്റൗവിൽ വച്ചു. അതിലെ തിരിനാളവും കണ്ടു നിൽക്കുമ്പോഴാണ് മൊബൈലിൽ റിങ്ടോൺ മുഴങ്ങിയത്.

“അജിത ഹരേ…..”
ഡിസ്പ്ലേയിൽ ഹരിത എന്ന പേര് തെളിഞ്ഞു. ഫോൺ അറ്റൻഡ് ചെയ്തു ഹലോ എന്നു പറഞ്ഞപ്പോഴേക്കും
“ഹലോ ഗുഡ് മോർണിംഗ് ” എന്ന് മറുപടിയും എത്തി.
“എന്താടി ! രാവിലെ ഉറക്കം ഒന്നും ഇല്ലേ ?എന്താ വല്ലാത്ത ശബ്ദം കേൾക്കുന്നത് ”
ഞാൻ തിരക്കി.
”ഞാൻ ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. മോന്റെ കൂടെയായിരുന്നു രണ്ടുമൂന്നുദിവസം പൂജയുടെ അവധിയല്ലേ.’ തിരിച്ചുവരുന്നതിനിടയ്ക്ക് നിന്നെ ഒന്നു വിളിച്ചതാ.”
ഞാൻ ശ്രദ്ധിച്ചപ്പോൾ ട്രെയിനിന്റെ ചൂളം വിളി കേൾക്കുന്നുണ്ടായിരുന്നു. ട്രെയിനിൽ കച്ചവടക്കാരൻ വിളിച്ചു പറയുന്നത് കേട്ടപ്പോഴാണ് അടുപ്പിൽ കാപ്പി തിളപ്പിക്കാൻ വെച്ചത് ഓർത്തത്. അവളോട് സംസാരിച്ചുകൊണ്ട് തന്നെ കാപ്പിപ്പൊടിയും പഞ്ചസാരയും ഒക്കെ ഇട്ട് കാപ്പി തയ്യാറാക്കി. വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ കാപ്പിയുടെ കപ്പ് ചുണ്ടിൽ നിന്നടർത്തി ഞാൻ ചോദിച്ചു.

“എന്താണാവോ അതിരാവിലെ വിളിച്ചത് ?”
“അതെന്താണ് അങ്ങനെയൊരു ചോദ്യം ” അവൾക്ക് കൗതുകം
” കാര്യമില്ലാതെ വിശേഷം തിരക്കാൻ എന്തായാലും നീ വിളിക്കാറില്ലല്ലോ !”
ഞാൻ കളിയാക്കിക്കൊണ്ട് പറഞ്ഞുകൊണ്ട്
കാപ്പിയുടെ കപ്പ് ചുണ്ടോടു ചേർത്തു.
” ശരിയാണ്, ഒരു സജഷൻ ചോദിക്കാനാണ് ഞാനിപ്പോൾ വിളിച്ചത്.”
ചിരിച്ചുകൊണ്ട് അത് പറയുമ്പോഴും കാപ്പിക്കച്ചവടക്കാരൻ ‘കാപ്പി …കാപ്പി ” എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേൾക്കാമായിരുന്നു.

“ഒരു കാപ്പി വാങ്ങി കുടിക്കെടീ, അയാൾ തൊണ്ടപൊട്ടുമാറു വിളിച്ചുകൂവുന്നത് കേട്ടില്ലേ? നിന്റെ പിശുക്ക് ഇതുവരെ മാറിയില്ലേ ?”
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
” ഞാൻ കാപ്പി കുടിച്ചിട്ടാണ് ട്രെയിനിലേക്ക് കയറിയത്.”
അവളും ചിരിക്കുന്നുണ്ടായിരുന്നു.

കോളേജ് പഠനകാലത്ത് അറിയപ്പെടുന്ന പിശുക്കിയായിരുന്നു ഇവളെന്ന് ഞങ്ങൾ സുഹൃത്തുക്കളാരും മറന്നിട്ടില്ല.
” പിശുക്കരിൽ പിശുക്കരായ ഞങ്ങളെ കാക്കണേ” എന്നതാണ് ഇവളുടെ കുടുംബ പ്രാർത്ഥന എന്നാണ് ഞാൻ ഇവളെ കളിയാക്കിയിരുന്നത്.

” നിന്നോട് ഒരു അഭിപ്രായം ചോദിക്കാനാ വിളിച്ചത്!”
അതു പറയുമ്പോൾ അവളിൽ അല്പം ഗൗരവം ഉണ്ടായിരുന്നതായി തോന്നി.
” കാര്യം പറയെടീ”
എനിക്ക് ജിജ്ഞാസ തോന്നി.
“വെറുതെ വീട്ടിലിരുന്ന് മടുത്തു. വീട്ടിലുള്ള ജോലി കഴിഞ്ഞാൽ തീറ്റയും ഉറക്കവും മാത്രമേയുള്ളൂ. അതുകൊണ്ട് ആകെ തടിച്ച് വല്ലാതെയായി.”
അവൾ ഒന്നു നിർത്തി.
” അതുകൊണ്ട് ?”
അവൾ പറഞ്ഞു മുഴുമിപ്പിക്കുന്നത് കേൾക്കാനായി ചോദിച്ചു.

” വീട്ടിലിരുന്ന് ചെയ്യാവുന്ന എന്തെങ്കിലും സിമ്പിൾ ജോലി ഉണ്ടെങ്കിൽ പറയൂ ”
അവളുടെ അന്വേഷണം.
” ഉണ്ടല്ലോ ”
“എന്താണത് ”
“ബീഡി തെറുപ്പ് ”
അതു പറഞ്ഞതും ഞാൻ ചിരിച്ചതും ഒരുമിച്ചായിരുന്നു’. അവൾക്ക് ഇഷ്ടമായില്ലെന്ന ധ്വനിയിൽ
” നീ പോടാ ഡാഷേ, നിന്നോട് ചോദിച്ച എന്നെ വേണം പറയാൻ ” എന്ന് പറഞ്ഞ് അവൾ ഈർഷ്യയോടെ ഫോൺ കട്ട് ചെയ്തു. അപ്പോഴും ഞാൻ ചിരി നിർത്തിയിരുന്നില്ല.

ഇവൾ ഒരു പണിയും ചെയ്യില്ലെന്ന് എനിക്കും അതിനേക്കാൾ അവൾക്കും നന്നായി അറിയാം എന്നിരിക്കെ വെറുതെ ഒരു മോഹത്തിന് ചോദിച്ചതാണെന്ന് എനിക്ക് തോന്നി.

രാവിലത്തെ ശീലമായ പത്രവായനയിലേക്ക് കടന്നപ്പോഴും ഞായറാഴ്ച എന്ന ഒഴിവുദിനത്തിന്റെ അലസത വിട്ടുമാറിയിരുന്നില്ല. അപ്പോൾ തന്നെ ഹരിത വീണ്ടും വിളിച്ചു.
“എന്താടി ? ഞാൻ പറഞ്ഞ സജഷൻ നീ അംഗീകരിച്ചോ? ബീഡി തെറുപ്പ് തുടങ്ങുന്നോ? യാതൊരു ആയാസവും ഇല്ല. വീട്ടിലിരുന്ന് ചെയ്യുകയുമാവാം”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
” അതൊന്നുമല്ല ഞാൻ ഇങ്ങനെ ചോദിച്ചെന്നും നീ ബീഡി തെറുപ്പിൻ്റെ കാര്യം പറഞ്ഞെന്നും എന്റെ കെട്ടിയോനോടോ മോനോടോ പറഞ്ഞേക്കരുത്.
അവളുടെ നിർദ്ദേശം കേട്ട് ഞാൻ വീണ്ടും ചിരിച്ചു.

” നീ ചിരിക്കണ്ട, കോളേജിൽ പഠിക്കുമ്പോൾ സ്പ്രേ അടിച്ചു വന്നതിന്റെ കാര്യം നീ അങ്ങേരോട് പറഞ്ഞത് ഇനി ഞങ്ങളുടെ കുടുംബത്തിൽ ആരും അറിയാനില്ല, അതുകൊണ്ടാ..”
അവൾ പറഞ്ഞത് കേട്ട് ഞാൻ വീണ്ടും ചിരിക്കവേ അവൾ ഫോൺ കട്ട് ചെയ്തു.

എൻ്റെ മനസ് കോളേജ് പഠനകാലത്തിലെ ആ സംഭവത്തിലേക്ക് ഊളിയിട്ടു .

ബിരുദപഠന കാലത്ത് എന്നും 12 മണി കഴിയുമ്പോൾ എന്തെങ്കിലും കാരണം ഉണ്ടാക്കി ക്ളാസിൽ നിന്ന് പുറത്തു പോയി ഭക്ഷണം കഴിക്കുന്നത് ഞങ്ങൾ ആൺകുട്ടികളുടെ ശീലമായിരുന്നു. ഒരുദിവസം ഗോപാലകൃഷ്ണൻ സാർ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുമ്പോൾ വെളിയിറങ്ങാൻ എന്തെങ്കിലും ഒരു കാരണമുണ്ടാക്കാൻ നോക്കിയിട്ട് പറ്റിയില്ല. ഏറ്റവും പിറകിലിരുന്ന് അതിനായി കലപില കൂട്ടിക്കൊണ്ടിരുന്ന ഞങ്ങൾക്കിടയിൽ നിന്ന് എന്നെ ഏറ്റവും മുന്നിലെ ബെഞ്ചിൽ പെൺകുട്ടികളുടെ കൂട്ടത്തിൽ കൊണ്ടിരുത്തി.

എന്തെങ്കിലും കാരണമുണ്ടാക്കി ഒന്നു പുറത്തേക്കിറങ്ങണം എന്നുള്ള രീതിയിൽ എന്റെ ബുദ്ധിമുട്ടാേടെയുള്ള ഇരിപ്പ് കണ്ടപ്പോൾ അടുത്തിരുന്ന സുഹൃത്ത് എന്താണെന്ന് എന്നോട് തിരക്കി. അവളുടെ ശരിക്ക് തെളിയാത്ത പേനയുമെടുത്ത് അവളുടെ തന്നെ ബുക്കിനുളളിൽ ഞാൻ കാര്യവും എഴുതിക്കൊടുത്തു.

” എനിക്ക് വിശക്കുന്നു”
അവൾ വേഗം ഡസ്ക്കിനു മുകളിലിരുന്ന ബാഗ് എടുത്തു മടിയിൽ വച്ചു.അതിനുള്ളിലെ ചോറ് ഞാൻ എടുത്ത് തിന്നുമോ എന്ന് പേടിച്ചിട്ടാന്നോർത്തു ഞാൻ ചിരിച്ചു. അതുകണ്ട് അവളെന്നെ കണ്ണുരുട്ടിക്കാണിക്കുകയും സാർ അവളെ എഴുന്നേൽപ്പിക്കുകയും ചെയ്തു. പക്ഷേ അവളുടെ പേരുവിളിച്ചത് തെറ്റിപ്പോയി. അത് കേട്ട് വീണ്ടും ഞാൻ ചിരിച്ചു. അപ്പോഴും അവൾ ബാഗ് കയ്യിൽ തന്നെ വെച്ചിരുന്നു.

ബഞ്ചിലിരുന്നു കഴിഞ്ഞപ്പോൾ ആ ബുക്കിൽ “സാർ നിന്റെ പേര് പോലും മറന്നു പോയല്ലോടീ, ഇന്നു നീ ആരെയാണ് കണി കണ്ടത് ” എന്ന് എഴുതിയപ്പോൾ വീണ്ടും അവൾ കണ്ണുരുട്ടി.
അടുത്ത പേജിൽ ഒരു വാചകം അൽപ്പം വലുതായി എഴുതിയിട്ട് ബുക്ക് അടച്ചു വെച്ചപ്പോഴേക്കും ആരോ എന്നെ അന്വേഷിച്ചു വന്നു. പിറകിൽ പോയി പൊതിച്ചോറു വെച്ചിരുന്ന ബാഗുമായി ഞാൻ പോകുകയും ഊണുകഴിക്കുകയും ചെയ്തു.

ഉച്ച കഴിഞ്ഞ് ക്ളാസിലേക്ക് ചെന്നപ്പോൾ ബുക്കിൽ അടുത്ത പേജിൽ വലുതായി എഴുതിയതിൻ്റെ താഴെ “പോടാ അലവലാതീ…,,@#&£@# എന്നെഴുതി ആ പേപ്പർ കീറിയെടുത്ത് മടക്കി എൻ്റെ ബാഗിലിട്ടു. അത് കണ്ട് ഞാൻ ചിരിയോട് ചിരി. ബുക്കിലെഴുതിയ വാചകം
” ഇനി മേലിൽ അവിഞ്ഞ സ്പ്രേയും അടിച്ചോണ്ട് കോളേജിൽ വരരുത് ” എന്നായിരുന്നു.
ഞാൻ ഇക്കാര്യം ഒരിക്കൽ അവളുടെ ഭർത്താവിനോട് പറഞ്ഞതും അതിനിപ്പോഴും മാറ്റമില്ലെന്ന് പറഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചതും അത് കണ്ട് അവൾ പിണങ്ങി പോയതും ഇന്നും ഓർമ്മയുണ്ട്. ആ കഥ പുള്ളിക്കാരൻ കുടുംബ സദസ്സിലൊക്കെ വിളമ്പി കയ്യടി നേടി എന്ന് തോന്നുന്നു, അതാണിപ്പോൾ അവൾ രണ്ടാമത് വിളിച്ചു പറഞ്ഞത്.

പഴങ്കഞ്ഞിയും കുടിച്ച് തോരൻ വെക്കാനായി ബീൻസ് അരിയാൻ എടുത്ത് ടെലിവിഷൻ ഓൺ ചെയ്ത് അതിന്റെ മുന്നിലിരുന്നു. അതിൽ തെളിയുന്ന സിനിമയിലും അരിയുന്ന ബീൻസിലും ഇടവിട്ട് ശ്രദ്ധിച്ച് മുന്നോട്ട് പോകവേ കരണ്ട് പോയി.

‘കറണ്ടിന് പോകാൻ കണ്ട സമയം ‘ എന്ന ആത്മഗതത്തോടെ ബീൻസ് അരിയുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. വരവേൽപ്പ് സിനിമയിൽ മോഹൻലാൽ ബസ് വാങ്ങുന്ന ഭാഗം കണ്ടിരിക്കവേയാണ് കരണ്ട് പോയത്. അതേപ്പറ്റിയുള്ള ചിന്ത എന്നെ മറ്റൊരു പേരിലേക്ക് എത്തിച്ചു.
” കുവൈറ്റ് കൃഷ്ണൻ നായർ ”

ഞങ്ങളുടെ നാട്ടിൽ ബസ് വാങ്ങിയ ഏക വ്യക്തി അദ്ദേഹമായിരുന്നു. കുവൈറ്റിൽ ജോലി ചെയ്തു കൈനിറയെ സമ്പാദിച്ചു നാട്ടിലെത്തി ജീവിതം ശരിക്കും ആസ്വദിച്ച അയാൾ തനിക്ക് തോന്നുന്നത് ചെയ്തു മുന്നോട്ടു പോകുക എന്ന രീതിയിലായിരുന്നു ജീവിച്ചു പോന്നത്. ഉറച്ച ശരീരവും
പിരിച്ച മീശയും കണ്ണടയുമായിരുന്നു അയാളുടെ ഐഡൻ്റിറ്റി. സാമാന്യം നന്നായി മദ്യപിക്കുന്ന ശീലവും അയാൾക്കുണ്ടായിരുന്നു. മദ്യപിച്ചിരിക്കുമ്പോൾ ആരെന്തു ചോദിച്ചാലും കൊടുക്കുന്ന ആൾ ആണെങ്കിലും മദ്യത്തിന്റെ കെട്ടു വിട്ടാൽ പഴയതെല്ലാം മറക്കും എന്നതും പുള്ളിയുടെ സ്വഭാവത്തിലെ പ്രത്യേകതയായിരുന്നു.

ഒരു തേങ്ങയെടുത്ത് പൊതിച്ച് വീടിന്റെ ഉള്ളിലേക്ക് നടന്ന് കയറുമ്പോൾ അവിടെയെവിടെയോ ഒളിഞ്ഞിരിക്കുന്ന പഴയ ഒരു കൗമാരത്തെ ഓർത്തെടുക്കാൻ ശ്രമിച്ചു.

ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ സംഭവം ഉണ്ടായത്. നാട്ടിൽ സ്ഥിരമായി കായൽ മീൻ കൊണ്ടുവരുന്നയാളാണ് ബാബുച്ചായൻ. ഒരു ദിവസം നന്നായി മദ്യപിച്ചതിനു ശേഷം ഡൈനിങ് ടേബിളിനു മുന്നിലിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയായിരുന്നു കൃഷ്ണൻ നായർ. അപ്പോൾ ബാബുച്ചായൻ ഒരു വലിയ അലൂമിനിയം ചരുവം നിറയെ മീനുമായി എത്തി.
” മീൻ വേണോ സാറേ, ” എന്ന് ഉറക്കെ വിളിച്ചു ചോദിച്ചുവെങ്കിലും വീട്ടിലുള്ള ആരും മറുപടി പറഞ്ഞില്ല. കൃഷ്ണൻ നായർ രാവിലെ മുതൽ മദ്യപിച്ചിരുന്നതിലുള്ള നീരസമാണ് വീട്ടുകാർ അയാളോട് കാണിച്ചത്. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നതല്ലേ മിക്കവരും പ്രയോഗിക്കുന്നത്.

പക്ഷേ തിളച്ചു മങ്ങിയ വെയിലും കൊണ്ട് നെറ്റിയിലും മൂക്കിൻ തുമ്പിലും പൊടിഞ്ഞ വിയർപ്പുകണങ്ങൾ കൈകൾ കൊണ്ട് തുടച്ച് വീണ്ടും “മീൻ വേണോ സാറേ ” എന്ന് ഉറക്കെ ചോദിച്ചത് കൃഷ്ണൻ നായർ കേൾക്കുകയും പുറത്തേക്കിറങ്ങി വന്ന് ബാബുച്ചായനെ വിളിച്ചുകൊണ്ട് അകത്തേക്ക് പോയതും ഒരുമിച്ചായിരുന്നു. എന്താണിവിടെ നടക്കുന്നതെന്ന് അയാൾക്ക് ഒട്ടും മനസ്സിലായില്ല.

കൃഷ്ണനായർ ബാബുച്ചായനെ ഡൈനിങ് ടേബിളിന്റെ മുന്നിൽ കസേരയിൽ ഇരുത്തി.
“ഇവിടെ ഇരിക്കെടാ”
കുഴഞ്ഞനാവുമായി കൃഷ്ണൻ നായർ കൽപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ബാബുച്ചായൻ നായർ വിളമ്പിക്കൊടുത്ത ദോശയും സാമ്പാറും കഴിച്ചു.
പിന്നെ കൃഷ്ണൻ നായർ പറഞ്ഞത് ഫിലോസഫിയാണ്.

” ഇവിടെ വലിപ്പച്ചെറുപ്പം ഒന്നുമില്ല. ജാതിയും മതവും ഒന്നുമില്ല. നിന്റെ കൈ മുറിഞ്ഞാലും എനിക്ക് മുറിവ് പറ്റിയാലും വരുന്നത് ചോരയാണ്. അതിന്റെ നിറം ചുവപ്പു തന്നെയാണ് ”
കൃഷ്ണൻ നായർ പറഞ്ഞ സോഷ്യലിസം കേട്ട് ബാബുച്ചായൻ അറിയാതെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു പോയി .

“അങ്ങനെ പറ സാറേ അതാണ് ഈ നാറിയ നാട്ടുകാർ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലാത്തത്. സാർ ഈ നാട്ടിലെ ദൈവമാണ് ” ബാബുച്ചായൻ പ്രഖ്യാപിച്ചു.
ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ പകുതിയോളം മദ്യമുള്ള ഒരു കുപ്പിയും കൊടുത്താണ് അന്ന് കൃഷ്ണൻ നായർ ബാബുച്ചായനെ യാത്രയാക്കിയത്. ഭൂമിയിലെ ദൈവത്തെ കണ്ട തൃപ്തിയിൽ ചരുവത്തിലുള്ള മുഴുവൻ മീനും കൃഷ്ണൻ നായർക്ക് കൊടുത്ത ബാബുച്ചായൻ തിരിച്ചുപോയി. പോകുമ്പോൾ നൂറിന്റെ അഞ്ചു നോട്ടുകൾ നിർബന്ധപൂർവ്വം ബാബുച്ചായൻ്റെ പോക്കറ്റിൽ വെച്ചു കൊടുക്കാനും കൃഷ്ണൻ നായർ മറന്നില്ല.

ഈ രംഗം കണ്ട് കൃഷ്ണൻ നായരുടെ ഭാര്യയും അഞ്ചു പെൺമക്കളും കണ്ണുമിഴിച്ചു നിന്നു. പോകുമ്പോൾ
”വരാല് മീന് നുറുക്കില്ല നായരേ
കൊമ്പത്തെ ചക്കയ്ക്ക് ചുളയില്ലനായരേ ” എന്ന് പറഞ്ഞ് ആരോ പറ്റിച്ച നായരിതാണോന്നു വരെ ബാബുച്ചായൻ ചിന്തിച്ചു പോയി.

മരത്തിൽ നിന്ന് ഇലകണക്കെ ദിവസങ്ങൾ അടർന്നുവീണു കൊണ്ടിരുന്നു. വളരെ താമസിച്ച് ഉറക്കമുണർന്ന കൃഷ്ണൻ നായർ അടുക്കളയിലെത്തി ഒരു മഗ് വെള്ളവും കുടിച്ച് ഡൈനിങ്ങ് ടേബിളിനടുത്ത് തല കുനിച്ചിരുന്നു. റേഡിയോയിൽ ബാലലോകത്തിൽ ‘”ജന്മ കാരിണി ഭാരതം ” എന്ന ഗാനം ഒഴുകുന്നുണ്ടാരുന്നു. വാങ്ങിയ മദ്യമെല്ലാം രാത്രിയിലേ തീർന്നതിനാൽ അതിൻ്റെ ദേഷ്യം അയാളെ വിട്ടൊഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ബാബുച്ചായൻ കുറേ വരാലുമായി അവിടേക്കെത്തിയത്.

“സാറേ.. നായര് സാറേ ”
അയാൾ ഉറക്കെ വിളിച്ചു കൊണ്ട് അടുക്കളയിൽ’ ഇരുന്ന കൃഷ്ണനായരുടെ അടുത്തേക്ക് കയറി ചെന്നു. മുമ്പ് കണ്ടപ്പോൾ പറഞ്ഞ സോഷ്യലിസവും പരിചരണവും ഉള്ളിലുണ്ടായിരുന്ന ബാബുച്ചായൻ അടുത്തു കണ്ട കസേര വലിച്ചിരുന്ന് ഡൈനിങ്ങ്ടേബിളിലിരുന്ന പാത്രത്തിൻ്റെ അടപ്പ് മാറ്റി. അതിലിരുന്ന കടലക്കറിയിൽ നിന്ന് തേങ്ങാക്കൊത്ത് പെറുക്കി തിന്നു.
മദ്യമില്ലാത്തതിൻ്റെ മൂഡ് ഓഫിലിരുന്ന കൃഷ്ണൻ നായർ അലറി.
“എഴുനേൽക്കെടാ മരയ്ക്കാൻ കഴുവേർടമോനേ.. ”
അയാൾ ഞെട്ടിയെഴുന്നേറ്റു.
“സാറേ… സാറു പറഞ്ഞ സോഷ്യലിസമൊക്കെ മറന്നോ? അതല്ലേ ഞാൻ…”
ഗദ്ഗദത്താൽ അയാൾ പറഞ്ഞത് മുഴുമിപ്പിച്ചില്ല.

“എന്താേന്ന് സോഷ്യലിസം..! ഇറങ്ങി പൊക്കോണം എന്റെ മുന്നിൽ നിന്ന്….. ” അയാൾ അലറി.
ബാബുച്ചായൻ വിഷമത്തോടെ ഇറങ്ങി എം-80 വണ്ടിയിൽ തിരിച്ചു പോയി.പിന്നീട് അയാൾ ആ വഴി മീനുമായി വരുമായിരുന്നില്ല.

ജാലക വാതിലിനിടയിലൂടെ കൈനീട്ടി വേനലിന്റെ നെറുകയിൽ വീഴുന്ന പുതുമഴയുടെ കുളിർമ ഏറ്റുവാങ്ങുമ്പോഴും കൃഷ്ണന്മാരുടെ കുടുംബത്തെ പറ്റിയായിരുന്നു ചിന്ത.

അഞ്ച് പെണ്‍മക്കളിൽ മൂന്നാമത്തെ ആൾ എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. ഭാവയാമി എന്നായിരുന്നു അവളുടെ പേര്. ആമി എന്നായിരുന്നു അവളെ എല്ലാവരും വിളിച്ചിരുന്നത്. കൂട്ടത്തിൽ അല്പം തന്റേടവും ചുണയും ഉണ്ടായിരുന്നതും അവൾക്കായിരുന്നു. കൃഷ്ണൻ നായരോട് എന്തു പറയുന്നതിനും മടിയില്ലാത്തത് അവൾക്കായിരുന്നു. എന്നിട്ടും കൃഷ്ണൻ നായർക്ക് അവളോടായിരുന്നു കൂടുതൽ ഇഷ്ടം. അവൾ ആൺകുട്ടിയാണ് എന്നാണ് കൃഷ്ണൻ നായർ പറയാറ്. അവളെ മോനേ എന്നു മാത്രമേ അദ്ദേഹം വിളിച്ചിരുന്നുള്ളു. പൈസയൊക്കെ സൂക്ഷിക്കാൻ അദ്ദേഹം അവളെയാണ് ഏൽപ്പിക്കാറ്.

മദ്യപിച്ച് ബഹളം ഉണ്ടാക്കുമ്പോഴും ഭാര്യയെ ഉപദ്രവിക്കാൻ തുടങ്ങുമ്പോഴും അവളായിരുന്നു ഇടയ്ക്ക് കയറുന്നത്. പാണ്ഡവരിലെ അർജുനനാണ് ഇവളെന്ന് കൃഷ്ണൻ നായർ പറയുമ്പോൾ മറ്റ് നാലുപേരും അസൂയയോട് അവളെ നോക്കുമായിരുന്നു. ഈ അഞ്ചുപേരും ഒരുമിച്ച് നടന്നു പോകുന്നത് കാണുമ്പോൾ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. തിരുവോണം, വിഷു തുടങ്ങിയ ദിവസങ്ങളിൽ കേരളീയ വേഷമൊക്കെ അണിഞ്ഞ് ഇവർ ഒരുമിച്ചു പോകുന്നത് ഒരു മനോഹരമായ കാഴ്ചയായിരുന്നു. ഇത് കണ്ടിട്ടാണോ ഹിറ്റ്ലർ സിനിമയുടെ മൂലകഥ കിട്ടിയതെന്ന് വരെ സംശയം തോന്നിയിട്ടുണ്ട്.

മൂന്നാമത്തവൾ ഭാവയാമി ക്ലാസ്മേറ്റ് ആയിരുന്നുവെങ്കിലും ഒരിക്കൽ പോലും തമ്മിൽ സംസാരിച്ചിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമായിരുന്നു. അതെന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസ്സിലാക്കാൻ പറ്റിയിട്ടില്ല.

സന്ധ്യ മയങ്ങുമ്പോൾ ജനലഴികളിൽ ശിരസ് ചേർത്ത് ഇരുട്ടിൻ്റെ വകഭേദങ്ങൾ എത്തുന്നതും ശ്രദ്ധിച്ചിരിക്കുമ്പോൾ തെളിമയോടെ ഒഴുകുന്ന ഭൂതകാലത്തിലേക്ക് മനസ്സ് വീണ്ടും സഞ്ചരിച്ചുകൊണ്ടേയിരുന്നു. നിഴലുകളായി പിൻതുടരുന്ന പഠന കാലത്തിലെ ഓർമ്മകൾ മഴ തോർന്നാലും കുളിർ കാറ്റിൽ മരം പെയ്യും പോലെ നമ്മെ നനക്കാറുണ്ട് എന്ന് ഞാനോർത്തു.

പ്രീഡിഗ്രി പഠനം കഴിഞ്ഞ് ഞാൻ പരീക്ഷാ ഫലം കാത്തിരിക്കുമ്പോഴാണ് കൃഷ്ണൻ നായരുടെ വീട്ടിൽ ആദ്യമായി അതിഥിയായി ബസ് എത്തുന്നത് എന്നാണ് ഓർമ്മ.
ഒരിക്കൽ കൃഷ്ണൻ നായർ ബാറിലിരുന്ന് മദ്യപിക്കുമ്പോൾ രണ്ടുപേർ തമ്മിൽ തർക്കവും കയ്യാങ്കളിയും നടക്കുന്നത് കാണാനിടയായി. കുപ്പിയും ഗ്ലാസും പ്ലേറ്റും ഒക്കെ പരസ്പരം എറിഞ്ഞു കൂട്ടാളികളും കളം നിറഞ്ഞു. അതിലൊരു ചെറിയ പ്ളേറ്റ് കൃഷ്ണൻ നായരുടെ ദേഹത്ത് വീണതും അയാൾ ചാടി എഴുന്നേറ്റ് അലറി.
” നിർത്തിനെടാ നാറികളേ”
എല്ലാവരും ഒരു നിമിഷം കൃഷ്ണൻ നായരെ നോക്കി നിശബ്ദരായി നിന്നു. പിരിച്ച മീശയും കണ്ണടയും ഗൗരവത്തോടെയുള്ള നിൽപ്പുമൊക്കെ കണ്ട് ഇയാൾ പോലീസുകാരനാവും എന്ന് അവരൊന്ന് സംശയിച്ചു.
“എന്തിനാണ് നീയൊക്കെ ഇവിടെ ബഹളം ഉണ്ടാക്കുന്നത്? സ്വസ്ഥമായി മദ്യപിക്കാൻ വേണ്ടിയാണ് ഇവിടേക്ക് വരുന്നത്. അപ്പോൾ നീയൊക്കെ ഇവിടെ ചന്തയാക്കാൻ നോക്കുന്നോ?”
കൃഷ്ണൻ നായർ ഉറക്കെ ചോദിച്ചു.
“ഞങ്ങൾക്ക് ഒരു ബസ്സ് ഉണ്ടായിരുന്നു ഷെയറിട്ട് വാങ്ങിയതാണ്. വലിയ ലാഭം ഒന്നുമില്ലാത്തതിനാൽ എന്റെ ഷെയർ തിരിച്ചു ചോദിച്ചു. ഇവൻ അത് തരാൻ തയ്യാറായില്ല.”
ചുരുണ്ട മുടിയുള്ള നീല ഷർട്ടുകാരനെ ചൂണ്ടി അയാൾ പറഞ്ഞു.

അപ്പോൾ അവന്റെ കുത്തിന് പിടിച്ചിരുന്ന ആൾ കയ്യെടുത്ത് കൊണ്ട് പറഞ്ഞു തുടങ്ങി.
”വലിയ ലാഭമില്ലാത്ത റൂട്ടാണ്.ഷെയർ കൊടുക്കണമെങ്കിൽ ബസ് വിൽക്കാതെ മാർഗ്ഗമില്ല. അതിവനോട് പറഞ്ഞിട്ട് ഇവന് മനസ്സിലാകുന്നില്ല.”

കൃഷ്ണൻ നായർ രണ്ടുപേരെയും മാറിമാറി നോക്കി. രണ്ടുപേരുടെയും കൂടെ ഈരണ്ടു പേരും ഒപ്പമുണ്ട്.
” വേറൊരു റൂട്ട് കിട്ടും വരെ വെയിറ്റ് ചെയ്യാൻ ഞാൻ ഇവനോട് പറഞ്ഞതാ. പക്ഷേ ഇവന് ഉടനെ പണം വേണം. എന്റെ കൈയിലൊട്ട് കൊടുക്കാനുമില്ല. ബസ്സ് വിൽക്കാൻ മനസ്സ് അനുവദിക്കുന്നുമില്ല.”
അയാൾ ഖേദപൂർവ്വം പറഞ്ഞു.

“ഇവന്റെ ഷെയർ എത്രയാണ് ”
കുഴഞ്ഞ നാവോടെ കൃഷ്ണൻ നായർ ചോദിച്ചു.
”3 ലക്ഷം രൂപ ”
അവന്റെ മറുപടി വന്നപ്പോൾ തന്നെ കൃഷ്ണൻ നായർ ഒന്നും ചിന്തിക്കാതെ പറഞ്ഞു
” പണം ഞാൻ തരാം ബസുമായി എന്റെ വീട്ടിലോട്ട് പോര്, പണം തിരിച്ചു തരുമ്പോൾ ബസ് എടുത്തുകൊണ്ടു പൊക്കോ” എന്നു ഉറക്കെ പറഞ്ഞു.

ഇത് കേട്ടതും ഷെയർ ചോദിച്ചവൻ സന്തോഷത്തോടെ “അത്രേയുള്ളൂ… ” എന്നൊക്കെ പറഞ്ഞു പുഞ്ചിരിച്ചു.
നീല ഷർട്ടുകാരന് അത് മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.

കൃഷ്ണൻ നായർ തന്റെ അംബാസിഡർ കാറിനടുത്തേക്ക് നടന്നു.
അപ്പോൾ ബാറിലെ ജോലിക്കാരനോട് നീല ഷർട്ടുകാരൻ പതുക്കെ ചോദിച്ചു.
“അയാൾ ആരാണ്…??”
” കൃഷ്ണൻ നായർ, കുവൈറ്റ് കൃഷ്ണൻ നായർ… വലിയ പണക്കാരനാണ്, കള്ളിറങ്ങും മുമ്പ് കയ്യോടെ പുറകെ പോയി ഡീൽ ഉറപ്പിച്ചോ ”

അത് കേട്ട് അവർ ബാറിന്റെ എതിർവശത്ത് പാർക്ക് ചെയ്തിരുന്ന ബസ്സിൽ കയറി കൃഷ്ണൻ നായരുടെ പിറകെ പോയി.

വീട്ടിലെത്തിയ നായർ പോർച്ചിൽ കാർ പാർക്ക് ചെയ്തു വെളിയിലേക്ക് ഇറങ്ങിവന്നു.
” ബസ് മുറ്റത്തേക്ക് കയറ്റിയിട് ”
നായർ വിശാലമായ മുറ്റത്തിന്റെ ഒരു വശത്തേക്ക് ചൂണ്ടിക്കാണിച്ചു പറഞ്ഞു.
ബസ് മുറ്റത്തേക്ക് കയറ്റിയിട്ട് എല്ലാവരും ഇറങ്ങി.

” മോനേ ഒരു മൂന്നു ലക്ഷം രൂപയും എടുത്തുകൊണ്ടുവാ ഒരു മുദ്രപ്പത്രവും ”
അകത്തേക്ക് നോക്കി നായർ ഉറക്കെ വിളിച്ചു പറഞ്ഞു. അൽപ്പം കഴിഞ്ഞപ്പോൾ അകത്ത് നാമജപത്തിലായിരുന്ന കൃഷ്ണൻ നായരുടെ ബാങ്ക് ആയ മൂന്നാമത്തെ മകൾ അടുക്കിയ നോട്ട് കെട്ടുമായി സിറ്റൗട്ടിലേക്ക് വന്നു.
അവളുടെ വെളുത്ത പാദങ്ങളിൽ അണിഞ്ഞിരുന്ന കൊലുസിൻ്റെ നാദം താളാത്മകമായി തോന്നി. മൃദുലമായ കാൽവെയ്പ്പുകളോടെ അവൾ അവരുടെ മുന്നിലേക്ക് നടന്നു.

” മോനേ…ആ പണം അയാളുടെ കയ്യിൽ കൊടുക്ക് ”
കൃഷ്ണൻ നായർ നീല ഷർട്ടുകാരനെ ചൂണ്ടി പറഞ്ഞു. അവൾ അത് അയാളെ ഏൽപ്പിച്ചു.
“ആ മുദ്രപത്രത്തിൻ്റെ താഴേ അറ്റത്ത് പേരും അഡ്രസ്സും എഴുതി ഒപ്പിട്ടേക്ക്. എന്നിട്ട് താക്കോലും അവളുടെ കയ്യിൽ കൊടുത്തേക്ക്. നിങ്ങൾ പണം തിരിച്ചു തരും വരെ ഇവൾ ആണ് ഇതിന്റെ മുതലാളി. ”
അയാൾ പറയുന്നത് കേട്ട് അന്തം വിട്ടു നിൽക്കുകയാണ് അവരുടെ കൂട്ടാളികൾ.

പണം വാങ്ങി അഡ്രസ് എഴുതി ഒപ്പിട്ടിട്ട് താക്കോൽ അവിടെ ഏൽപ്പിക്കുമ്പോഴും കാര്യം എന്തെന്ന് അറിയാതെ തന്നെ നോക്കിയ പെൺകുട്ടിയെ നീല ഷർട്ടുകാരൻ ഒന്നു പാളിനോക്കി.
” സുന്ദരിയാണ് ….”
ഉള്ളിലാണ് പറഞ്ഞതെങ്കിലും പക്ഷേ അതൊരു നേർത്ത ശബ്ദമായി വെളിയിൽ വന്നു. അപ്പോഴേക്കും അവൾ അത് ശ്രദ്ധിക്കാതെ താക്കോലും മുദ്രപ്പത്രവും വാങ്ങി അകത്തേക്ക് കയറിപ്പോയി.

തിരിഞ്ഞു നടക്കുമ്പോൾ ഒരു പുഞ്ചിരി നാണമായി അവളുടെ ചുണ്ടിൽ നിറയുന്നുണ്ടായിരുന്നു. തലകുമ്പിട്ട് അവൾ അകത്തേക്ക് നടന്നു..

നീല ഷർട്ടുകാരൻ പണം എണ്ണി രണ്ടാമന് കൊടുത്തു. അയാളുടെ കണ്ണ് വികസിച്ചു. അല്പം കഴിഞ്ഞ് എല്ലാവരും കൃഷ്ണൻ നായരോട് സംസാരിച്ച് യാത്ര പറഞ്ഞിറങ്ങി. എല്ലാവർക്കും പിന്നിലായാണ് നീല ഷർട്ടുകാരൻ നടന്നത്. അയാൾ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അപ്പോൾ വള്ളിച്ചെടികൾ പടർന്ന ഗേറ്റിനു മുകളിലൂടെ ആ പെൺകുട്ടി നീല ഷർട്ടുകാരനെ നോക്കി നിൽക്കുകയായിരുന്നു.
കൃഷ്ണൻ നായരുടെ മൂന്നാമത്തെ മകൾ.
അവളുടെ കുപ്പിവളകൾക്കും പച്ച നിറമായിരുന്നു.
ഇടവിട്ട് തിരിഞ്ഞു നോക്കുന്ന നീല ഷർട്ടുകാരനോട് “ആ പുരികം പൊക്കി പെണ്ണിനെ നോക്കി തിരിഞ്ഞ് നിൽക്കാതെ മുന്നോട്ട് നോക്കി നടക്കെടാ ” എന്ന് കൂടെയുള്ളവൻ പറയുകയും എല്ലാവരും ചിരിച്ച് മുന്നോട്ടു നടന്നു പോവുകയും ചെയ്തു.

അന്നു മുതൽ “ആദർശ് ” എന്ന ബസ് തറവാടിൻ്റെ മുന്നിൽ കെട്ടിയ ആനയെപ്പോലെ കൃഷ്ണൻ നായരുടെ മുറ്റത്ത് കിടപ്പായി. അങ്ങനെ കൃഷ്ണൻ നായർ ബസ് മുതലാളിയായി.അതിനു ശേഷം റൂട്ടടക്കം മറ്റൊരു ബസ് കൂടി അയാൾ വാങ്ങിയിരുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം രണ്ടും വിൽക്കുകയും ചെയ്തു..

കാലങ്ങൾ കടന്നുപോയി അഞ്ച് പെൺകുട്ടികളെയും വിവാഹം കഴിച്ചയച്ചു. അവരെല്ലാം ഇപ്പോൾ ഓരോരോ സ്ഥലങ്ങളിലാണ്. കൃഷ്ണൻ നായർ 56-ാം വയസ്സിൽ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു.അമ്മ ഇളയ മകൾക്കൊപ്പം പോയതിനാൽ പുഴയോരത്തെ വീട് ഇപ്പോൾ താമസക്കാരില്ലാതെ അടഞ്ഞു കിടക്കുകയാണ്.
മൂന്നാമത്തവളായ എൻ്റെ ക്ളാസ് മേറ്റ് ആമിയെ കെട്ടിച്ചുവിട്ടത് തൃശ്ശൂർ ആയിരുന്നു. അവളുടെ കൂട്ടുകാരി ജയലേഖയോട് ചോദിച്ച് അവളുടെ നമ്പർ വാങ്ങണമെന്നും അടുത്ത തവണ തൃശ്ശൂർ പൂരം കാണാൻ പോകുമ്പോൾ ആമിയുടെ അടുത്ത് പോകണമെന്നും മുമ്പ് മനസിലുറപ്പിച്ചത് ഒന്നുകൂടി ഓർത്തു.

പകലിനെ മുഴുവനായി ഇരുട്ട് മൂടിയിരിക്കുന്നു. എങ്ങും ഏകാന്തത. ഇടക്ക് റോഡിൽ കൂടി പാഞ്ഞു പോകുന്ന വണ്ടികളുടെ ശബ്ദവും കേൾക്കാം. ക്ഷേത്രത്തിനടുത്ത് ആൽത്തറയുടെ ചുവട്ടിൽ വിദൂരതയിലേക്ക് കണ്ണുംനട്ട് വിശ്രമജീവിതം ആസ്വദിക്കുന്ന രണ്ടു മൂന്ന് സുഹൃത്തുക്കൾ ഓരോന്ന് മിണ്ടിയും പറഞ്ഞ് ഇരിക്കുന്നു. അവരെ കൈ വീശിക്കാണിച്ച് ഞാൻ കുളിക്കാനായി പുഴക്കരയിലേക്ക് നടന്നു.
അപ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് ഒരാളുടെ രൂപവും ഒരു പേരും മാത്രമായിരുന്നു.” കുവൈറ്റ് കൃഷ്ണൻ നായർ

എം.ജി. ബിജുകുമാർ, പന്തളം✍

RELATED ARTICLES

Most Popular

Recent Comments