മയാമി :അർജന്റീനയ്‌ക്കും ലയണൽ മെസിക്കും വീണ്ടും ഒരു കിരീടപ്പോരാട്ടം. ഇത്തവണ കോപ അമേരിക്കയിലെ ചാമ്പ്യൻപട്ടം നിലനിർത്താനുള്ള പോരാട്ടമാണ്. വിശ്വഫുട്‌ബോളിലെ അധിപൻമാർക്ക് മുന്നിൽ കൊളംബിയയാണ് വെല്ലുവിളിയായുള്ളത്. മയാമിയിലെ ഹാർഡ്‌റോക്ക് സ്‌റ്റേഡിയത്തിൽ നാളെ പുലർച്ചെ അഞ്ചരയ്‌ക്കാണ് ഫൈനൽ. ജയിച്ചാൽ 16–-ാം കോപയെന്ന റെക്കൊഡിലെത്തും അർജന്റീന. നിലവിൽ 15 ട്രോഫികളുള്ള ഉറുഗ്വേക്കൊപ്പമാണ്. മൂന്ന് വർഷത്തിനിടെ ഇത് മൂന്നാം ഫൈനലാണ് മെസിക്കും കൂട്ടർക്കും. തൊട്ടതെല്ലാം പൊന്നാക്കി. 2021ൽ കോപയിൽ ബ്രസീലിനെ വീഴ്‌ത്തിയുള്ള ജൈത്രയാത്ര തുടരുകയാണ്. 2022ൽ ഫ്രാൻസിനെ മുട്ടുകുത്തിച്ച് ലോകകപ്പും ഉയർത്തി. ഇതിനിടെ യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെ വീഴ്‌ത്തി ഫൈനലിസിമ ട്രോഫിയും നേടിയിരുന്നു.
ഈ കോപയിലെ കരുത്തുറ്റ നിരയാണ് അർജന്റീനയുടേത്. ഒന്നിച്ച് കളിച്ച് തഴക്കം വന്ന സംഘം. ലയണൽ സ്‌കലോണി എന്ന ചാണക്യന് കീഴിൽ മികവാവർത്തിച്ചു. സർവാധിപത്യം നടത്തിയില്ലെങ്കിലും എല്ലാ കളിയും ജയിച്ച് മുന്നേറി. ആദ്യ കളിയിൽ പരിക്കേറ്റ് മെസി പുറത്തായത് ക്ഷീണം ചെയ്‌തു. ടൂർണമെന്റിൽ ഗോളടിക്കാതിരുന്ന മുന്നേറ്റക്കാരൻ ക്യാനഡയ്‌ക്കെതിരായ സെമിയിൽ തനിനിറം കാട്ടി. ഗോളടിക്കുകയും തകർപ്പൻ കളി പുറത്തെടുക്കുകയും ചെയ്‌തു. മുന്നേറ്റത്തിൽ ലൗതാരോ മാർട്ടിനെസും ജൂലിയൻ അൽവാരസുമാണ് മറ്റ് കരുത്തർ. മധ്യനിരയിലും പ്രതിരോധത്തിലും ഒത്തിണക്കമില്ലാത്തത് പോരായ്‌മയാണ്. ക്വാർട്ടറിൽ ഇക്വഡോറിനോട് ഷൂട്ടൗട്ടിലാണ് ജയിച്ചുകയറിയത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് രക്ഷകനായി. വിങ്ങർ ഏഞ്ചൽ ഡി മരിയയുടെ അർജന്റീന കുപ്പായത്തിലെ അവസാന മത്സരം കൂടിയാണിത്. 16 വർഷത്തിനുശേഷമാണ് മുപ്പത്താറുകാരൻ ദേശീയകുപ്പായമഴിക്കുന്നത്.
“കൊളംബിയ പഴയ ടീമല്ല. അവസാന 28 കളിയിലും തോറ്റിട്ടില്ല അവർ. അർജന്റീനക്കാരനായ പരിശീലകൻ നെസ്റ്റർ ലൊറെൻസോയ്‌ക്ക് കീഴിലാണ് കുതിപ്പ്. പരിചയസമ്പന്നനായ ക്യാപ്‌റ്റൻ ഹാമേഷ് റോഡ്രിഗസാണ് കുന്തമുന. ഒരു ഗോളും ആറ് ഗോളിന് അവസരമൊരുക്കുകയും ചെയ്‌തു മുപ്പത്തിമൂന്നുകാരൻ. ലൂയിസ് ഡയസ്, റിച്ചാർഡ് റിയോസ് എന്നിവരാണ് മറ്റ് പ്രധാനികൾ. പ്രതിരോധത്തിലെ കരുത്തൻ ഡാനിയേൽ മുനോസ് സസ്‌പെൻഷനിലായി കളിക്കാത്തത് കനത്ത തിരിച്ചടിയാകും. 2001ലെ ചാമ്പ്യൻമാരുടെ ലക്ഷ്യം രണ്ടാം കിരീടമാണ്.