Monday, December 23, 2024
Homeകേരളംമന്ത്രിസഭായോഗ തീരുമാനങ്ങൾ (03/10/2024)

മന്ത്രിസഭായോഗ തീരുമാനങ്ങൾ (03/10/2024)

*പ്രത്യേക അന്വേഷണ സംഘം*

തൃശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പൂരവുമായി ബന്ധപ്പെട്ട ചുമതലകൾ നൽകിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ അന്വേഷിക്കുന്നതിന് ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതേക്കുറിച്ച് പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

*അർഹമായ സഹായം ലഭ്യമാക്കണം*
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു.

*മാതാപിതാക്കള്‍ നഷ്‌ടമായ കുട്ടികള്‍ക്ക് 10 ലക്ഷം*

വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നല്‍കും. വനിതാ ശിശുവികസന വകുപ്പ് ഫണ്ടില്‍ നിന്നാണ് തുക നൽകുക.

*മോഡൽ ടൗൺഷിപ്പ്*

മേപ്പാടി ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാന്‍ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ളത് വൈത്തിരി താലൂക്കിലെ, കോട്ടപ്പടി വില്ലേജിലെ, ബ്ലോക്ക് നം. 28, സര്‍വ്വെ നം 366 ല്‍പ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭുമിയും, വൈത്തിരി താലൂക്കിലെ, കല്‍പ്പറ്റ വില്ലേജിലെ ബ്ലോക്ക് നം. 19, സര്‍വ്വെ നം881 ല്‍പ്പെട്ട എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയുമാണ്.

ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൻ്റെയടക്കം വിദഗ്ധോപദേശം തേടിയിരുന്നു. വേഗം തന്നെ സ്ഥലം കിട്ടുക എന്നത് വളരെ പ്രധാനമായതിനാല്‍, ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷൻ ഏറ്റെടുക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. സ്ഥലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണിത്.

ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപെടുത്തി.

*ശ്രുതിക്ക് ജോലി*

വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നൽകും.

*അർജുൻ്റെ കുടുംബത്തിന് ഏഴ് ലക്ഷം*

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശി അർജുൻ്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കും.

*കരട് ബിൽ അംഗീകരിച്ചു*

2018 ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും ) ആക്ട് ഭേദഗതി വരുത്തുന്നതിനായി 2024 ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും ) കരട് ഭേദഗതി ബിൽ അംഗീകരിച്ചു.

2024 ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ലിൻറെ കരട് അംഗീകരിച്ചു.

2024-ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിച്ചു.

2024-ലെ കേരള സൂക്ഷ്മ -ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ (ഭേദഗതി) ബില്ലിൻ്റെ കരട് അംഗീകരിച്ചു.

*കാലാവധി ദീർഘിപ്പിച്ചു*

നവകേരളം കർമ്മപദ്ധതിയുടെ കാലാവധി 01/08/2024 മുതൽ രണ്ട് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കും 87 തസ്തികകൾക്ക് രണ്ട് വർഷത്തേക്ക് കൂടി തുടർച്ചാനുമതിയും നൽകും.

*തസ്തിക*

തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലുള്ള 6 വിജിലൻസ് പ്രത്യേക കോടതികളിൽ ഓരോ പുതിയ അസിസ്റ്റന്റ്റ് തസ്തിക വീതം സൃഷ്ടിക്കും.

*ഭക്ഷ്യ കമ്മീഷൻ ചെയർമാൻ*

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാനായി ഡോ.ജിനു സക്കറിയ ഉമ്മനെ നിയമിക്കാൻ തീരുമാനിച്ചു.

*മുദ്രവില ഒഴിവാക്കും*

തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിലെ തിരുവനന്തപുരം ഡെവലപ്പ്മെന്റ്റ് അതോറിറ്റി (ട്രിഡ) യുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിച്ചു വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാൻ കാര്യാലയത്തിനു വേണ്ടി, വാടകകരാർ രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവിലയിനത്തിലും രജിസ്ട്രേഷൻ ഫീസിനത്തിലും ആവശ്യമായി വരുന്ന തുക ഒഴിവാക്കും.

*മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം*

2024 സെപ്തംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 9,34,43,367 രൂപയാണ് വിതരണം ചെയ്തത്. 2196 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ,

തിരുവനന്തപുരം 104 പേർക്ക് 5,49,33,117 രൂപ
കൊല്ലം 445 പേർക്ക് 50,83,000 രൂപ
പത്തനംതിട്ട 48 പേർക്ക് 11,87,000 രൂപ
ആലപ്പുഴ 414 പേർക്ക് 35,76,750 രൂപ
കോട്ടയം 15 പേർക്ക് 6,75,000 രൂപ
ഇടുക്കി 64 പേർക്ക് 10,87,000 രൂപ
എറണാകുളം 475 പേർക്ക് 6,57,800 രൂപ
തൃശ്ശൂർ 262 പേർക്ക് 78,78,900 രൂപ
പാലക്കാട് 138 പേർക്ക് 39,10,000 രൂപ
മലപ്പുറം 58 പേർക്ക് 19,50,000 രൂപ
കോഴിക്കോട് 41 പേർക്ക് 25,57,000 രൂപ
വയനാട് 20 പേർക്ക് 7,95,000 രൂപ
കണ്ണൂർ 59 പേർക്ക് 12,48,600 രൂപ
കാസർകോട് 53 പേർക്ക് 19,84,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

**

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments