Wednesday, December 25, 2024
Homeകേരളംആദിവാസി–ദളിത്‌ വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും 2025നകം വീട്‌.

ആദിവാസി–ദളിത്‌ വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും 2025നകം വീട്‌.

കണ്ണൂർ> ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ പട്ടികജാതി, പട്ടികവർഗ, ആദിവാസി വിഭാഗക്കാർക്കും 2025നകം ഭൂമിയും വീടും ലഭ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിതനയമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എസ്‌സിപി (സ്‌പെഷൽ കമ്പോണന്റ്‌ പ്ലാൻ), ടിഎസ്‌പി (ട്രൈബൽ സബ്‌ പ്ലാൻ)പദ്ധതികൾ കേന്ദ്ര സർക്കാർ നിർത്തലാക്കിയപ്പോഴും അവ നിലനിർത്തി ജനസംഖ്യാ നിരക്കിനേക്കാൾ കൂടുതൽ തുക അനുവദിച്ച ഏക സംസ്ഥാനമാണ്‌ കേരളമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിന്റെ തുടർച്ചയായി സംഘടിപ്പിച്ച ആദിവാസി–-ദളിത്‌ വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടി കണ്ണൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പട്ടികജാതി വിഭാഗക്കാർക്കായി 98,317 വീടുകളും പട്ടികവർഗ വിഭാഗക്കാർക്കായി 41,804 വീടുകളും ഉൾപ്പെടെ 1,40,121 വീടുകൾ പൂർത്തീകരിച്ചു. ലാൻഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവ പ്രകാരം 8,278 പട്ടികവർഗ കുടുംബങ്ങൾക്കായി 4,138 ഏക്കർ ഭൂമി വിതരണം ചെയ്തു. സങ്കേതങ്ങൾക്ക് പുറത്തുള്ള പട്ടികവർഗക്കാരുടെ ഭവന നിർമാണ സഹായം ആറു ലക്ഷമാക്കി ഉയർത്തി.

സാങ്കേതികമായി പൂർത്തീകരിച്ചെങ്കിലും പൂർണതയിലെത്താത്തതും 2010നുശേഷം നിർമിച്ചതുമായ വീടുകളുടെ അറ്റകുറ്റപ്പണി, പൂർത്തീകരണം, നവീകരണം എന്നിവയ്ക്കായി സേഫ് പദ്ധതി ആവിഷ്‌കരിച്ചു. ഇതുപ്രകാരം പട്ടികജാതിക്കാർക്ക് രണ്ടു ലക്ഷം രൂപവരെയും പട്ടികവർഗക്കാർക്ക് 2.5 ലക്ഷം രൂപവരെയും അനുവദിക്കും. കഴിഞ്ഞ സാമ്പത്തികവർഷം 8,000 കുടുംബങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.

ഭൂരഹിത പുനരധിവാസ പദ്ധതിക്ക് അപേക്ഷ നൽകുന്നതിനുള്ള പ്രായപരിധി 55ൽനിന്ന്‌ 70 ആയും വരുമാനപരിധി 50,000 രൂപയിൽനിന്ന്‌ ഒരുലക്ഷം രൂപയായും ഉയർത്തി. പട്ടികജാതി -പട്ടികവർഗ വികസന വകുപ്പുകളുടെ ധനസഹായത്തോടെ ഭൂമി വാങ്ങുന്നതിന് ഗുണഭോക്താക്കൾ നൽകേണ്ടിയിരുന്ന രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കി. ഭവനനിർമാണം, കുടുംബാംഗങ്ങളുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്ക് പട്ടികജാതിക്കാർക്ക് ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ലഭ്യമായ ഭൂമി പണയപ്പെടുത്താൻ അനുമതിയും നൽകി.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 25 ശതമാനത്തോളം എസ്‌സി, എസ്ടി വിഭാഗങ്ങളിൽപ്പെടുന്നവരാണ്. എന്നാൽ അവർക്കുള്ള പദ്ധതി വിഹിതം കേവലം ആറു ശതമാനംമാത്രമാണ്. ഇതിൽനിന്ന്‌ വ്യത്യസ്‌തമാണ്‌ കേരളത്തിന്റെ സ്ഥിതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments