കോട്ടയം: പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിൻ്റെ കൊടിയേറ്റ് നടന്നു.
ഏപ്രിൽ 28-ന് ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി, എറികാട് കരകളിൽനിന്ന് എത്തിയ കൊടിമര ഘോഷയാത്ര പള്ളിയിൽ എത്തിച്ചേർന്നപ്പോൾ വൈകീട്ട് അഞ്ചിന് വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കല്ലൂർ ആണ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചത്.
ഏപ്രിൽ 23 മുതൽ ആരംഭിച്ച പെരുന്നാൾ ചടങ്ങുകൾ മേയ് 23 ന് അവസാനിക്കും. പ്രധാനപെരുന്നാൾ മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിലാണ്.
പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന പുതുപ്പള്ളി കൺവെൻഷൻ മേയ് ഒന്നുമുതൽ നാലുവരെ നടത്തപ്പെടുന്നു. ഫാ.ജോൺ ടി.വർഗീസ് കുളക്കട, ഫാ.തോമസ് വർഗീസ് അമയിൽ, ഡോ.ടിജു തോമസ്, ഡോ.ജിജു ജേക്കബ് എന്നിവർ വചന സന്ദേശം നൽകും.
മെയ് നാലിന് രാവിലെ 9 മണിക്ക് പ്രസിദ്ധമായ വെച്ചൂട്ടിനുള്ള മാങ്ങ അരിയിൽ ചടങ്ങ് ആരംഭിക്കും.
മേയ് അഞ്ചിന് തീർത്ഥാടനസംഗമവും സാംസ്‌കാരിക സമ്മേളനവും നടത്തപ്പെടുന്നു. കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മോർ ദിയസ്കോറോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം 11.30 AMന് മന്ത്രി V.N.വാസവൻ ഉദ്ഘാടനം ചെയ്യും. അവയവദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ ഫാ.കുര്യാക്കോസ് വർഗീസ്, ഫാ.നോബിൻ ഫിലിപ്പ് എന്നിവർക്ക് പെരുന്നാളിനോട് അനുബന്ധിച്ച് നൽകുന്ന “ഓർഡർ ഓഫ് സെൻ്റ് ജോർജ് ” അവാർഡ് നൽകും. വൈകുന്നേരം ആറിന് കുരിശടികളിലെ സന്ധ്യാനമസ്കാരത്തെ തുടർന്ന് പള്ളിയിലേയ്ക്ക് പ്രദക്ഷിണവും നടത്തപ്പെടും.
യൂഹാനോൻ മാർ ദീമെത്രയോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ മെയ് ആറിന് രാവിലെ 8.30 ന് ആരംഭിക്കുന്ന വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയെ തുടർന്ന് പൊന്നിൻകുരിശ് ദർശനത്തിനായി പ്രധാന ത്രോണോസിൽ സ്ഥാപിക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വിറകിടീൽ ചടങ്ങും നാലു മണിക്ക് പന്തിരുനാഴി പുറത്തെടുക്കൽ ചടങ്ങും ആഘോഷപൂർവം നടത്തപ്പെടും.
മെയ് 6 ന് വൈകുന്നേരം 5.15-ന് പരിശുദ്ധ കാതോലിക്കാബാവായുടെ മുഖ്യ കാർമികത്വത്തിലും ഡോ.യൂഹാനോൻ മോർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ സഹ കാർമികത്വത്തിലും പെരുന്നാളിൻ്റെ സന്ധ്യാനമസ്‌കാരവും തുടർന്ന് നിലയ്ക്കൽപള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശടി ചുറ്റി പള്ളിയിലേയ്ക്ക് നടത്തപ്പെടുന്ന ആഘോഷപൂർവ്വമായ പ്രദക്ഷിണത്തിൽ പൊന്നിൻ കുരിശ്, നൂറ്റി ഒന്ന് വെള്ളി കുരിശുകൾ, അനേകം മുത്തുക്കുടകൾ ആദിയായവ നിറപകിട്ടേകും.
വലിയ പെരുന്നാൾ ദിനമായ മേയ് ഏഴിന് വെളുപ്പിനെ ഒന്നിന് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടൽ കർമ്മം നടത്തും.
വെളുപ്പിനെ 5 ന് വിശുദ്ധ കുർബ്ബാന. രാവിലെ 8.30-ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ ഒമ്പതിന്മേൽ കുർബാന നടത്തപ്പെടും. 11.15 ന് വെച്ചൂട്ട് നേർച്ച സദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും നടത്തപ്പെടും. ഉച്ചകഴിഞ്ഞ് രണ്ടിന് അങ്ങാടി, ഇരവനല്ലൂർ കവല ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണവും നാലു മണിക്ക് നേർച്ച വിളമ്പും നടത്തും.
മെയ് 23 ന് രാവിലെ 7.15 ന് കൊടിയിറങ്ങുന്ന വിശുദ്ധന്റെ പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കല്ലൂർ, ഫാ. വർഗീസ് പി.വർഗീസ് ആനിവേലിൽ, ഫിലിപ്പോസ് വി.ഏബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശേരിൽ, വി.എ.പോത്തൻ വന്നല, സജി കളപ്പുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.