റോഡിനിരുവശവും നിറഞ്ഞ പച്ചപ്പ്. എന്നാൽ ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ അത് പര്യാപ്തമായില്ല. ഒരുവശത്തുകൂടി നിറഞ്ഞൊഴുകുന്ന മാൺഡോവി റിവറിന്റെ ഓളപ്പരപ്പിൽ ബോട്ടുകൾ താളം തുള്ളുന്നു.ബോട്ടുയാത്രയ്ക്ക് ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന സഞ്ചാരികളുടെ നീണ്ട ക്യൂ കണ്ടു. ഉച്ചയോടെ ഞങ്ങൾ പൻജിമ്മിലെ തിരക്കേറിയ ഒരു മാർക്കറ്റിൽ എത്തി. ഉപ്പുതൊട്ട് കർപ്പൂരംവരെ എന്തും കിട്ടാവുന്ന മാർക്കറ്റ്. പക്ഷേ വിലയിൽ കിടുകിടാ മാറ്റം വരുത്താൻ കച്ചവടക്കാർ തയ്യാറല്ല. എല്ലായിടത്തും ഫിക്സഡ് പ്രൈസ്. തെരുവിൽ ഒരു കച്ചവടക്കാരൻ കുറെ കളിച്ചെണ്ടയുമായി നടക്കുന്നു. കുഞ്ഞുണ്ണിക്ക് ഞാനൊരു കളിച്ചെണ്ട വാങ്ങി. അഞ്ജു ഏൽപ്പിച്ച പഞ്ചലോഹപ്പാദസരത്തിനായി കുറേ കടകൾ കയറിയിറങ്ങി. പക്ഷേ സ്വർണ്ണം, വെള്ളി കൊലുസുകളല്ലാതെ മറ്റൊന്നും അവിടെയൊന്നും ഉണ്ടായിരുന്നില്ല.
വെയിലിന് കടുപ്പം കൂടിക്കൂടി വരുന്നു.ഷോപ്പിംഗ് പെട്ടെന്ന് അവസാനിപ്പിച്ച് ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി, “കോൾവ ബീച്ച്”. കടലിന്റെ മനോഹാരിതയല്ലാതെ മറ്റൊന്നും എനിക്കവിടെ കാണാൻ കഴിഞ്ഞില്ല. കടൽത്തീരം വൃത്തിഹീനമായിരുന്നു.തടിച്ചു കൊഴുത്ത കുറേ പശുക്കൾ കൂട്ടംകൂടി ഒരു മരത്തണലിൽ അയവിറക്കിക്കിടക്കുന്നു.അവറ്റയുടെ ചാണകത്തിന്റെ ഗന്ധമാണ് അവിടെയാകെ. അവറ്റയോടു കൂട്ടുകൂടാൻ കുറെ തെണ്ടിപ്പട്ടികളും. മുകളിൽ കത്തുന്ന വെയിൽ.എനിക്ക് അവിടെനിന്ന് എത്രയുംവേഗം പോയിക്കിട്ടിയാൽ മതിയെന്നായി.
” ഭക്ഷണം കഴിക്കേണ്ടേ?” ചോദ്യം എന്നോടാണ്. Sea food കിട്ടുന്ന വിവിധതരം റസ്റ്റോറന്റുകൾ ചുറ്റിലും.തികഞ്ഞൊരു സസ്യാഹാരിയായ എനിക്ക് മനംപുരട്ടിവന്നു. കുറെദൂരം ചെന്നപ്പോൾ ഒരു വെജിറ്റേറിയൻ റെസ്റ്റോറന്റ് കണ്ടു. “ഉഡുപ്പി ഹോട്ടൽ”. വിശപ്പ് കത്തിക്കാളിനിൽക്കുന്നു.രുചിയോടെ ഊണ് കഴിച്ചു. നല്ല തലവേദന ഉണ്ട് . വെയിലിന്റെ ചൂടും, ഊണ് വൈകിയതുമൊക്കെ കാരണമാകാം. ഞങ്ങൾ അന്നത്തെ കറക്കം അവസാനിപ്പിച്ച് ശ്രദ്ധയിലേക്ക് മടങ്ങി.
അടുത്ത ദിവസം ഞങ്ങൾ ഗോകർണത്തേക്ക് യാത്രയായി. സജീവും സിനിയും കുട്ടികളും ഞങ്ങളെ റെയിൽവേ സ്റ്റേഷൻവരെ അനുഗമിച്ചു.ഉച്ചഭക്ഷണത്തിനു ലഭിച്ചത് ചപ്പാത്തിയും ദാൽക്കറിയും. നാലുമണിയോടെ ഞങ്ങൾ ഗോകർണ റെയിൽവേ സ്റ്റേഷനിൽ എത്തി. ഇനി കുഡ്ലെ ബീച്ചിലുള്ള “ഗോകർണ ഇന്റർനാഷണൽ ബീച്ച് റിസോർട്ട് “വരെ പോകണം. സ്റ്റേഷനിൽ നിന്ന് ഒരു ടാക്സിയെടുത്തു ഞങ്ങൾ യാത്രയായി. ഡ്രൈവർ ഒരു പയ്യൻ. വായ്ക്ക് വിശ്രമം കൊടുക്കാതെ അവൻ പാൻപരാഗ് ചവച്ചുകൊണ്ടിരിക്കുന്നു. അത് കൈവെള്ളയിൽ ഇട്ടുപൊടിച്ച് ചുണ്ടിനും മോണയ്ക്കുമിടയിൽ തിരുകുന്നത് ഞാൻ സഹതാപത്തോടെ നോക്കിയിരുന്നു. ഇനിയും ഒരുപാട്കാലം ജീവിക്കേണ്ട കുട്ടികൾ! ഇവരുടെയൊക്കെ ലൈഫ് എത്രമാത്രം ആരോഗ്യപ്രദമാകും?
4:45 ഓടെ പാറക്കെട്ടുകൾ നിറഞ്ഞ ഒരു സ്ഥലത്ത് ഡ്രൈവർ വാഹനം നിർത്തി. അവിടെനിന്നുതന്നെ കടലിരമ്പം കേൾക്കാമായിരുന്നു. ഇനിയങ്ങോട്ട് നടന്നു പോകണം. ഇറങ്ങിപ്പോകാൻ കുറെ കൽക്കെട്ടുകൾ.
ഉള്ളിൽ അഞ്ജുവിനോട് പരാതി പറഞ്ഞു.
” എന്റെ കുട്ടീ,വയസ്സന്മാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? ഞങ്ങൾക്ക് ഇത്ര ദൂരം നടക്കാൻ പറ്റില്ല എന്ന് ആദ്യമേ പറഞ്ഞതാണല്ലോ.എന്നിട്ടും ഇങ്ങനെയൊരു സ്ഥലത്ത് ഹോട്ടൽ ബുക്ക് ചെയ്തത് എന്തിനാ? ”
പെട്ടിയും ബാഗും ഇറക്കിവച്ച് ഡ്രൈവർ കൂലിക്കായി കാത്തുനിൽക്കുന്നു. താഴേക്ക് ഇറങ്ങിപ്പോകുന്ന കൽക്കെട്ടുകളെ ഞാൻ ദയനീയമായി നോക്കി. അവിടെങ്ങും മനുഷ്യവാസം ഉള്ളതായിപ്പോലും തോന്നിയില്ല. മലയാളികളായ കുട്ടികളുടെ ഒരു ടൂറിസ്റ്റ്ബസ്സും അവിടെ പാർക്ക് ചെയ്തിരുന്നു. 18 ഉം 20 ഉം വയസ്സ് തോന്നിക്കുന്ന ആൺപിള്ളേർ ഉഷാറോടെ “ചറപറ” സംസാരിച്ചുകൊണ്ട് കൽപ്പടികൾ ചാടിയിറങ്ങുന്നു. പെട്ടി വലിച്ച്,ക്ഷീണിച്ചു നീങ്ങുന്ന ഞങ്ങളെ ചിലർ സഹതാപപൂർവ്വം വീക്ഷിക്കുന്നുണ്ട്. കൽക്കട്ടുകളും പാറക്കൂട്ടങ്ങൾ നിറഞ്ഞ കുണ്ടനിടവഴികളും പിന്നിട്ട് ഞങ്ങൾ കടൽത്തീരത്ത് എത്തി. എവിടെ റിസോർട്ട്? വന്ന വഴി തെറ്റിപ്പോയോ? ഡ്രൈവർ ഞങ്ങളെ എവിടെയാണ് കൊണ്ടിറക്കിയത്? ഒരു പയ്യൻ ആ മണൽത്തിട്ടയിലൂടെ നടന്നുവരുന്നത് കണ്ടു. അവനോട് ഞങ്ങൾ ഗോകർണ ഇന്റർനാഷണൽ ബീച്ച് റിസോർട്ട് ഇവിടെ അടുത്താണോ എന്ന് അന്വേഷിച്ചു.
” അതാ അക്കാണുന്ന റെഡ് ബിൽഡിംഗ് കണ്ടില്ലേ, അതാണ്”
എന്റെ ഹൃദയമിടിപ്പ് നിലച്ചു പോയോ എന്ന് സംശയം! അങ്ങകലെ ഒരു പൊട്ടുപോലെ കാണുന്നതാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം!
” അപ്പുറത്ത് കൂടി റോഡ് ഉണ്ടായിരുന്നല്ലോ? കുറച്ചുകൂടി എളുപ്പമായേനെ!എന്തിനാ ഇതിലൂടെ വന്നത്? ”
ആ കുട്ടിയുടെ ചോദ്യം കേട്ട് ഞങ്ങൾ പകച്ചുനിന്നു. അവൻ അടുത്തുള്ള മറ്റൊരു റിസോർട്ടിലെ ജോലിക്കാരനണത്രേ. കണ്ണൂരാണ് സ്വദേശം. പയ്യനോട് നന്ദി പറഞ്ഞ് ഞങ്ങൾ കടൽത്തീരത്തുകൂടെ കിതച്ചുവലിച്ചു യാത്രതുടർന്നു. കൂട്ടംകൂട്ടമായ പാറക്കെട്ടുകളിലേക്ക് അടിച്ചു കയറുന്ന തിരകൾ! കാണാൻ നല്ല ഭംഗി! മഴക്കാർ ഉള്ളതുകൊണ്ടാകാം സൂര്യന്റെ നേർക്കാഴ്ച ഞങ്ങൾക്ക് ലഭിച്ചില്ല.
നടന്നു തളർന്ന ഞങ്ങൾ താമസസ്ഥലത്ത് എത്തിയപ്പോഴേക്കും അഞ്ചുമണി കഴിഞ്ഞിട്ടുണ്ടാവും. പത്തടി നടക്കാനുള്ള സ്കൂളിലേക്ക് വീട്ടിൽനിന്ന് ഓട്ടോ എടുക്കുന്ന ഞാനാണ് ഇത്രയും ദൂരം നടന്നത് എന്ന് ആലോചിച്ചപ്പോൾ അത്ഭുതം തോന്നി. മുന്നിൽ മറ്റൊരു വഴിയും ഇല്ലെങ്കിൽ നാം എന്തും ചെയ്തുപോകും എന്നെനിക്ക് മനസ്സിലായി. കടലിന് അഭിമുഖമായിരുന്നു ഞങ്ങൾക്ക് കിട്ടിയ മുറി. നല്ല ഭംഗിയുള്ള കടൽക്കാഴ്ച. മുറിയിൽ കയറി ഫ്രഷായി വന്നപ്പോഴേക്ക് തീരത്ത് ഇരുട്ട് വീണുതുടങ്ങിയിരുന്നു.മഴക്കോളുണ്ടെന്ന് തോന്നുന്നു. ചിലപ്പോൾ രാത്രി പെയ്തേക്കാം. ഗോകർണേശ്വരന്റെ നാട്ടിൽ എത്തിപ്പെട്ടതിന്റെ സായുജ്യം ആ ബുദ്ധിമുട്ടുകൾക്കിടയിലും കുളിരായി ഉള്ളിലേക്ക് ആഴ്ന്നിറങ്ങി. ഈ യാത്രയുടെ പ്രധാന ലക്ഷ്യവും അതുതന്നെയല്ലേ? ഭഗവാന്റെ പാദത്തിലൊന്ന് തൊട്ടുണങ്ങണം.
ശാന്തമായ മനസ്സോടെ,കടലിന്റെ താളത്തിനു കാതോർത്ത് ഞാൻ കിടക്കയിലേക്ക് വീണു.