Thursday, December 26, 2024
Homeകേരളംതിരുവനന്തപുരം നഗരസഭയിൽ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം നഗരസഭയിൽ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം : നഗരസഭയിൽ നാല് തൊഴിലാളികൾ കവാടത്തിന് മുകളിൽ കയറിയും മറ്റുളളവർ താഴെയുമായാണ് പ്രതിഷേധിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ  ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയ‍ര്‍പേഴ്സൺ ഗായത്രി ബാബു ജാതീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. കയറും പെട്രോൾ നിറച്ച കുപ്പിയുമായാണ് തൊഴിലാളികളുടെ പ്രതിഷേധം. താഴെയിറങ്ങില്ല, സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് തൊഴിലാളികൾ പറയുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ 43 ദിവസമായി സ്വകാര്യ ശുചീകരണ തൊഴിലാളികൾ കോര്‍പ്പറേഷന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുകയാണ്.   സ്വന്തം നിലയിൽ വീടുകളിൽ നിന്നും മാലിന്യം ശേഖരിച്ച് ഉപജീവനം നടത്തുന്നവരാണ് സമരത്തിലുളളത്. 250 തോളം പേരാണ് ഇവരുടെ യൂണിയനിലുളളത്. അടുത്തിടെ കോ‍ർപ്പറേഷൻ അംഗീകാരമില്ലാത്ത, ലൈസൻസില്ലാത്ത ആളുകൾ വേസ്റ്റ് ശേഖരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

എന്നാൽ തൊഴിലാളികൾ ഇത് അംഗീകരിച്ചില്ല. ജോലിയുമായി മുന്നോട്ട് പോകുമെന്നും അതല്ലെങ്കിൽ കോര്‍പ്പറേഷൻ തങ്ങളെയും കരാര്‍ തൊഴിലാളികളായി അംഗീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാൽ കോര്‍പ്പറേഷൻ ഇതംഗീകരിക്കാതെ കടുത്ത നടപടികളുമായി മുന്നോട്ട് പോയി. ഇവരുടെ വണ്ടികളടക്കം പിടിച്ചെടുത്തു. ഇതോടെ തൊഴിലാളികൾ സമരത്തിനിറങ്ങി.

കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ ചര്‍ച്ച നടത്തുകയും വാഹനങ്ങൾ വിട്ട് നൽകാമെന്ന ധാരണയിലെത്തുകയും ചെയ്തു. എന്നാൽ അതിന് ശേഷം തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഇന്നലെ അസിസ്റ്റന്റ് ലേബ‍ര്‍ ഓഫീസര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തി. കോര്‍പ്പറേഷന് വണ്ടി വിട്ട് നൽകാനാകില്ലെന്നും കേസെടുത്തതിനാൽ കോടതി വഴി തൊഴിലാളികൾ വണ്ടി തിരികെ വാങ്ങണമെന്നും ചര്‍ച്ചയിൽ കോര്‍പ്പറേഷൻ നിലപാടെടുത്തു.

ഈ യോഗത്തിൽ വെച്ചാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയ‍ര്‍പേഴ്സൺ ഗായത്രി ബാബു ജാതീയമായി തങ്ങളെ അധിക്ഷേപിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. ഇവർ ഒരു പ്രത്യേക വിഭാഗമാണെന്നും സമൂഹത്തിൽ താഴെയുളളവരാണെന്നും കൂടുതൽ അനുകമ്പ കാണിക്കേണ്ടതില്ലെന്നുമായിരുന്നു ഗായത്രിയുടെ പരാമ‍ര്‍ശമെന്ന് തൊഴിലാളികൾ പറയുന്നു. ഇതേ തുട‍ര്‍ന്നാണ് ഇന്ന് രാവിലെ മുതൽ കോര്‍പ്പറേഷൻ കവാടത്തിന് മുകളിൽ കയറി പ്രതിഷേധം തൊഴിലാളികൾ കടുപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments