Wednesday, December 25, 2024
Homeകായികംസ്‌റ്റോയ്‌നിസിന്റെ വെടിക്കെട്ടിനു മുന്നില്‍ തകര്‍ന്ന് ചെന്നൈ; ലഖ്‌നൗവിന് ആറുവിക്കറ്റ് ജയം.

സ്‌റ്റോയ്‌നിസിന്റെ വെടിക്കെട്ടിനു മുന്നില്‍ തകര്‍ന്ന് ചെന്നൈ; ലഖ്‌നൗവിന് ആറുവിക്കറ്റ് ജയം.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമാണ് ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചത്. 63 പന്തില്‍ ആറ് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 124* റണ്‍സാണ് സ്‌റ്റോയിനിസ് നേടിയത്. മറുപുറത്ത് ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് സെഞ്ചുറി നേടിയെങ്കിലും (60 പന്തില്‍ 108*) ടീമിനെ വിജയത്തിലേക്ക് നയിച്ചില്ല. സീസണിലെ തകര്‍പ്പന്‍ ചേസിങ് വിജയങ്ങളിലൊന്നാണ് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കണ്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഗെയ്ക്‌വാദിന്റെ സെഞ്ചുറിയുടെയും ശിവം ദുബെയുടെ അര്‍ധസെഞ്ചുറിയുടെയും ബലത്തില്‍ ലഖ്‌നൗവിന് മുന്നില്‍ 211 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. മറുപടി തുടങ്ങിയ ലഖ്‌നൗവിന് സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ ചേര്‍ക്കുന്നതിനിടെത്തന്നെ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെയാണ് വിക്കറ്റ്.

തുടര്‍ന്നെത്തിയ മാര്‍കസ് സ്‌റ്റോയ്‌നിസും കെ.എല്‍. രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട നിലയില്‍ റണ്‍സുയര്‍ത്തി. അഞ്ചാം ഓവറില്‍ മുസ്താഫിസുറിന്റെ പന്തില്‍ ഗെയ്ക്‌വാദിന് ക്യാച്ച് നല്‍കി കെ.എല്‍. രാഹുലും മടങ്ങി. പിന്നീട് ദേവ്ദത്ത് പടിക്കലുമൊത്തായി സ്റ്റോയ്‌നിസിന്റെ നീക്കങ്ങള്‍. പടിക്കല്‍ പക്ഷേ, ഐ.പി.എലിനു വേണ്ട കളി കളിച്ചില്ല.

പത്താം ഓവറില്‍ പതിരണയുടെ പന്തില്‍ ബൗള്‍ഡായി പടിക്കല്‍ പുറത്താവുമ്പോള്‍ നേടിയ റണ്‍സ് 13. അതിനുവേണ്ടി എടുത്തതാവട്ടെ, 19 പന്തുകളും. അപ്പോഴും മറുതലയ്ക്കല്‍ സ്‌റ്റോയ്‌നിസ് മെച്ചപ്പെട്ട ഇന്നിങ്‌സ് കളിച്ചുകൊണ്ടിരുന്നു. അതിനിടെ ഒന്‍പതാം ഓവറില്‍ സ്‌റ്റോയ്‌നിസ് അര്‍ധ സെഞ്ചുറി കുറിച്ചിരുന്നു. 26 പന്തുകളില്‍നിന്നായിരുന്നു ഈ നേട്ടം.

പടിക്കല്‍ പുറത്തായതോടെ നിക്കോളാസ് പുരാനെത്തി. അതോടെ ടീമിന്റെ സ്‌കോര്‍ വേഗവും കൂടി. യഷ് താക്കൂര്‍ എറിഞ്ഞ 16-ാം ഓവറില്‍ പുരാനും സ്റ്റോയ്‌നിസും ചേര്‍ന്ന് നേടിയത് 20 റണ്‍സ്. 15-ാം ഓവറില്‍ 137 റണ്‍സ് എന്ന നിലയിലായിരുന്ന ലഖ്‌നൗ പിന്നീടുള്ള അഞ്ചോവറുകളില്‍ നേടിയത് 76 റണ്‍സ്. 17-ാം ഓവറില്‍ പുരാന്‍ പുറത്താകുമ്പോള്‍ വ്യക്തിഗത സമ്പാദ്യം 15 പന്തില്‍ 34 റണ്‍സ്. പിന്നീട് ദീപക് ഹൂഡയ്‌ക്കൊപ്പം ചേര്‍ന്ന് സ്റ്റോയ്‌നിസ് കളി ജയിപ്പിക്കുകയായിരുന്നു. ആറു പന്തില്‍ 17 റണ്‍സാണ് ദീപക് ഹൂഡ നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments