പ്രിയമുള്ളവരേ ...
ഇന്ന് നമ്മൾ കേൾക്കാൻ പോവുന്നത് 1970-ൽ എം കുഞ്ചാക്കോ നിർമ്മിച്ച ദത്തുപുത്രൻ എന്ന സിനിമയിലെ ഒരു ഗാനമാണ്. വയലാറിൻറെ വരികൾ ജി ദേവരാജൻ മാഷ് ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തി, പി സുശീലയുടെ അനുഗ്രഹീത സ്വരത്തിൽ ആസ്വാദകരിലേക്കെത്തിയ ഗാനം.
1960 മുതൽ 80 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രഗാനശാഖ ശക്തമായിരുന്നു, മധുരമനോഹരമായിരുന്നു. വയലാർ, പി ഭാസ്കരൻ , ദേവരാജൻ തൊട്ടിങ്ങോട്ട് എഴുതാനും ഈണം നൽകാനും അതേറ്റുപാടാനുമായി ഒത്തിരി അതുല്ല്യപ്രതിഭകളുണ്ടായ കാലം. അത് ദൈവം നമുക്ക് കനിഞ്ഞു തന്നത്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പാട്ടുകൾ. ഏത് പാട്ട് പാടിയാലും വേദി തകർക്കും. ഓരോ പാട്ടും നമുക്ക് വേറിട്ട അനുഭൂതി തന്നു. സ്പുടം ചെയ്ത ഭാഷയെ ആത്മാവിലേക്കാവാഹിച്ച് ഏഴുസ്വരങ്ങളിൽ മുങ്ങാംകുഴിയിട്ട് ഈണങ്ങളുടെ മുത്തും പവിഴവും കോരിയെടുത്ത് നിരത്തി വരികളിൽ ഈണം പകരുന്നു. ജീവൻ പകരുന്നു. അതൊരു തപസ്യയായിരുന്നു.
എല്ലാ ജാലകങ്ങളും തുറന്നങ്ങിനെ കിടക്കുകയാണ്. തൂവൽ കിടക്ക വിരിക്കാറായി. ജാലകപ്പാളികൾ അടക്കണം. പിന്നെ നാണത്തിൽ മുക്കിയ ആ മുത്തുവിളക്കിൻറെ മാണിക്യകണ്ണ് പൊത്തണം. അവിടെ കവി ദ്വയാർത്ഥം പ്രയോഗിച്ചിട്ടുണ്ട്. നാണത്തിൽ മുക്കിയ മുത്തുവിളക്ക് ഒരു പക്ഷെ അവളായിരിക്കാം…!
അവിടെ അവനും അവളും മാത്രം.
തുന്നിയിട്ട പട്ടുഞൊറികൾക്കിടയിലൂടെ വെണ്ണിലാവ് തഴുകുമ്പോൾ മഞ്ഞ് ഉമ്മ വെച്ച പൂവിതൾ കൊണ്ടു പൊട്ടുതൊടുന്ന കവിഭാവന എത്ര മനോഹരം..! ഇതൊക്കെ ആ കാലഘട്ടത്തിന്റെ മാത്രം പുണ്യം. ഭാഷയോടുള്ള നീതി. അത്കൊണ്ടൊക്കെത്തന്നെ നമുക്ക് ഗോൾഡൻ മെലെഡീസ് ഉണ്ടായി.
തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ
തൂവൽ കിടക്ക വിരിച്ചോട്ടെ
നാണത്തിൽ മുക്കുമീ മുത്തുവിളക്കിന്റെ
മാണിക്ക്യ കണ്ണൊന്നു പൊത്തിക്കോട്ടെ (തുറന്നിട്ട..)
തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ
തുന്നിയിട്ട പട്ടുഞൊറിക്കിടയിലൂടെ
വെണ്ണിലാവിൻ തളിർവിരൽ തഴുകുമ്പോൾ
മഞ്ഞുമ്മ വെച്ചു വിടർത്തുന്ന പൂക്കൾതൻ
മന്ദസ്മിതം കൊണ്ട് പൊട്ടുകുത്തും
മന്ദസ്മിതം കൊണ്ട് പൊട്ടുകുത്തും -ഞാൻ
പൊട്ടു കുത്തും (തുറന്നിട്ട..)
തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ
തെന്നലിന്റെ തേനരുവിക്കരയിലൂടെ
എന്നെയേതോ കുളിർ വന്നു പൊതിയുമ്പോൾ
എല്ലാം മറക്കുമൊരുന്മാദ ലഹരിയിൽ
എന്നിലെ എന്നെ ഞാൻ കാഴ്ച്ച വെയ്ക്കും
എന്നിലെ എന്നെ ഞാൻ കാഴ്ച്ച വെയ്ക്കും – മുന്നിൽ
കാഴ്ച്ച വെയ്ക്കും.
ഈ വരികൾ ഇനി സുശീലയുടെ ശബ്ദത്തിൽ എങ്ങിനെ മനോഹരമായിരിക്കുന്നു എന്ന് നോക്കാം.
തെന്നലിന്റെ തേനരുവിക്കരികിലൂടെ ഒഴുകിയെത്തിയ ഗാനം കേട്ടുവല്ലോ.
മലയാളി മനസ്സിന്റെ ഗാനശേഖരങ്ങളിലേക്ക് ഒരു മുത്ത് കൂടി ചേർത്ത് വെക്കട്ടെ. 🌹
നിങ്ങളുടെ പ്രിയഗാനങ്ങളുമായി വീണ്ടും അടുത്ത ആഴ്ച്ചയിൽ… 🙏🏾.