Friday, January 10, 2025
Homeകഥ/കവിതഭയം വേണ്ട, ജാഗ്രത മതി (നർമ്മ കഥ) ✍സുജ പാറുകണ്ണിൽ.

ഭയം വേണ്ട, ജാഗ്രത മതി (നർമ്മ കഥ) ✍സുജ പാറുകണ്ണിൽ.

സുജ പാറുകണ്ണിൽ.

സുഖ സുഷുപ്തിയിലായിരുന്ന കൊറോണ വൈറസ് ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് ഞെട്ടി ഉണർന്നത്. എന്തൊരു ശല്യം ? ഉറങ്ങാനും സമ്മതിക്കില്ലേ. കണ്ണ് തിരുമ്മി നോക്കിയപ്പോൾ മുന്നിൽ എച്ച് വൺ എൻ വൺ ചേട്ടൻ ! എന്താ ചേട്ടാ ശല്യം ചെയ്യുന്നത് ? നീ ഇങ്ങനെ കിടന്നുറങ്ങിക്കോ , പുറത്ത് നടക്കുന്നത് നീ വല്ലതും അറിയുന്നുണ്ടോ ?. എന്ത് നടക്കുന്നു എന്നാ ചേട്ടൻ പറയുന്നത് ?. കൊറോണ പുറത്തേക്ക് ഇറങ്ങിച്ചെന്നു. കൺ കുളിർക്കുന്ന കാഴ്ചയാണ് മുന്നിൽ. ഉണങ്ങി വരണ്ടു കിടന്നിരുന്ന കേരളം ചെളി വെള്ളത്തിൽ കുളിച്ചു നിൽക്കുന്നു. എങ്ങോട്ട് നോക്കിയാലും മലിന ജലം, കുന്ന് കൂടി കിടക്കുന്ന വേസ്റ്റുകൾ , ഓടിനടക്കുന്ന തെരുവുപട്ടികൾ , കാഴ്ച കണ്ട് നിൽക്കുന്ന കൊറോണ വൈറസിനെ തോണ്ടി വിളിച്ച് എച്ച് വൺ എൻ വൺ ചേട്ടൻ പറഞ്ഞു. അതാ , അങ്ങോട്ട്‌ നോക്ക് അവന്മാരുടെ പണി കണ്ടോ ? കൊതുകിന്റെ ഒരു പട തന്നെ ഉണ്ട്. കൊതുകുകൾ മൂളിപ്പാട്ടും പാടി പറന്നു നടക്കുന്നു. കേരളം മുഴുവൻ ഡെങ്കു പരത്തുക എന്നതാണ് ഇവന്മാരുടെ ഈ വർഷത്തെ ലക്ഷ്യം. ഇപ്പോൾ തന്നെ റെക്കോർഡ് ഇട്ടു കഴിഞ്ഞു. അപ്പോഴാണ് അവർ മറ്റൊരു കാഴ്ച കണ്ടത്. വിബ്രിയോ കോളറ തിരക്കിട്ട് അവരുടെ മുന്നിലൂടെ പോകുന്നു. കോളറയും തിരിച്ചു വന്നു. കൊറോണക്ക് അത്ഭുതം. നിർമ്മാർജനം ചെയ്തു എന്നൊക്കെ പറഞ്ഞു ഇവിടെ കുറെ പേർ തട്ടിട്ട് തുള്ളുന്നുണ്ടായിരുന്നല്ലോ. നിനക്കെന്തറിയാം. ഒരു വൈറസും എങ്ങും പോകുന്നില്ല. എത്ര നിർമ്മാർജ്ജനം ചെയ്താലും എവിടെയെങ്കിലും ഒക്കെ ഉണ്ടാകും. അനുകൂലസാഹചര്യം വരുമ്പോൾ ഉണർന്നെണീക്കും. ” ദാ അതുകണ്ടോ വേറൊരുത്തന്റെ ഓട്ടം”.

“ ലെപ്റ്റോസ്പിറ “. എലിപ്പനി പരത്താനുള്ള ഓട്ടമാണ്. അവന്മാരുടെ ബെസ്റ്റ് ടൈം ആണ്. ബോധമില്ലാത്ത മനുഷ്യൻ ഇങ്ങനെ വേസ്റ്റ് കൂട്ടി ഇടുന്നതുകൊണ്ട് എലികൾക്ക് നല്ല ചാകരയല്ലേ. ഈ മനുഷ്യൻ എന്താണ് വേസ്റ്റ് നിർമ്മാർജ്ജനം ഒന്നും നടത്താത്തത്. . “ നീ എന്താണ് പറയുന്നത്. ഈ കാട്ടു കള്ളന്മാർക്ക് അഴിമതി കാണിക്കാൻ പറ്റിയ അവസരങ്ങൾ ഒന്നും അവർ നഷ്ടപ്പെടുത്തുകയില്ല എന്നറിഞ്ഞുകൂടെ. എവിടെയെങ്കിലും വേസ്റ്റ് കുന്നുകൂട്ടിയിടും ഒരുപാടാവുമ്പോൾ തീ കൊടുക്കും. കുറേ ചാനലുകാരും , പത്രക്കാരും ക്യാമറയും തൂക്കി ഇറങ്ങും അത്രയൊക്കെയുള്ളു . നീ പുറത്തിറങ്ങി നടക്കുന്നതൊക്കെ കൊള്ളാം വെള്ളത്തിൽ ഇറങ്ങരുത്. ( Entameoba histolytica ) അമീബ കേരളത്തിൽ റെക്കോർഡ് ഇടാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അല്ലടാ നിനക്കെന്താ ഒരു ഉഷാറില്ലാത്തത് ?. നീ പണിക്കൊന്നും ഇറങ്ങുന്നില്ലേ. ചോദ്യം കേട്ടതും കൊറോണ വൈറസ് നിരാശയോടെ പറഞ്ഞു , ഓ എനിക്കിപ്പോ കണ്ടക ശ്ശനിയാണ് ചേട്ടാ. ഗോവിന്ദകണിയാൻ കവിടി നിരത്തി പറഞ്ഞാരുന്നു. അല്ലെങ്കിലും പണ്ട് ഞാൻ ചൈനയിൽ നിന്നും വന്നപ്പോഴുള്ള പേടിയും ബഹുമാനവും ഒന്നും ഇവർക്കിപ്പോഴെന്നോടില്ലെന്നേ. എല്ലാ അവന്മാരും വാക്സിൻ എടുത്തു. മാത്രമല്ല എന്നെ അകറ്റി നിർത്താൻ മന്ത്രവാദി ഒരു മന്ത്രവും പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. അതേതു മന്ത്രം ! എച്ച് വൺ എൻ വൺ അത്ഭുതത്തോടെ ചോദിച്ചു. “ഭയം വേണ്ട ജാഗ്രത മതി.” പത്ത് പ്രാവശ്യം ഇങ്ങനെ ഉരുവിട്ടാൽ എനിക്ക് ആ ഭാഗത്തേക്ക്‌ അടുക്കാനെ പറ്റില്ല. പിന്നെ ഞാനെന്തിനാ വെറുതെ മെനക്കെടുന്നെ ചേട്ടാ. അല്ല ചേട്ടാ നിപ്പചേട്ടനെ കണ്ടില്ലല്ലോ ?. ഓ അങ്ങേരെപ്പറ്റി പറയാതിയിരിക്ക്യാ ഭേദം. അങ്ങേര് കോഴിക്കോട് ആയിരുന്നപ്പോൾ ചുറ്റിക്കളി ആയിരുന്നല്ലോ. കോഴിക്കോടിന് സാഹിത്യനഗരം എന്ന പദവി കിട്ടിയതോടെ പുള്ളി മലപ്പുറത്തേക്ക് കടന്നു. ആളൊരു സാഹിത്യവിരോധി ആണെല്ലോ. എന്നാൽ ഞാൻ പോട്ടെടാ , ഒട്ടും സമയമില്ല. കുറച്ചു പണിയുണ്ട് ടാർജറ്റ്‌ തികക്കണം. Mums Virus ഇറങ്ങിയിട്ടുണ്ടെന്ന്‌ കേട്ടു. ആ കുരിപ്പും ഇറങ്ങിയോ !. അതുമല്ല ഇൻഫ്ലുവൻസാ വൈറസും ഉണ്ട്. അവന് വൻ ഡിമാൻഡ് ആണ്. ഇനി ആരെങ്കിലും ഓൺ ദി വേ ഉണ്ടോ. മിക്കവാറും എല്ലാവരും എത്തി. അബോള മാത്രമേ ഇനി വരാനുള്ളൂ. പുള്ളിക്കാരൻ വരുമെന്ന് തോന്നുന്നില്ല. എല്ലാവർക്കും തിരക്കാണ്. നീ പോയി റസ്റ്റ്‌ എടുത്തോ. നിന്റെ സമയവും വരും. നിരാശ മൂത്ത് നാടുവിട്ടാലോ എന്ന് ഒരു നിമിഷം കൊറോണ ആലോചിച്ചു. പിന്നെ ഓർത്തു , തന്നെ പോലെയുള്ളവർക്ക് പറ്റിയ മണ്ണ് കേരളം തന്നെയാണ്. ഇവന്മാർ എത്രപ്പെട്ടെന്നാണ് Gods own country യെ Waste own country ആക്കി മാറ്റിയത്. അപ്പോൾ ഇവിടെത്തന്നെ കൂടാം എന്ന് തീരുമാനിച്ച് കൊറോണ വൈറസ് ഉറങ്ങാൻ പോയി.

✍സുജ പാറുകണ്ണിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments