അടൂർ : –സാമൂഹ്യ പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെ 147ആം ജന്മവാർഷികം ആചരിക്കുന്ന വേളയിൽ സമുദായാചാര്യന്റെ പാവനസ്മരണയിലാണ് അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ‘കല്ലുഴത്തിൽ’ തറവാട്.
കൊല്ലവർഷം 1104 ധനു ഒന്നിന് മന്നത്ത് പദ്മനാഭന്റെ സാന്നിദ്ധ്യത്തിൽ തട്ടയിൽ ഗ്രാമത്തിലെ ഇടയിരേത്ത് , കല്ലുഴത്തിൽ എന്നീ രണ്ട് പുരാതന തറവാടുകളിൽ യഥാക്രമം രാവിലെയും വൈകിട്ടുമായി നടന്ന നായർ കരപ്രമാണിമാരുടെ യോഗത്തിലാണ് ‘കരയോഗ പ്രസ്ഥാനവും’ ‘പിടിയരി പ്രസ്ഥാനവും’ ഭാരതകേസരി മന്നത്ത് പദ്മനാഭൻ ഭദ്രദീപം തെളിച്ച് വിളംബരം ചെയ്തത്. ഹരികഥാ പ്രസംഗകനും സമുദായ പ്രവർത്തകനുമായ ടി പി വേലുക്കുട്ടി മേനോനും തൃശുരിൽ നിന്ന് കരയോഗപ്രസ്ഥാനത്തിനു സമാരംഭം കുറിക്കുന്ന ചടങ്ങിന് ചുക്കാൻ പിടിക്കാൻ വന്നെത്തിയിരുന്നു. കരയോഗപ്രസ്ഥാനം സമാരംഭം കുറിച്ച് ഒരു മാസത്തിന് ശേഷം
കൊല്ലവർഷം 1104 മകരമാസം ആറാം തീയതി ഔദ്യോഗികമായി യഥാക്രമം ഒന്നും രണ്ടും കരയോഗങ്ങളായി രജിസ്റ്റർ ചെയ്യുകയുമുണ്ടായി.
എൻ എസ് എസ് എന്ന സാമുദായിക സംഘടനയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കരയോഗങ്ങളടങ്ങിയ മഹത്തായ ‘കരയോഗപ്രസ്ഥാന’ത്തിനു സമാരംഭം കുറിച്ചുകൊണ്ട് ഒന്നും രണ്ടും നമ്പർ നായർ കരയോഗങ്ങളുടെ രൂപീകരണമെന്ന് ചരിത്രനിമിഷങ്ങൾക്ക് ‘തട്ടയിൽ’ എന്ന ഗ്രാമം വേദിയായതും അങ്ങനെയാണ്. തട്ടയിൽ കല്ലുഴത്തിൽ തറവാടിന്റെ നാലുകെട്ട് പൂമുഖം ഒന്നര നൂറ്റാണ്ടിന്റെ പ്രൗഢപാരമ്പര്യം കാത്തുസൂക്ഷിച്ച് ഇന്നും അതേപടി നിലനിൽക്കുന്നു. വേറെയും നിരവധി കൗതുകസ്മരണകൾ പറയാനുണ്ട് കല്ലുഴത്തിൽ തറവാടിന് .
ചലച്ചിത്രതാരം മോഹൻലാലിന്റെ മുത്തച്ഛൻ മാണപ്പാടത്ത് രാമൻ നായരും മോഹൻലാലിന്റെ മുത്തശ്ശി ഗൗരിയമ്മയും ഏറെക്കാലം താമസിച്ചിട്ടുണ്ട് ഈ തറവാട് വീട്ടിൽ. പന്തളം തെക്കേക്കര (തട്ട) യിലെ ‘പ്രവർത്ത്യാർ’ ( വില്ലേജ് ഓഫീസർ ) ആയിരുന്നു പതിറ്റാണ്ടുകൾക്ക് മുൻപ് മോഹൻ ലാലിന്റെ മുത്തച്ഛൻ (അച്ഛന്റെ അച്ഛൻ) മാണപ്പാടത്ത് രാമൻ നായർ. ഇലന്തൂർ സ്വദേശിയായ അദ്ദേഹത്തിന് ഗതാഗത സൗകര്യം കുറവായ അക്കാലത്ത് അവിടെനിന്ന് ജോലിസ്ഥലമായ പന്തളം തെക്കേക്കരയിലേക്ക് നിത്യവും പോയിവരിക ബുദ്ധിമുട്ടായിരുന്നു. കുടുംബസുഹൃത്തിന്റെ വീടായ കല്ലുഴത്തിൽ തറവാട്ടിൽ അദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചായിരുന്നു പന്തളം തെക്കേക്കരയിൽ ‘പ്രവർത്ത്യാർ’ ജോലി ചെയ്തിരുന്നത് . മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ കോളേജിലേക്ക് പഠിക്കാൻ പോയതും ഇവിടെനിന്നാണ്.. ഗുരു നിത്യചൈതന്യ യതിയും ബാല്യകാലത്ത് നിരവധി തവണ കല്ലുഴത്തിൽ തറവാട്ടിൽ വന്നിട്ടുണ്ട്. നിത്യചൈതന്യയതിയുടെ മാതാവ് വാമാക്ഷിയമ്മയുടെ കുടുംബവീട് കല്ലുഴത്തിൽ തറവാടിന് സമീപമായിരുന്നു.
പിന്നീട് അവർ ഭർത്താവ് കവി പന്തളം രാഘവപണിക്കർക്കൊപ്പം കുടുംബസമേതം കോന്നി ‘വകയാർ ‘ എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയായിരുന്നു . അന്താരാഷ്ട്ര ഖ്യാതി നേടിയ അതിവേഗ ചിത്രകാരനും പ്രമുഖ പാരിസ്ഥിതിക ദാർശനികനുമായ ജിതേഷ്ജിയാണ് കല്ലുഴത്തിൽ തറവാട്ടിൽ ഇപ്പോഴത്തെ അവകാശിയും സ്ഥിരതാമസക്കാരനും.
‘ഹരിതാശ്രമം’ പാരിസ്ഥിതിക ആത്മീയ ഗുരുകുലത്തിന്റെയും എക്കസഫി ആൻഡ് ബയോ ഡൈവേഴ്സിറ്റി പഠനകേന്ദ്രത്തിന്റെയും ആസ്ഥാനം കൂടിയാണ് ഇപ്പോൾ കല്ലുഴത്തിൽ തറവാടിന്റെ പൂമുഖം