സ്‌കൂൾ കലോത്സവം : സ്വർണ്ണകപ്പ് ഏറ്റുവാങ്ങി
അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി. മന്ത്രി ജി ആർ അനിൽ, എംഎൽഎ മാരായ ആന്റണി രാജു, ജി സ്റ്റീഫൻ, വി ജോയ്, വി കെ പ്രശാന്ത്, ഐ ബി സതീഷ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യുട്ടി മേയർ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 7 മണിയോടെ നിയമസഭയ്ക്ക് മുന്നിലെത്തി. പി എം ജി ജങ്ഷനിൽ നിന്നും വിദ്യാർത്ഥികളുടെ വിവിധ കലാകായിക രൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കുകയായിരുന്നു. അധ്യാപകരും വിദ്യാർഥികളുമായി ആയിരത്തോളം പേർ ഘോഷയാത്രയിൽ പങ്കെടുത്തു.
117 പവൻ സ്വർണ്ണം ഉപയോഗിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിനുള്ള സ്വർണ കപ്പ് നിർമ്മിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്.
ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിൽ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി
കലോത്സവ സ്വർണ്ണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലേക്കാണ് മന്ത്രി അദ്ദേഹത്തെ ക്ഷണിച്ചത്. കലോത്സവ വേദിയിലേക്ക് ഇദ്ദേഹത്തെ ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് രൂപകൽപന ചെയ്യാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപതിനേഴ് പവന്റെ സ്വർണ്ണക്കപ്പ് രൂപകൽപന ചെയ്തത്. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി.
സ്‌കൂൾ കലോത്സവം ഹൈടെക്കാക്കി ‘കൈറ്റ് ‘
തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഹൈടെക് ആക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ സംവിധാനങ്ങൾ ഒരുക്കി.
കലോത്സവം പോർട്ടൽ
www.ulsavam.kite.kerala.gov.in പോർട്ടൽ വഴി രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണമായും ഓൺലൈൻ രൂപത്തിലാക്കി. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്‌കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കൽ ലോവർ – ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവ പൂർണമായും പോർട്ടൽ വഴിയായിരിക്കും. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്.
‘ഉത്സവം’ മൊബൈൽ ആപ്
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘KITE Ulsavam’ എന്ന് നൽകി ആപ് ഡൗൺലോഡ് ചെയ്യാം. മത്സരഫലങ്ങൾക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങൾ അവ തീരുന്ന സമയം ഉൾപ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും ‘ഉൽസവം’ ആപ്പിലുണ്ട്.
രചനാ മത്സരങ്ങൾ ‘സ്‌കൂൾ വിക്കി’യിൽ
കലോത്സവത്തിലെ വിവിധ രചനാ മത്സരങ്ങൾ (കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂൾ വിക്കിയിൽ (www.schoolwiki.in) അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2016 കലോത്സവം മുതലുള്ള കലോത്സവ രചനകളും സ്‌കൂൾ വിക്കിയിൽ ലഭ്യമാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെ മത്സര ഇനങ്ങളും സ്‌കൂൾ വിക്കിയിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെകൂടെ സഹായത്താൽ ലഭ്യമാക്കും.
സംസ്ഥാന സ്‌കൂൾ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോർജ്
* കൺട്രോൾ റൂം ആരംഭിച്ചു; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക ടീം
ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കലോത്സവം പൂർണമാകുന്നത് വരെ അടിയന്തര ഘട്ടത്തിൽ വൈദ്യസഹായം നൽകുന്നതിനായി പ്രധാന വേദികളിൽ മെഡിക്കൽ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും കനിവ് 108 ഉൾപ്പെടെയുള്ള ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടർ, നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 1 എന്നിവർ മെഡിക്കൽ ടീമിൽ ഉണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ വർക്കർ എന്നിവരുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടാം. കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മന്ത്രി ആശംസകൾ നേർന്നു.
സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം ആരംഭിച്ചു. അടിയന്തര ഘട്ടത്തിൽ 9072055900 എന്ന നമ്പരിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് വേദികളിലേയും പരിസരങ്ങളിലേയും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം പരിശോധന നടത്തും. പകലും രാത്രിയിലും പരിശോധനകൾ നടത്തുന്നതിനായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയും സജ്ജമാക്കി. വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികൾക്ക് കുടിക്കാനായി ശുദ്ധജലം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
സ്‌കൂൾ കലോത്സവം : വിദ്യാർത്ഥികളെ സ്വീകരിച്ചു. സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്ന ആദ്യ സംഘം വിദ്യാർത്ഥികളെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. കണ്ണൂർ ജില്ലയിലെ സെന്റ് തെരേസസ് സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആഘോഷമായി സ്വീകരിച്ചത്.
ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ, എം എൽ എമാരായ ആന്റണി രാജു, എം വിൻസെന്റ്, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സ്‌കൂൾ കലോത്സവം: പഴയിടം രുചിയുമായി ഭക്ഷണപ്പുര ഒരുങ്ങി
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മറ്റ് വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് തന്റെ സ്‌പെഷ്യൽ പായസം നൽകി പഴയിടം കർമ്മനിരതനായി. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ രുചികൾ. ഓരോ തവണയും ഓരോ സ്പെഷ്യലാണ്. മനസ്സും വയറും നിറയ്ക്കുന്ന രീതിയിൽ ഭക്ഷണ രുചികൾ ഒരുക്കും, എന്നാൽ സ്പെഷ്യൽ വിഭവം ഏതെന്ന് ഇപ്പോൾ പറയുന്നില്ല, ഭക്ഷണം കഴിച്ചു മനസിലാക്കട്ടെ – പഴയിടം പറഞ്ഞു.
2006 ലെ സംസ്ഥാന സ്‌കൂൾ കലോത്സവം മുതൽ പഴയിടം മോഹനൻ നമ്പൂതിരിയും കൂട്ടരുമാണ് ഭക്ഷണപ്പുരയുടെ ചുമതല വഹിക്കുന്നത്. സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് 14 തവണയും സ്‌കൂൾ ശാസ്ത്രമേളയ്ക്ക് 15 തവണയും പഴയിടം ഭക്ഷണം ഒരുക്കിയിട്ടുണ്ട്.
ഭക്ഷണപ്പുരയിൽ ദിവസവും നാൽപ്പതിനായിരം പേർക്ക് ഭക്ഷണമൊരുക്കും. രാത്രിയിലെ അത്താഴം മുതൽ ഭക്ഷണശാല പ്രവർത്തന സജ്ജമാകും. മൂന്ന് നേരവും ഭക്ഷണമുണ്ടാകും. പതിനായിരം പേർക്ക് പ്രഭാത ഭക്ഷണവും ഇരുപതിനായിരം പേർക്ക് ഉച്ചഭക്ഷണവും പതിനായിരം പേർക്കുള്ള അത്താഴവും ഭക്ഷണപ്പുരയിൽ തയ്യാറാക്കും. മൂന്ന് നേരവും ഇലയിലാണ് ഭക്ഷണം നൽകുന്നത്. വ്യത്യസ്തമായ പ്രഭാത ഭക്ഷണമാണ് ഓരോ ദിവസവും നൽകുക. ഉച്ചയ്ക്കുള്ള സദ്യയ്ക്ക് പന്ത്രണ്ടു കറികളും പായസവുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിൽനിന്ന് സമാഹരിച്ച ഭക്ഷ്യവിഭവങ്ങൾ കഴിഞ്ഞ ദിവസം ഭക്ഷണപ്പുരയിൽ എത്തിച്ചിട്ടുണ്ട്.
ഭക്ഷണപ്പുരയുടെ സജ്ജീകരണങ്ങളിൽ പൂർണ്ണമായും തൃപ്തനാണെന്ന് പഴയിടം പറഞ്ഞു. എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്ക് ഇഷ്ടപെടുന്ന രുചികളാവും ഉണ്ടാവുക. അതിനായി നല്ലൊരു മെനു ഒരുക്കിയിട്ടുണ്ട്.
പുത്തരിക്കണ്ടം മൈതാനത്ത് തയ്യാറാക്കിയിട്ടുള്ള നെയ്യാർ പന്തലിൽ ഒരേ സമയം 4,000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. 200 പേർക്ക് ഇരിക്കാവുന്ന 20 നിരകളാണ് ക്രമീകരിച്ചിട്ടുള്ളത്. അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുമുൾപ്പടെ 350 പേർ ഭക്ഷണം വിളമ്പാനുണ്ട്. അദ്ധ്യാപക സംഘടനയായ കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ പൊതു ചുമതല.
കലോത്സവ സ്വാഗതഗാനത്തിന് സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം. അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ അവതരണ ഗാനം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികളും ചേർന്ന് നാളെ (ജനുവരി 4) കലോത്സവ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കും. ടാഗോർ തിയേറ്ററിൽ നൃത്തപരിശീലനം നടത്തിയ കലാമണ്ഡലം ടീമിനെ സന്ദർശിച്ച് പൊവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുമോദനം അറിയിച്ചു.
കേരളത്തിൻറെ നവോത്ഥാനം, സാമൂഹിക കലാ മേഖലകളെക്കുറിച്ചാണ് ഗാനത്തിൽ വ്യക്തമാക്കുന്നത്. അതിനാൽ നൃത്താവിഷ്‌ക്കാരത്തിലും ആ സമ്പൂർണ്ണതയുണ്ട്. വേഗത്തിലുള്ള അവതരണഗാനമാണ് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ചടുലമായ ചുവടുകളാണ് നൃത്തത്തിലുമുള്ളത്. കലാരൂപങ്ങളുടെ നൃത്താവിഷ്‌ക്കാരം പുതുമയോടെയും സമ്പൂർണ്ണതയോടെയും അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് നൃത്താധ്യാപകൻ കലാമണ്ഡലം തുളസികുമാർ പറഞ്ഞു.
കേരളത്തിന്റെ തനത് കലകൾ ഉൾപ്പെടെ നിരവധി കലാരൂപങ്ങളുടെ പരിശ്ഛേദമാണ് നൃത്താവിഷ്‌ക്കാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ നൃത്തങ്ങളായ കഥകളി, മോഹിനിയാട്ടം, എന്നിവ കൂടാതെ ഭരതനാട്യം കുച്ചുപ്പുടി, ഗോത്ര കലകൾ, മാർഗംകളി, ഒപ്പന, കളരിപ്പയറ്റ്, ദഫ് മുട്ട് തുടങ്ങിയ നിരവധി കലാരൂപങ്ങൾ ഗാനത്തിനനുസരിച്ച് നൃത്തത്തിൽ കോർത്തിണക്കിയിട്ടുണ്ട്.
ചടുലമായ ചുവടുകളോടെ പത്ത് മിനിറ്റ് ദൈർഘ്യമുള്ള നൃത്താവിഷ്‌ക്കാരമാണ് കലാമണ്ഡലത്തിലെ അധ്യാപകർ ഒരുക്കിയിട്ടുള്ളത്. 44 വിദ്യാർത്ഥികളാണ് നൃത്തത്തിന് ചുവടുവയ്ക്കുന്നത്. ഇതിൽ 28 പേർ കലാമണ്ഡലം വിദ്യാർത്ഥികളാണ്. ബാക്കി പതിനാറു പേർ തൃശൂർ, ഇടുക്കി ജില്ലകളിലെ വിവിധ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ്. കലാമണ്ഡലം രജിത രവി, കലാമണ്ഡലം തുളസികുമാർ, കലാമണ്ഡലം അരുൺ വാര്യർ, കലാമണ്ഡലം ലതിക എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്.
സ്‌കൂൾ കലോത്സവം : ഭക്ഷണപ്പുര പാലുകാച്ചൽ നടന്നു. സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ള ഭക്ഷണപ്പുരയുടെ പാലുകാച്ചൽ ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മനസ്സും വയറും നിറയ്ക്കുന്ന രീതിയിൽ ഭക്ഷണ രുചികൾ ഒരുക്കും. കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ പൊതു ചുമതല. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിൽനിന്ന് സമാഹരിച്ച ഭക്ഷ്യസാധനങ്ങൾ ഭക്ഷണപ്പുരയിൽ എത്തിച്ചിട്ടുണ്ട്. രാത്രിയിലെ അത്താഴം മുതൽ ഭക്ഷണശാല പ്രവർത്തന സജ്ജമാകുമെന്നും മികച്ച രീതിയിൽ ഭക്ഷണപ്പുര സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭക്ഷണ കമ്മിറ്റി കൺവീനർ കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ സംസാരിച്ചു.
പാലുകാച്ചലിനെ തുടർന്ന് പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രത്യേക രുചിക്കൂട്ടിലുള്ള പായസം വിതരണം ചെയ്തു.
സ്‌കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമാകും : മന്ത്രി വി ശിവൻകുട്ടി
* രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും ഉദ്ഘാടനം ചെയ്തു
അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കലോത്സവം രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും എസ് എം വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ ജില്ലകളിൽ നിന്നും ഓൺലൈനായി ഏകദേശം 700 ഓളം രജിസ്‌ട്രേഷനുകൾ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപ്പീലുകൾ പരിഗണിക്കുമ്പോൾ എണ്ണം ഇനിയും കൂടുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂൾ കലോത്സവ നടത്തിപ്പിന്റെ ക്രമീകരണങ്ങളുടെ ചുമതല വോളന്റിയർമാരെ ഏൽപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് സന്നദ്ധ സേവകരുടെ മികച്ച പ്രവർത്തനം ആവശ്യമാണ്. എൻ എസ് എസ്, എൻ സി സി ഉൾപ്പടെ 5,000 ത്തോളം വോളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഇത്തവണ എല്ലാ വോളന്റിയർമാർക്കും വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒപ്പിട്ട സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തിന്റെ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിട്ടുണ്ട്. വസന്തോത്സവത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരം സ്‌കൂൾ കലോത്സവം പ്രമാണിച്ച് ജനുവരി 8 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.
ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ തിരുവന്തപുരം ജില്ലയിലെ വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ കിറ്റ് നൽകി മന്ത്രി ഉദ്ഘാടനം നിർവഹിച്ചു. ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ മന്ത്രി ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.