കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മല്ലപ്പള്ളി കീഴ്വായ്പൂര്‍ സ്വദേശി സിബിന്‍ ടി എബ്രഹാമിന്റെ കുടുംബത്തിനുള്ള ധനസഹായം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ നേരത്തെതന്നെ കുടുംബത്തിന് നല്‍കിയിരുന്നു. നോര്‍ക്ക ധനസഹായമായ ഒന്‍പത് ലക്ഷം രൂപയുടെ ചെക്കാണ് സിബിന്റെ ഭാര്യ അഞ്ജു മോള്‍ മാത്യുവിന് എംഎല്‍എ നല്‍കിയത്.
പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫന്‍ രണ്ട് ലക്ഷം രൂപയുമാണ് നോര്‍ക്ക മുഖേന ധനസഹായമായി നല്‍കിയത്.
സിബിന്റെ പിതാവ് എബ്രഹാം മാത്യു, 10 മാസം പ്രായമായ മകള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. മല്ലപ്പള്ളി തഹസില്‍ദാര്‍ റ്റി. ബിനുരാജ്, കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ കെ.ജി.ബിനു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജെസിമോള്‍ ജേക്കബ്, ഷിബു തോമസ്, മല്ലപ്പള്ളി വില്ലേജ് ഓഫീസര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കുവൈറ്റ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജില്ലയിലെ മറ്റു നാലുപേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ കൈമാറിയിരുന്നു.