ശബരിമല :- ഇന്ന് പുലർച്ചെ 3ന് ശബരിമലയിലെ പുതിയ മേൽ ശാന്തി എസ്.അരുൺ കുമാർ മണ്ഡലകാല പൂജകൾക്കായി നടതുറന്നപ്പോൾ സന്നിധാനം ശരണം വിളികളിൽ മുങ്ങി. ഇന്നലെ മുതൽ തന്നെ തീർത്ഥാടകർ സന്നിധാനത്ത് ദർശനത്തിനായി എത്തിച്ചേർന്നിരുന്നു. 70,000 പേരാണ് ഇന്ന് ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. 10000 സ്പോട്ട് ബുക്കിംഗ് വഴിയും ദർശനത്തിന് എത്തും. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് 18 മണിക്കൂർ ദർശന സമയം ലഭ്യമാകും.
ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട വൈകിട്ട് മൂന്നിനാണ് പിന്നീട് ഭക്തർക്ക് ദർശനത്തിനായി തുറക്കുക. രാത്രി 11ന് ഹരിവരാസനം പാടി നടക്കുന്നത് വരെ അയ്യപ്പന്മാർക്ക് ദർശനത്തിന് അവസരം ഉണ്ടാകും.ദിവസവും രാവിലെ 3.30 മുതൽ നെയ് അഭിഷേകം. 7.30ന് ഉഷപൂജയൂം 12.30ന് ഉച്ചപൂജയും നടക്കും. വൈകിട്ട് 6.30നാണ് ദീപാരാധന, രാത്രി 9.30ന് അത്താഴ പൂജ. മണ്ഡലകാല തീർത്ഥാടനത്തിന്റെ ആദ്യ രണ്ടാഴ്ചയുടെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. വെർച്വൽ ക്യൂ വഴി ദർശനത്തിന് 70,000 പേർക്കാണ് അവസരം. 29 വരെ ബുക്കിംഗ് 70,000 കടന്നു.