Monday, December 23, 2024
Homeകേരളംവടകര ലഹരിമാഫിയയുടെ പിടിയിലോ ? (രവി കൊമ്മേരി)

വടകര ലഹരിമാഫിയയുടെ പിടിയിലോ ? (രവി കൊമ്മേരി)

രവി കൊമ്മേരി.

വടകര: കഴിഞ്ഞ കുറച്ച് മാസങ്ങളായി വടകരയിലും പ്രാന്തപ്രദേശങ്ങളിലും ലഹരിമാഫിയകൾ പിടി മുറുക്കുയാണെന്ന സൂചനയാണ് ലഭിക്കുന്നത്. യുവത്വത്തെ കാർന്നുതിന്നുന്ന, പുതുതലമുറയുടെ ചിന്തകളെ വഴിതിരിച്ചുവിടുന്ന ലഹരിമരുന്നിൻ്റെ ഉപയോഗം വടകരയുടെ നാനാഭാഗങ്ങളിലും ഈയ്യിടെയായി കൂടുതലാകുന്ന കാഴ്ച്ച വളരെ ഭയാനകമാണ്.

2024 ഏപ്രിൽ മാസം ഒഞ്ചിയത്തെ നെല്ലാച്ചേരി പള്ളിയുടെ പിറകിൽ രണ്ട് യുവാക്കളാണ് ലഹരിയുടെ അമിത ഉപയോഗം മൂലം മരിച്ച നിലയിൽ കാണപ്പെട്ടത്. ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രന്ദീപ്‌ (29). കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (25)എന്നിവരാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തികച്ചും ആൾതാമസം ഇല്ലാത്ത ഒഴിഞ്ഞ ഈ സ്ഥലം ലഹരി മാഫിയകളുടെ സ്ഥിരം കേന്ദ്രമാണെന്ന് പ്രദേശവാസികൾ പറയുന്നു. യുവാക്കൾ ലഹരി ഉപയോഗിച്ചതിൻ്റെ ലക്ഷണമായി സിറിഞ്ചുകളും മറ്റ് തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കണ്ണൂർ സ്വദേശിയായ ഷാനിഫ് എന്ന ഓട്ടോഡ്രൈവറും അമിത ലഹരി ഉപയോഗത്തെത്തുടർന്ന് വടകര ബോട്ടുജെട്ടി പരിസരത്ത് മരണപ്പെട്ടതായി കണ്ടെത്തിയിരുന്നു.

എക്സൈസ് ഉദ്ധ്യോഗസ്ഥരുടേയും പോലീസ് ഉദ്ധ്യോഗസ്ഥരുടേയും മൂക്കിനുതാഴെ നടക്കുന്ന ഈ ലഹരിമാഫിയുടെ വിളയാട്ടം തടയാൻ എന്താണ് അവിടെ ചെയ്യുന്നത് ? പിഞ്ചു കട്ടികൾ പോലും ഈ സംഘങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നില്ല എന്നതും, അല്ലെങ്കിൽ അവരെ രക്ഷപ്പെടുത്താൻ നമ്മുടെ നിയമ സംഹിതയും നിയമപാലകരും നിയമനിർമ്മാതാക്കളും ശ്രമിക്കുന്നില്ലാ എന്നതും എത്ര ഭീകരമായ ഒരവസ്ഥയാണ് നാട്ടിൽ പ്രദാനം ചെയ്യുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം 2023 ഡിസംബറിൽ വടകര താലൂക്കിലെ അഴിയൂർ ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് കഞ്ചാവ് പിടിച്ചിരുന്നു. വളരെ വ്യക്തമായ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അത് പിടിച്ചെടുക്കപ്പെട്ടത്. കുട്ടി നിരപരാധിയായിരിക്കാമെങ്കിലും കുട്ടിയെ അതിന് ഉപയോഗിച്ച ആളുകളെക്കുറിച്ച് പിന്നീട് എന്ത് അന്വേഷണം നടന്നു. എന്ത് നടപടി സ്വീകരിച്ചു എന്നത് ഇതുവരെ വ്യക്തമല്ല. വടകര അഴിയൂർ കുഞ്ഞിപ്പള്ളി കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയുടെ പ്രവർത്തനം വളരെ ശക്തമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

കുഞ്ഞിപ്പള്ളിയിൽ ഒരു എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥിതിചെയ്യുന്നുണ്ട്. മാഹിയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുപോകുന്ന മദ്യക്കടത്തും, കൂടാതെ ഇതുവഴിയുള്ള കഞ്ചാവും മറ്റ് മയക്കുമരുന്നുകളുടെ കടത്തും പിടിക്കാൻ വേണ്ടിയാണ് അവിടെ ചെക്പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ അവരുടെ അറിവോടു കൂടെയാണോ മദ്യക്കടത്തും മറ്റ് മയക്കുമരുന്ന് കടത്തും അവിടെ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും അവിടെ ചെക്പോസ്റ്റിൽ ഒരു പരിശോധയും കാണാറില്ല എന്നതാണ് വാസ്തവം.

കേരളം പോലെ ഇത്ര സാംസ്കാരസമ്പന്നമായ ഒരു സംസ്ഥാനത്ത്, ശക്തമായ ഭരണ സംവിധാനമുള്ള ഒരു സംസ്ഥാനത്ത്, ശക്തമായ പോലിസ് സേനകളുള്ള ഒരു സംസ്ഥാനത്ത്, കുറ്റമറ്റ അന്വേഷണങ്ങൾ കൊണ്ട് ചരിത്രങ്ങൾ എഴുതിയ ഒരു സംസ്ഥാനത്ത്, എല്ലാം വെറും പുകമറകളായിരുന്നു എന്ന് ജനങ്ങളെക്കൊണ്ട് ചിന്തിപ്പിക്കുന്നതരത്തിലാണ് ഇന്നത്തെ ഭരണവും ഭരണ സംവിധാനവും നീങ്ങുന്നത് ? നാട്ടിലും വീട്ടിലും നഗരത്തിലും കള്ളന്മാരും കൊള്ളക്കാരും ഗുണ്ടകളും യാതൊരു വിധ പേടിയുമില്ലാതെ വിലസുന്ന കാഴ്ച്ചയാണ് ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. പട്ടാപ്പകൽപോലും സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാൻ പറ്റാത്ത രീതിയിൽ ആഭാസന്മാരും, പിടിച്ചു പറിക്കാരും വിലസുകയാണ്. മദ്യനയത്തിൻ്റെ ലാഭം കൊണ്ട് ഖജനാവ് നിറയ്ക്കുവാൻ അഹോരാത്രം പാടുപെടുന്ന ഭരണനയങ്ങൾ. സ്വർണ്ണക്കടത്തിൻ്റെ പേരിൽ ഭരണ സംവിധാനങ്ങളും, ഭരണകർത്താക്കളും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥവരെ നമ്മൾ കണ്ടതാണ്. അതുപോലെ തന്നെയാണ് കള്ളക്കടത്തും. കോഴിക്കോട് എയർപ്പോർട്ടിൽ നിന്ന് പല തവണ സ്വർണ്ണം കടത്തി പുറത്തു നിന്ന് അത് കവർന്നെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വൻ അപകടങ്ങൾ വരെ നടന്നതായി നമ്മൾ കണ്ടതാണ്. പ്രതികരിക്കാൻ അനുവദിക്കാത്ത രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞ് ഭീകരതയുടെ വിളയാട്ടം നടത്തുന്ന ഭരണ സംവിധാനങ്ങൾ മാറണം. ജനങ്ങൾ ഉണരണം.

കൊലപാത പരമ്പരകൾ കണ്ട് മനസ്സ് മരവിച്ച കേരള ജനതയ്ക്ക് ഇന്ന് സമ്മാനിക്കുന്നത് ബോംബു നിർമ്മാണവും അത് നിർമ്മിക്കുമ്പോൾ എങ്ങിനെ പൊട്ടിത്തെറിക്കുന്നു എന്നും പഠിപ്പിക്കുന്ന കാഴ്ച്ചകളാണ്. അതിന് ഏറ്റവും ഒടുവിലായി നമ്മൾ കണ്ട ഉദാഹരണമാണ് ഈയ്യിടെ കഴിഞ്ഞ ലോകസഭാ ഇലക്ഷൻ പ്രചരണവേളയിൽ പാനൂർ മേഖലയിൽ നടന്ന ബോംബ് സ്ഫോടനം. ഉടനെ നിയമപാലകരും മറ്റ് അനുബന്ധ സംഘങ്ങളും പാഞ്ഞെത്തി. പിന്നെ റെയ്ഡായി, അതായി ഇതായി. എല്ലാ പ്രഹസനങ്ങൾക്കും ശേഷം രാഷ്ട്രീയ അജണ്ടയുടെ അടിക്കുറിപ്പുകൊണ്ടൊരു വിരാമവും. ഇതാണ് നാട് . ഇതാണ് ഭരണം. കൂടാതെ കേരളത്തിൻ്റെ ഏറ്റവും വലിയ മദ്യ ലഹരി ഉപയോഗത്തിൻ്റെ കേന്ദ്രമായി പല തവണ, പലരും എടുത്ത് കാണിച്ചിട്ടുള്ളതാണ് പെരുമ്പാവൂരും ഏർണ്ണാകുളവും, എത്രയെത്ര സംഭവങ്ങളാണ് ഇവിടങ്ങളിൽ നടക്കുന്നത് . എത്രയെത്രതരം ലഹരി ഉപയോഗ സാധനങ്ങളാണ് ഇവിടങ്ങളിൽ നിന്ന് പോലീസ് പിടിച്ചെടുക്കുന്നത്. പ്രതികളാക്കപ്പെടുന്നത് പലപ്പോഴും അതിഥി തൊഴിലാളികളാണ്. എന്നിട്ടും ഇതിൻ്റെയൊന്നും ശ്രോതസ്സ് കണ്ടെത്തി ഇതിനൊരു വിരാമമിടാൻ ആർക്കും കഴിയുന്നില്ല. പട്ടാപ്പകൽ പരസ്യമായി തെരുവോരങ്ങളിൽ ലഹരി ഉപയോഗിച്ചു കൊണ്ട് കൂത്താടുന്ന അക്രമി സംഘങ്ങളെ, ഇവരുടെ പിടിയിൽ അകപ്പെട്ടു പോകുന്ന എത്രയെത്ര പെൺകുട്ടികളെ, അമ്മമാരെ, അവർക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള ഭീകരമായ പീഢന കഥകളുടെ റിപ്പോർട്ടുകളും, ഫോട്ടോകളും, വീഡിയോകളും പലരും ന്യൂസുകളിലൂടെയും, സോഷ്യൽ മീഡിയകളിലൂടെയും നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. എന്ത് നടപടികളാണ് ഇവിടുത്തെ അധികാരികൾ എടുത്തിട്ടുള്ളത്. എന്താണ് ഭരണ സംവിധാനങ്ങൾ ചെയ്യുന്നത് ?

രാഷ്ട്രീയക്കാർക്ക് ഓശാനപാടി അവനവൻ്റെ കാര്യം സാധിച്ചെടുക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇന്ന് എല്ലാ അധികാര മേഖലകളിലും, നിയമ സംവിധാനങ്ങളിലും നടക്കുന്നത്. നിയമം നടപ്പിലാക്കേണ്ടവരുടെ കൈകാലുകൾ ബന്ധിക്കുന്ന രാഷ്ട്രീയ ചങ്ങലകൾക്ക് ഇന്നത്തെ ഭരണസംവിധാനങ്ങളിൽ, കട്ടി കൂടിയിരിക്കുന്നു. ഓരോ രക്ഷിതാക്കളും മക്കളെ വീട്ടിൽ നിന്ന് പുറത്തേക്കും സ്ക്കൂളുകളിലേക്കും , കോളേജുകളിലേക്കും പറഞ്ഞയക്കേണ്ടത് എങ്ങിനെ എന്ന് ചിന്തിച്ച് ആധിയിലാണിന്ന്. കാണുന്നതല്ല കാണാത്തതാണ് ഭീകരത. കാത്തിരിക്കുന്നതാണ് കൊടും ഭീകരത. ഇതിനൊരു അറുതി ഉണ്ടാകില്ലേ ? വടകരയിലും സമീപപ്രദേശങ്ങളിലും ഈ അടുത്ത കാലത്തായി നടക്കുന്ന ശക്തമായ ലഹരി വസ്തുക്കളുടെ ഉപയോഗ വ്യാപനവും, ലഹരി മാഫിയയുടെ പിടിമുറുക്കലും അവസാനിപ്പിക്കാൻ അധികാരികളും, നിയമപാലകരും, അവർക്കൊപ്പം ജനങ്ങളും ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. എത്ര വലിയ രഹസ്യാന്വേഷണ സംവിധാനങ്ങൾ ഉള്ള നാടാണ് നമ്മുടേത്. അവരൊന്ന് മനസ്സറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ, അതല്ല അവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മറ്റ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ, അതിനുവേണ്ടി നിയമനിർമ്മാതാക്കളും, ഭരണ സംവിധാനങ്ങളും എല്ലാ സഹായങ്ങളും ചെയ്തിരുന്നെങ്കിൽ, നമ്മുടെ ഭാവിതലമുറയെ നമുക്ക് രക്ഷിക്കാൻ കഴിയില്ലേ…..?

സ്വന്തം ലേഖകൻ
രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments