ന്യൂയോർക്ക് കോപ അമേരിക്ക ഫുട്‌ബോൾ സംഘാടകർക്കെതിരെ ആഞ്ഞടിച്ച് ഉറുഗ്വേ പരിശീലകൻ മാഴ്‌സെലോ ബിയേൽസ. ക്യാനഡയ്‌ക്കെതിരെയുള്ള ലൂസേഴ്‌സ് ഫൈനലിനുമുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് ബിയേൽസയുടെ തുറന്നടിക്കൽ. ‘കോപ സംഘാടകർ നുണയൻമാരാണ്. ടീമുകൾക്ക് മതിയായ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ബൊളീവിയൻ ടീമിന് പരിശീലന ഗ്രൗണ്ട് കിട്ടിയില്ല. ചെറിയ ടീമുകൾക്ക് ലഭിച്ച സൗകര്യങ്ങളെല്ലാം മോശമാണ്’– അറുപത്തെട്ടുകാരൻ പറഞ്ഞു.
കൊളംബിയക്കെതിരായ മത്സരശേഷം ഉറുഗ്വേ താരങ്ങൾ കൊളംബിയൻ ആരാധകരുമായി ഏറ്റുമുട്ടിയതിനെയും ബിയേൽസ ന്യായീകരിച്ചു. ‘നിങ്ങളുടെ കുടുംബം കൺമുന്നിൽ ആക്രമിക്കപ്പെടുമ്പോൾ എന്ത് ചെയ്യണം? ഒരു സുരക്ഷാജീവനക്കാരും അവിടെ ഉണ്ടായിരുന്നില്ല.
പുറത്തുകടക്കാൻ പ്രത്യേക വാതിലുകളുമില്ല. അമേരിക്കക്കാർ പുറത്ത് പറഞ്ഞുനടക്കുന്നത് ഈ കോപ വൻ വിജയമാണെന്നാണ്. എന്നാൽ, ഇവിടെ പരിതാപകരമാണ് കാര്യങ്ങൾ’– ബിയേൽസ പറഞ്ഞു.”