പാലക്കാട്: തിങ്കളാഴ്ച രാത്രി കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് ആന ചരിഞ്ഞത് തലയ്‌ക്കേറ്റ ഗുരുതര പരിക്കുകാരണമെന്ന് വനം വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാം. തലയിലും പിന്‍കാലിനും പരിക്കുണ്ട്. തീവണ്ടിയിടിച്ച് തെറിച്ചുവീഴുകയാണുണ്ടായതെന്നും വനംവകുപ്പധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി 11.15-നാണ് പാലക്കാട്-കോയമ്പത്തൂര്‍ റെയില്‍പ്പാളത്തില്‍ പന്നിമടയ്ക്കുസമീപം തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ് തീവണ്ടിതട്ടി രണ്ടുവയസ്സുള്ള പിടിയാനയ്ക്ക് പരിക്കേറ്റത്. ആനക്കൂട്ടം റെയില്‍പ്പാളം കടക്കുന്നതിനിടെ തീവണ്ടിയിടിക്കുകയായിരുന്നു. റെയില്‍വേ അധികൃതരാണ് വിവരം വനംവകുപ്പധികൃതരെ അറിയിച്ചത്. ഇടിയേറ്റശേഷം ആന 20 മിനിറ്റിലേറെ പാളത്തിനടുത്ത് കിടന്നിരുന്നു. പിന്നീട് എഴുന്നേറ്റുനടന്ന് അഗസ്റ്റിന്‍ ടെക്സ്‌റ്റൈല്‍ കമ്പനിക്കുസമീപം വനമേഖലയിലെത്തി, ചതുപ്പുള്ള വിസ്തൃതമായ കുഴിയില്‍ വീഴുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെ ചരിഞ്ഞു.
അപകടം നടന്നതിനുപിന്നാലെ വാളയാര്‍ റേഞ്ചോഫീസര്‍ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.15-ഓടെ വനം വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാം സ്ഥലത്തെത്തിയാണ് മരണം സ്ഥിരീകരിച്ചത്. രാവിലെ ഒമ്പതിന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി ഒരുമണിയോടെ അവസാനിപ്പിച്ചു. ശേഷം, പന്നിമട ഭാഗത്തുതന്നെ ആനയുടെ ജഡം കുഴിച്ചിട്ടു. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു.
ഡിവിഷണല്‍ ഫോറസ്റ്റോഫീസര്‍ ജോസഫ് തോമസ്, വാളയാര്‍ റേഞ്ചോഫീസര്‍ മുഹമ്മദലി ജിന്ന, പുതുശ്ശേരി സെക്ഷന്‍ ഫോറസ്റ്റോഫീസര്‍ കെ.കെ. മരുതന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.