കണ്ണൂര്‍ : ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ആലുവ സ്വദേശി അറസ്റ്റില്‍. ശ്രീമൂലനഗരം കഞ്ഞിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമി(38)നെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഷെയര്‍ ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വ്യാജവിലാസത്തില്‍ ചാറ്റിങ് നടത്തി സൗഹൃദം സ്ഥാപിച്ചു. നാട്ടിലെ അര്‍ബുദരോഗിക്ക് സഹായം വേണമെന്ന് അഭ്യര്‍ഥിച്ച് ഗൂഗിള്‍ പേ നമ്പര്‍ കൊടുക്കുകയും യുവതി തുക അയച്ചുകൊടുക്കുകയും ചെയ്തു.
പിന്നീട് പലതവണ പണം വാങ്ങി. വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ തുക തിരികെവേണമെന്ന് ആവശ്യപ്പെട്ടതോടെ പ്രൊഫൈല്‍ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി രണ്ടുലക്ഷത്തോളം രൂപ ഹക്കീം കൈക്കലാക്കി. തുടര്‍ന്നാണ് ബന്ധുക്കള്‍ മുഖേന യുവതി കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
ആലുവയില്‍വെച്ചാണ് കാലടി പോലീസിന്റെ സഹായത്തോടെ അബ്ദുല്‍ ഹക്കീമിനെ കസ്റ്റഡിയിലെടുത്തത്. ഇലക്ട്രീഷ്യനായ ഇയാള്‍ക്ക് നല്ല കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ട്. യുട്യൂബ് ചാനലുള്ള ഹക്കീമിന് നിരവധി ഫോളോവേഴ്‌സും ഉണ്ടായിരുന്നു. കൂത്തുപറമ്പിലെത്തിച്ച് ചോദ്യം ചെയ്തശേഷം തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐമാരായ കെ. ഷനില്‍, പ്രദീപ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. പ്രശോഭ്, സി. അര്‍ജുന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.