Saturday, January 11, 2025
Homeകേരളംശമ്പളം മുടങ്ങി: 108 ആംബുലൻസ് ജീവനക്കാരുടെ പണി മുടക്ക് നാളെ ( 23/07/2024 )

ശമ്പളം മുടങ്ങി: 108 ആംബുലൻസ് ജീവനക്കാരുടെ പണി മുടക്ക് നാളെ ( 23/07/2024 )

എല്ലാ മാസവും ഏഴിന്‌ മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ്‌ ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തും. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഫണ്ട് നൽകിയിട്ടും 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം നൽകാൻ കരാർ കമ്പനി തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് സർവീസ് നിർത്തിവെച്ചുള്ള സമരം.

ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിയുമായി നടത്തിയ ചർച്ചയിൽ പരിഹാരമായില്ല. 3.84 കോടി കമ്പനിക്ക് നൽകി, 54 ലക്ഷംകൂടി നൽകാമെന്ന്‌ കെഎംഎസ്‌സിഎൽ അറിയിച്ചിട്ടും കമ്പനി ശമ്പളനിഷേധ നിലപാടിലാണ്‌. 2019 മുതലാണ് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നത്. നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കാണ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ഒരു കൃത്യതയും പാലിച്ചിട്ടില്ല.

നിസ്സഹകരണ സമരത്തിന്‍റെ ഭാഗമായി നിലവിൽ 108 ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തുന്ന രോഗികളുടെ ഉൾപ്പെടെ ട്രിപ്പിന്‍റെ വിവരങ്ങൾ രേഖപ്പെടുത്താതെയും സിഐടിയുവിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. ജൂൺ മാസത്തെ ശമ്പളം ലഭിക്കാൻ വൈകിയതോടെയാണ് ഇക്കഴിഞ്ഞ 16 മുതൽ സംസ്ഥാനത്തെ ഒരു വിഭാഗം 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി നിസ്സഹകരണ സമരം നടത്തിവരികയാണ്. സിഐടിയു ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് നിസ്സഹകരണ സമരം ശക്തമായതോടെ കഴിഞ്ഞദിവസം കരാർ കമ്പനിക്ക് മെഡിക്കൽ സർവീസ് കോർപ്പറേഷൻ 3.8 കോടി അനുവദിച്ചിരുന്നു.

എന്നാൽ ഈ തുക ശമ്പളം നൽകാൻ തികയില്ല എന്നാണ് കമ്പനിയുടെ വാദമെന്ന് തൊഴിലാളി സംഘടന നേതാക്കൾ ആരോപിക്കുന്നു. ആംബുലൻസുകളിൽ ഇന്ധനം നിറയ്ക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ഓക്സിജനും മരുന്നുകളും ഉൾപടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും കൺട്രോൾ റൂം പ്രവർത്തനത്തിനും മറ്റും കുടിശ്ശികയുള്ള പണം ഈ തുകയിൽ നിന്ന് നൽകാനാണ് കരാർ കമ്പനിയുടെ നീക്കം എന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച സൂചന പണിമുടക്കിന്റെ ഭാഗമായി സർവീസ് പൂർണ്ണമായും നിർത്തിവയ്ക്കാൻ സിഐടിയു തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ സംസ്ഥാനത്ത് നിപ്പയും, പനിക്കെടുതിയും പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരാശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നത് തടസ്സപ്പെട്ടിട്ടും സർവീസ് പൂർണമായും മുടക്കി സമരം നടത്തും എന്ന് അറിയിപ്പ് ലഭിച്ചിട്ടും സർകാർ മൗനം പാലിക്കുകയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.

108 ആംബുലൻസ് സേവനം സംസ്ഥാനത്ത് നിലച്ചാൽ അപകടത്തിൽപ്പെടുന്നവർക്കും ഗർഭിണികൾക്കും ഉൾപ്പെടെ അടിയന്തര ചികിത്സ ലഭ്യമാകേണ്ട സാഹചര്യത്തിൽ രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടി വരും. മെഡിക്കൽ സർവീസ് സ്കോറേഷനിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശികത്തുക ലഭ്യമാക്കിയാൽ മാത്രമേ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കുമെന്ന് നിലപാടാണ് കരാർ കമ്പനിക്കെന്ന് തൊഴിലാളി സംഘടന നേതാക്കൾ ആരോപിക്കുന്നു.

2023 സെപ്റ്റംബർ മാസം മുതലുള്ള ഫണ്ട് കുടിശ്ശികയായ 75 കോടി രൂപ കരാർ കമ്പനി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്ന് ലഭിക്കാനുണ്ട്. ഇത് കരാർ കമ്പനിക്ക് മേലുള്ള സാമ്പത്തിക ബാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്നും അടിയന്തരമായി മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിഷയത്തിൽ ഇടപെട്ട് കുടിശിക തുക നൽകണമെന്നും കാട്ടി കരാർ കമ്പനി കഴിഞ്ഞദിവസം ആരോഗ്യ മന്ത്രിക്കും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഡയറക്ടർക്കും കത്ത് നൽകിയിരുന്നു.

ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് ഫണ്ട് ലഭ്യമായില്ല എങ്കിൽ വരും മാസങ്ങളിലും 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള കാര്യത്തിൽ പ്രതിസന്ധി തുടരുമെന്ന് നിലപാടിലാണ് കമ്പനി. നിപാ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട ആംബുലൻസുകളെ സമരത്തിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments