Sunday, December 22, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 6) 'ആഴമേറുന്തോറും...

റെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 6) ‘ആഴമേറുന്തോറും കൂടിക്കൂടിവരുന്ന അന്ധകാരം’

റെക്സ് റോയി

അധ്യായം 6

ആഴമേറുന്തോറും കൂടിക്കൂടിവരുന്ന അന്ധകാരം

” വായിച്ചു തീർന്നോ.” ഫയലിലേക്ക് ചൂണ്ടിക്കൊണ്ട് ഗൗതം മുതലാളി ചോദിച്ചു.
” ഏറെക്കുറെ സാർ”
” എനിക്ക് അവരെ കൊല്ലാൻ കഴിയുമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?” അദ്ദേഹത്തിൻ്റെ പൊടുന്നനെയുള്ള ചോദ്യം കേട്ട് ഞാൻ ഒരു അടി പിറകോട്ട് മാറി. എന്റെ മുഖം ചുവന്നു തുടുത്തു. അവൾ ഒറ്റിയിരിക്കുന്നു. അവളെ പറഞ്ഞിട്ട് കാര്യമില്ല. അവൾക്ക് ശമ്പളം കൊടുക്കുന്നത് ഇയാളാണല്ലോ. അപ്പോൾ കൂറ് ഇയാളോട് മാത്രമാകണമല്ലോ. ഞാനറിയാതെ പല്ലിറുമ്മിപ്പോയി.
” താങ്കൾ നാൻസിയെ വിളിച്ചപ്പോൾ ഞാനും അവളുടെ അടുത്ത് ഉണ്ടായിരുന്നു. ഹഹഹ, ഞാൻ എല്ലാം കേട്ടു”.
എൻെറ നോട്ടം ഇന്റർ കോമിൽ ചെന്ന് പതിച്ചു.
” താങ്കൾ ആ ഇന്റർകോം എടുക്കുമ്പോൾ ഓട്ടോമാറ്റിക്കായി നാൻസിയുടെ മൊബൈലിലേക്കാണ് കണക്ട് ചെയ്യുന്നത്. ടെക്നോളജി, മാൻ, ടെക്നോളജി.”

ബെസ്റ്റ്.

” സാർ …. ഞാൻ ….. അത് പിന്നെ ….”
” ങാ, അത് വിട് , അത് വിട്. നിങ്ങളെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഓരോരുത്തന്മാർ ഓരോന്ന് അടിച്ചിറക്കും. അതെല്ലാം വിശ്വസിക്കാനും കുറെ പേർ. തോമസൊന്ന് ആലോചിച്ചു നോക്കിക്കേ. ഞാൻ ദൈവത്തെപ്പോലെ ആരാധിച്ചു കൊണ്ടിരുന്ന ഒരാളെയാണ് ഞാൻ കൊന്നെന്നു പറയുന്നത്. അത് പ്രചരിപ്പിക്കുന്നത് മറ്റാരുമല്ല അദ്ദേഹത്തെയും ഭാര്യയെയും കൊന്നൊടുക്കിയവർ തന്നെയാണ്. താങ്കൾക്കറിയാമോ ? അവരെല്ലാം ഇപ്പോൾ ജയിലിലാണ്. ഒരെണ്ണത്തെപ്പോലും വിട്ടു പോകാതെ എല്ലാത്തിനെയും തപ്പി പിടിച്ചു കൊണ്ടുവന്നു നിയമത്തിന്റെ മുമ്പിൽ എത്തിച്ചു. വർഷങ്ങൾ നീണ്ട നിയമ പോരാട്ടം. ഒരുത്തനെയും വിട്ടില്ല. എല്ലാത്തിനെയും പൊക്കി.” ഒരു വന്യമായ തിളക്കം ഇത് പറയുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകളിൽ എനിക്ക് കാണ്മാനായി. ” അല്ല, ഇതെല്ലാം ഈ ഫയലിൽ ഉണ്ടല്ലോ. താങ്കൾ വായിച്ചില്ലേ ?”

” വായിച്ചു സാർ, വായിച്ചു സാർ. പക്ഷേ അവരെല്ലാം …….”
” അതെ എല്ലാം ബന്ധുക്കളാണ്. അടുത്ത ബന്ധുക്കൾ. ഫസ്റ്റ് കസിൻസ്.” അദ്ദേഹം പുച്ഛഭാവത്തിൽ പറഞ്ഞു.
” അവരുടെ സ്വത്തല്ലാം തോന്ന്യവാസം കാണിച്ചു കളഞ്ഞു കുളിച്ചിട്ട് അദ്ദേഹത്തിന്റെ കൈയിൽ നിന്ന് ഷെയർ വേണമത്രേ ! ബിസിനസുകൾ ചെയ്യാൻ അറിയാൻ പാടില്ലാത്തവൻ അതിനു പോകരുത്. അവസാനം തന്റെയും സ്വത്തുക്കൾ ഇവന്മാർ കൊണ്ട് കളഞ്ഞു കുളിക്കും എന്ന് മനസ്സിലായ അദ്ദേഹം തൻ്റെ ബിസിനസ് എല്ലാം ഒരു ട്രസ്റ്റിന്റെ കീഴിലാക്കാൻ വേണ്ടി ശ്രമം തുടങ്ങി. ട്രസ്റ്റ് നിലവിൽ വന്നാൽ അവന്മാരുടെ തോന്ന്യാസത്തിന് അഞ്ചു പൈസ കിട്ടില്ല എന്ന് അവന്മാർക്ക് മനസ്സിലായി. അതിനാ അദ്ദേഹത്തെ കൊന്നു കളഞ്ഞത്. പക്ഷേ അവന്മാരുടെ പ്ലാനുകളെല്ലാം ചീറ്റിപ്പോയി.”

” ഓഹോ അപ്പോൾ അദ്ദേഹം ട്രസ്റ്റ് ഉണ്ടാക്കിക്കഴിഞ്ഞാണ് മരിച്ചത് അല്ലേ ? അവരെല്ലാം ആ ട്രസ്റ്റിൽ മെമ്പേഴ്സ് ആണോ സർ ?” അറിയാതെ വായിൽ നിന്ന് വീണു പോയതാണ്.

അദ്ദേഹം തൻ്റെ ചുരുട്ടിൽ ആഞ്ഞു വലിച്ച ശേഷം പുക പുറത്തേക്ക് ഊതിക്കൊണ്ട് എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്നെ ചെറുതായിട്ട് വിറയ്ക്കാൻ തുടങ്ങി. അങ്ങനെയൊന്നും ചോദിക്കണ്ടായിരുന്നു. പറ്റിപ്പോയി.

പിന്നെ ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു ” എൻ്റെ ജീവകഥയെഴുതാൻ ഒരുത്തനും തയ്യാറാകാഞ്ഞത് എന്താണെന്ന് താങ്കൾ ചിന്തിച്ചിട്ടില്ലേ ?”
ചിന്തിച്ചിട്ടുണ്ടോന്നോ ? അതുമാത്രമല്ലായിരുന്നോ ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത് !
” സർ അത് പിന്നെ …..”
” എനി ഗസ്സ്”
പിന്നെ തീർച്ചയായും !
” ഇല്ല സാർ… ”
” ഞങ്ങൾ ബിസിനസുകാർക്ക് ചതിയും തട്ടിപ്പും കൊലപാതകവും എല്ലാം സന്തതസഹചാരികളാണ്. എല്ലാ ദിക്കിൽ നിന്നും ആക്രമണങ്ങൾ ഉണ്ടാവും. പടവെട്ടി പടവെട്ടി നിന്നാലേ നിലനിൽപ്പുള്ളു. എൻ്റെ ജീവകഥ, താങ്കൾ പറഞ്ഞതുപോലെ ഒരു ക്രൈം ത്രില്ലർ ആണ് . അത് ഒരുപാട് പേരെ ബാധിക്കും. രാഷ്ട്രീയക്കാർ, സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, പകൽ മാന്യന്മാർ, ആൾദൈവങ്ങൾ, സെലിബ്രിറ്റികൾ അങ്ങനെ ഒരുപാട് പേരുണ്ട് തോമസേ , എൻ്റെ കയ്യിൽ നിന്നും മാസപ്പടി വാങ്ങുന്നവർ. മാസപ്പടി മാത്രമല്ല എന്തൊക്കെ കാര്യങ്ങൾ ഞാൻ ഇവർക്കൊക്കെ ചെയ്തു കൊടുത്തിരിക്കുന്നു. എൻ്റെ കഥ പുറത്തു വന്നാൽ ഇവരുടെയൊക്കെ തല നിലത്തു കൂടെ ഉരുളുമെന്ന് ഇവരെല്ലാം ഭയക്കുന്നു. എൻ്റെ കഥ പകുതി കേട്ടപ്പോഴേ പലരും അപകടം മണത്തു പിൻവാങ്ങി. ബാക്കിയുള്ളവരെ ഇവന്മാരെല്ലാവരും കൂടി ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. എനിക്ക് ഇതല്ലാതെ വേറെ മാർഗം ഇല്ലാതായിപ്പോയി തോമസെ” എൻ്റെ നേരെ കൈ മലർത്തിക്കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.

ഞാൻ ഊഹിച്ചിരുന്നു. പക്ഷേ അതുമാത്രമാണോ കാരണം ? പലതും അങ്ങോട്ടു മാച്ചാവുന്നില്ലല്ലോ. എവിടെക്കെയോ എന്തൊക്കെയോ ചേർച്ചക്കുറവ്. ഏതായാലും എൻ്റെ കാര്യം തീരുമാനമായി. ഒന്നുകിൽ ഇദ്ദേഹം അല്ലെങ്കിൽ മറ്റുള്ളവർ. ആരുടെയെങ്കിലും കയ്യാൽ തീർന്നിരിക്കും.
” തോമസിനും വേറെ മാർഗ്ഗമില്ല.”
എനിക്കറിയാം സാർ. പെട്ടെന്ന് മറ്റൊരു ഐഡിയ എൻ്റെ മനസ്സിൽ മിന്നിമറഞ്ഞു. സ്വന്തം ജീവൻ അപകടത്തിൽപ്പെട്ടിരിക്കുമ്പോൾ ആണല്ലോ തലച്ചോർ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുക.

” സർ ഞാൻ ഒരു കാര്യം കൂടി പറഞ്ഞോട്ടെ?”
” പറഞ്ഞോളൂ തോമസ് , എന്താണത്?”
” നമ്മൾക്ക് ഈ കഥ ഒരു തൂലികാനാമത്തിൽ എഴുതിയാലോ ? എഴുത്തുകാരനും കാണാമറയത്ത് ഇരിക്കുമ്പോൾ ഒരു സസ്പെൻസ് വരും. ആരെഴുതി, എങ്ങനെ എഴുതി, എപ്പോൾ എഴുതി , ഇതൊക്കെ സത്യമാണോ, ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വരും. ഇല്ലെങ്കിൽ നമ്മൾ ഉണ്ടാക്കും. ”
” താങ്കൾ പറഞ്ഞ ആ മീഡിയ ഹൈപ്പിനു വേണ്ടിയാണോ? ”
” അതെ സാർ , രഹസ്യങ്ങൾ ഉണ്ടെന്നു കേട്ടാൽ അതെന്താണെന്നറിയുന്നതു വരെ ആളുകൾക്ക് ഇരിക്കപൊറുതിയുണ്ടായിരിക്കുകയില്ല. അത് എല്ലാ മനുഷ്യരുടെയും ഒരു സൈക്കോളജിയാണ്.”
” ങാ , ആ ഐഡിയ കൊള്ളാം. രഹസ്യം ഉണ്ടെന്നു പറഞ്ഞാൽ എല്ലാവനും ഓടി എത്തിക്കോളും”
” അതെ സർ. മറ്റുള്ളവരുടെ രഹസ്യങ്ങൾ അന്വേഷിച്ച് നടക്കുക എന്നത് എല്ലാ നാട്ടുകാരുടെയും ഒരു ഹോബിയാണ്. അന്വേഷിച്ചു കണ്ടെത്തിയിട്ട് എന്ത് ചെയ്യാനാണ് എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമില്ല. പക്ഷേ എല്ലാവർക്കും മറ്റുള്ളവരുടെ രഹസ്യങ്ങൾ അറിയണം. അതിനുവേണ്ടി എന്തും നൽകാൻ തയ്യാറാവും.”
” അതെയതെ അതെ”
” പക്ഷേ നമ്മൾ എഴുതുമ്പോൾ വളരെ സൂക്ഷിച്ചെഴുതണം. ആൾക്കാർ തലനാരിഴ കീറി അത് പരിശോധിക്കും. ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണോ നുണയാണോ എന്നതിനെപ്പറ്റി വലിയ ചർച്ചകൾ നടക്കും. ചിലർ തങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ എന്ന് പറഞ്ഞ് ഉള്ളതും ഇല്ലാത്തതുമെല്ലാം ഇതിനോട് കൂട്ടിച്ചേർക്കും. അതുകൊണ്ട് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.” അതുപറഞ്ഞ് ഞാൻ വളരെ പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി.
ഞാൻ പറഞ്ഞതെല്ലാം അദ്ദേഹം ഗ്രഹിക്കുന്നുണ്ടോ ? അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു മന്ദസ്മിതം കളിയാടി നിൽക്കുന്നു. ഒരുപക്ഷേ തൻ്റെ കഥ ലോകം മുഴുവൻ ചർച്ചയാകുന്നത് സ്വപ്നം കാണുകയായിരിക്കും !

എന്നാലും ഒരു സംശയം ബാക്കി . ഇദ്ദേഹത്തിന് ഇതെന്തിന്റെ കേടാണ്? എന്തിനാണ് ഈ കഥകൾ എല്ലാം കൂടെ നാട്ടുകാരോട് വിളിച്ചു പറയാൻ നിൽക്കുന്നത് ?

തൂലികാനാമത്തിൽ എഴുതിയാൽ, എൻ്റെ പേര് രഹസ്യമായി വെക്കാൻ പറ്റിയാൽ, ഇദ്ദേഹം ദ്രോഹിക്കാൻ പോകുന്നവരുടെ പ്രതികാരത്തിൽ നിന്ന് ചിലപ്പോൾ രക്ഷനേടാനായേക്കും. അങ്ങനെയെങ്കിൽ പിന്നെ ഇദ്ദേഹത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതിയല്ലോ. സമയമാകുമ്പോൾ എന്തെങ്കിലും വഴി തെളിയുമായിരിക്കും. എന്തായാലും ഇതുവരെ ഒപ്പിച്ചു.

അദ്ദേഹത്തിൻ്റെ മുഖത്ത് നിറഞ്ഞുനിൽക്കുന്ന സന്തോഷം കണ്ടപ്പോൾ എനിക്ക് കുറച്ചുകൂടി ധൈര്യമായി.
” സാർ”
” യേസ്”
” സാറിന് എന്നോട് വിരോധം ഒന്നും തോന്നുക ഇല്ലെങ്കിൽ ഞാൻ ഒരു ചോദ്യം കൂടി ചോദിച്ചോട്ടെ?”
” തോമസിനോട് വിരോധമോ ? എന്തിന്? ഹ ഹ ഹ , ധൈര്യമായിട്ട് ചോദിക്കൂ തോമസ്.”
” അല്ല സാർ… അത് പിന്നെ ….. സാർ ഇങ്ങനെ ആത്മകഥ എഴുതാൻ തീരുമാനിച്ചതിന് പിന്നിൽ എന്തെങ്കിലും പ്രത്യേക ഉദ്ദേശമുണ്ടോ ? ഐ മീൻ എന്തെങ്കിലും ലക്ഷ്യങ്ങൾ. ഞാൻ വേറൊന്നും കൊണ്ടല്ല സാർ അങ്ങനെ ചോദിച്ചത്. എന്തെങ്കിലും പ്രത്യേക ലക്ഷ്യമുണെങ്കിൽ അതിൽ ശ്രദ്ധ ചെലുത്തി അതിനനുസരിച്ച് കഥ മുന്നോട്ടു കൊണ്ടുപോകാമായിരുന്നു. അതാ ഞാൻ അങ്ങനെ ചോദിച്ചത് ?”
അദ്ദേഹത്തിൻറെ കണ്ണുകൾ ചെറുതാവുന്നതും മുഖം കനക്കുന്നതും ഞാൻ പേടിയോടെ നോക്കി.
” ലക്ഷ്യങ്ങൾ ഉണ്ടോന്നോ ? ലക്ഷ്യങ്ങൾ മാത്രമേ ഉള്ളൂ. കോടീശ്വരനായ എനിക്ക് കഥ എഴുതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യമില്ല തോമസ്. ആത്മകഥ എഴുതണമെന്ന് എനിക്ക് തോന്നിയത് എപ്പോഴാണെന്ന് തോമസിനറിയാമോ ?”

അദ്ദേഹം കൂടുതൽ പറയാനായി ഞാൻ കാത്തു നിന്നു .
” തോമസിന് മഹേഷിനെ അറിയില്ലേ. എന്നെപ്പോലെ വലിയ ബിസിനസുകാരനും എന്റെ എതിരാളിയും ആണ്. അയാൾ എഴുതിയ ആത്മകഥ തോമസ് വായിച്ചിട്ടുണ്ടാകുമോ ? ‘ എൻ്റെ ആതിഥ്യമര്യാദകൾ’ അതാണ് ആ പുസ്തകത്തിന്റെ പേര്. വായിച്ചിട്ടുണ്ടോ ?”
” ഇല്ല സാർ”
ഞാൻ പൊതുവെ ആത്മകഥയൊന്നും വായിക്കാത്ത ആളാണല്ലോ.

” ഞാൻ അങ്ങനെ പുസ്തകങ്ങൾ ഒന്നും വായിക്കാത്ത ആളാണ്. എന്നെപ്പറ്റി മോശമായിട്ട് പലതും അയാൾ എഴുതി പിടിപ്പിച്ചിട്ടുണ്ടെന്ന് കേട്ടാണ് ഞാൻ ആ പുസ്തകം വാങ്ങി വായിക്കുന്നത്. ലോകത്തെ ഏറ്റവും അധഃപതിച്ച മനുഷ്യനായിട്ടാണ് അയാൾ എന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. തോമസ് പുസ്തകം വായിച്ചിട്ടില്ലെങ്കിൽ മേലാൽ വായിക്കരുത്. എൻ്റെയൊരു രീതിക്ക് അവനെ കുടുംബത്തോടെ കത്തിക്കുകയാണ് വേണ്ടത്. എന്റെ പഴയ സെക്രട്ടറിയാണ് ഇങ്ങനൊരു ഐഡിയ ഇട്ടു തന്നത്. അതേ നാണയത്തിൽ തന്നെ അവന് മറുപടി കൊടുക്കുക. ഞാനാരാണെന്നും എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്നും ഞാൻ കാണിച്ചു തരാം.” അതും പറഞ്ഞ് അദ്ദേഹം കാർക്കിച്ചു തുപ്പി. ” ഫൂ *** മോൻ”
” പേനയ്ക്ക് വാളിനേക്കാൾ ശക്തിയുണ്ട്, അതോ അധികാരമുണ്ടോ? അങ്ങനെയേതാണ്ട് ഇല്ലേ തോമസെ ? ആ, ആരോ എപ്പോഴോ പറഞ്ഞതാണ്. ഏത് അധികാരവും വാങ്ങിച്ചെടുക്കാനുള്ള പണം എനിക്കുണ്ട്. പേനയുടെ അധികാരമോ ? വാക്കുകളുടെ അധികാരമോ ? ശക്തിയോ ? അതെന്താണെങ്കിലും എനിക്ക് വേണം. അതിനെന്തു ചെലവു വരും തോമസെ ?”

ഞാൻ ഒന്നും മിണ്ടാനാവാതെ സ്തംഭിച്ചു നിന്നു . എന്തൊക്കെയാണ് ഇദ്ദേഹം പറയുന്നത് ? യഥാർത്ഥത്തിൽ എന്താണ് ഇദ്ദേഹത്തിന് വേണ്ടത് ? മഹാന്മാരായവർ ആത്മകഥ എഴുതുന്നതുപോലെ ആത്മകഥ എഴുതി മഹാനാവാനുള്ള ശ്രമമാണ് എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ മുന്നോട്ടു ചെല്ലും തോറും സംഗതികൾ ആകെ കുഴഞ്ഞു മറിയുകയാണല്ലോ. അവസാനം എവിടെ ചെന്ന് നിൽക്കുമോ എന്തോ!
അതിനെന്ത് ചെലവ് വരുമത്രേ ! വാക്കുകളുടെ ശക്തി പണം മുടക്കി സ്വന്തമാക്കണം പോലും ! ആദ്യം പണമുണ്ടാക്കാനായി മനുഷ്യൻ ഓടി നടക്കുന്നു. പണം കുമിഞ്ഞുകൂടുന്നതോടെ അധികാരത്തിനായി പിന്നെയുള്ള ഓട്ടം.
” മനുഷ്യരൂപമുള്ള കൊതുകുകളെ തോമസ് കണ്ടിട്ടുണ്ടോ ? സാധാരണ കൊതുകുകൾ മനുഷ്യരുടെ ചോര മാത്രമേ കുടിക്കുകയുള്ളൂ. അതും അവരുടെ ആവശ്യത്തിനു മാത്രം. മറ്റു മനുഷ്യരുടെ സ്വത്തും പണവും മുഴുവനായി ഊറ്റിക്കുടിക്കാൻ നടക്കുന്ന മനുഷ്യരൂപമുള്ള കൊതുകുകളെ കണ്ടിട്ടുണ്ടോ ? മറ്റുള്ളവരെ ചൂഷണം ചെയ്ത് മാത്രം ജീവിക്കുന്ന ഒരു പറ്റം ഇരുകാലി മൃഗങ്ങൾ . എല്ലാറ്റിന്റെയും മുഖംമൂടി എനിക്ക് വലിച്ചു കീറണം.”

ഞാൻ അത്ഭുതപരതന്ത്രനായി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ധനവാന്മാർ സംതൃപ്ത ജീവിതം നയിക്കുന്നവരാണ് എന്നാണ് ഞാൻ വിചാരിച്ചു കൊണ്ടിരുന്നത്. ശതകോടീശ്വരനായ ഇദ്ദേഹത്തിന്റെ രോഷം കാണുമ്പോൾ …… ചൂഷണം തന്നെയല്ലേ ഇദ്ദേഹത്തിന്റെ ബിസിനസ്. ഇദ്ദേഹത്തിന്റെ തന്നെ ഡിസ്റ്റിലറിയിൽ ഉണ്ടാക്കുന്ന മദ്യം എത്ര ഇരട്ടി വിലക്കാണ് ഇദ്ദേഹം വിൽക്കുന്നത്. ഇദ്ദേഹത്തിൻറെ മറ്റ് ബിസിനസുകളും ചൂഷണം തന്നെയല്ലേ. ചൂഷകരെ ചൂഷണം ചെയ്ത് ജീവിക്കുന്ന മറ്റൊരു ഉപരിപ്ലവ സംഘവുമുണ്ടാകും. ഈ ലോകം അങ്ങനെയാണ്. ശതകോടീശ്വരനായ ഇദ്ദേഹം ചൂഷകരെപ്പറ്റി ഇത്രയധികം രോഷംകൊള്ളുമ്പോൾ എന്നും ചൂഷണത്തിന് മാത്രം ഇരയാകാൻ വിധിക്കപ്പെട്ട നമ്മളെപ്പോലുളള സാധാരണക്കാരൊക്കെ എങ്ങനെ പ്രതികരിക്കണം.

അദ്ദേഹം അൽപനേരം എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് നിന്നു. ഞാൻ ആകെ പരുങ്ങലിലായി. ഒരു പതർച്ചയോടെ ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി.
” താങ്കൾക്ക് പേടിയുണ്ടോ തോമസ് ?” എന്റെ മനസ്സ് വായിച്ചിട്ട് എന്നപോലെ അദ്ദേഹം ചോദിച്ചു.
” സർ, അത് പിന്നെ …. ഇല്ല സർ, ഒട്ടുമില്ല. സാർ ഉണ്ടല്ലോ എല്ലാം നോക്കാൻ.”
” ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു. ഞാൻ ഇതിനുവേണ്ടി സമീപിച്ചവരൊക്കെ ഓടി പമ്പ കടന്നിട്ടേയുള്ളൂ.”
അദ്ദേഹം മേശയ്ക്ക് നേരെ ഒന്ന് കൈ വീശി . ഞാൻ പകുതി തീർത്തു വെച്ച ഷിവാസ് റീഗലിന്റെ കുപ്പിക്ക് നേരെയാണ് അദ്ദേഹം കൈവീശിയതെന്ന് എനിക്ക് മനസ്സിലായി. ഞാനൊന്നു മുന്നോട്ടാഞ്ഞു. അപ്പോഴേക്കും മേശയ്ക്ക് അടുത്ത് നിന്ന തടിയൻ ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് ആ കുപ്പിയിൽ നിന്ന് വിസ്കി പകർന്നു . ഗ്ലാസുമായി തിരിഞ്ഞ തടിയൻ പെട്ടെന്ന് വീണ്ടും മേശയ്ക്കു നേരേ തിരിഞ്ഞ് മറ്റൊരു ഗ്ലാസ് എടുത്ത് അതിലും വിസ്കി പകർന്നു. മുതലാളി എന്തെങ്കിലും ആംഗ്യം കാട്ടിയിരിക്കാം. രണ്ടു ഗ്ലാസും ഒരു ട്രേയിൽ വെച്ച് അതും എടുത്ത് അയാൾ ഞങ്ങളുടെ അടുത്തേക്ക് എത്തി. ഒരു ഗ്ലാസ് ഗൗതം എടുത്തശേഷം മറ്റേ ഗ്ലാസ് എന്നോട് എടുക്കാൻ ആംഗ്യം കാട്ടി. ഗൗതം മുതലാളി ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കിയശേഷം ചുണ്ടുകൾ തുടച്ചു കൊണ്ട് എന്നോട് ചോദിച്ചു ” ഇവിടുത്തെ ജീവിതം എങ്ങനെയുണ്ട് ? ഇഷ്ടപ്പെട്ടോ? ഒരു മുറിയിൽ ജയിലിൽ ഇട്ട പോലെ അടച്ചിടപ്പെടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ എനിക്ക് വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. ഹ ഹ ഹ , സോറി.”

അദ്ദേഹം വളരെ സന്തോഷവാനായെന്നു തോന്നുന്നു. പറ്റിയ അവസരം.

” സാറിന്റെ മകൻ യുകെയിൽ എം ബി എ ചെയ്യുവാണല്ലേ ?” മാതാപിതാക്കളെ കയ്യിലെടുക്കാൻ അവരുടെ മക്കളെ പുകഴ്ത്തി പറഞ്ഞാൽ മതിയല്ലോ.
” ഭയങ്കര മിടുക്കൻ ആണെന്ന് കേട്ടിട്ടുണ്ട്. സ്കോളർഷിപ്പോടെയാണ് പഠിക്കുന്നത് അല്ലേ ?”

” അതെയതെ . അവൻ തിരിച്ചെത്തിയിട്ട് വേണം ഇതെല്ലാം അവനെ ഏൽപ്പിക്കാൻ .”
” ങേ, അപ്പോൾ സാറോ ?”
” ഞാൻ റിട്ടയർ ചെയ്യും. ബാക്കിക്കാലം സ്വസ്ഥമായി ഒന്നിരിക്കണം.”
” വാട്ട്? സാർ കഷ്ടപ്പെട്ട് പടുത്തുയർത്തിയ സാറിന്റെ ബിസിനസ് സാമ്രാജ്യം ….. സാറിന്റെ അനുഭവപരിചയം ….. ”
” ഹഹഹ അവന് വേണമെങ്കിൽ എന്നെ ഒരു കൺസൾട്ടന്റ് ആയിട്ട് പരിഗണിക്കാം. പക്ഷേ ബായ്ക്ക് സീറ്റ് ഡ്രൈവിംഗ് ഇല്ല . അവൻ മിടുക്കനാ അവൻ നടത്തിക്കോളും . പക്ഷേ അതിനുമുമ്പ് എല്ലാ കാര്യങ്ങളും ക്ലിയർ ആക്കണം.”
” ക്ലിയർ ആക്കുകയോ ? ….ഐ മീൻ …. സോറി സാർ ….”
” സീ തോമസ്, എൻ്റെ അപ്പൻ ഒരു പക്കാ ക്രിമിനൽ ആയിരുന്നു. ഒരു ക്രിമിനലിന്റെ മോനായിട്ടാണ് എന്നെ എല്ലാവരും കാണുന്നത്. മുന്നിൽ നിന്ന് സ്നേഹവും ബഹുമാനവും അഭിനയിക്കുന്നവർ പിന്നിൽ നിന്ന് പുച്ഛിക്കുന്നത് ഞാൻ കാണുന്നുണ്ട് തോമസ്. അവരെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ എന്റെ മോന് ആ അവസ്ഥ വരരുത് . ഒരു മാന്യന്റെ മോനായി എൻ്റെ മകൻ അറിയപ്പെടണം. അപ്പന്റെ പേര് പറഞ്ഞു അവനെ ആരും പുച്ഛിക്കാനോ പരിഹസിക്കാനോ പാടില്ല.”
” പക്ഷേ സർ, സാറിന്റെ പണവും പ്രതാപവും കണ്ട് അസൂയക്കാരല്ലേ ഇങ്ങനെ ഓരോന്നൊക്കെ പറഞ്ഞു നടക്കുന്നത്. പണക്കാരായ എല്ലാവരെയും പറ്റി ആൾക്കാർ ഇങ്ങനെ തന്നെയാണ് പറയുന്നത്. ഈ പണമെല്ലാം അവരെ പറ്റിച്ച് ഉണ്ടാക്കിയതാണ് എന്ന് അസൂയക്കാർ പറഞ്ഞു കൊണ്ടിരിക്കും.”
” അതെയതെ, മാന്യന്മാരെപ്പറ്റി അപവാദം പറഞ്ഞു നടക്കുന്ന കുറെ ഷണ്ഡന്മാർ ! എന്നാലും എനിക്കെല്ലാം ക്ലിയർ ചെയ്യണം. അവനെ ഏൽപ്പിക്കുന്നതിനു മുമ്പ് എല്ലാം ക്ലിയർ ചെയ്യണം.” അതും പറഞ്ഞ് അദ്ദേഹം മുന്നോട്ടു നടന്നു. കൂടെ അദ്ദേഹത്തിന്റെ ഗുണ്ടകളും. പതിവുപോലെ മുറി പുറത്തുനിന്നും പൂട്ടി അവർ പോയി.

ക്ലിയർ ചെയ്യുകയോ ? എന്ത് ക്ലിയർ ചെയ്യണമെന്നാണ് അദ്ദേഹം ഈ പറയുന്നത് ? ചീത്ത പേരുകളോ ? ഒരു മനുഷ്യന് കിട്ടാവുന്ന എല്ലാ ചീത്ത പേരുകളും അദ്ദേഹം തന്റെ ഈ ജീവിതകാലം കൊണ്ട് സമ്പാദിച്ചിട്ടുണ്ട്. അതൊക്കെ എങ്ങനെ ക്ലിയർ ചെയ്യാനാ !? മഹാനായി നടിച്ചുകൊണ്ട് ആത്മകഥ എഴുതിയാൽ ആരെങ്കിലും അതൊക്കെ വിശ്വസിക്കുമോ ? എന്നാലും ….. എന്തു ക്ലിയർ ചെയ്യാനാണ്?

ആലോചിക്കും തോറും അന്ധകാരമാണല്ലോ കൂടിക്കൂടി വരുന്നത്.

തുടരും..

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments