ഈ വേനവധിക്കാലത്ത് സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് മൂന്നാര്‍. കൊടുംചൂടിലും നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്കെത്തുന്നത്. പകല്‍ നല്ല ചൂടാണെങ്കിലും രാത്രി സുഖകരമായ കാലാവസ്ഥയാണ് ഇവിടെ. പ്രശസ്തമായ മൂന്നാര്‍ പുഷ്പമേള കൂടെ ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കും.
പൂക്കളുടെ വര്‍ണക്കാഴ്ച ഒരുക്കുന്ന മൂന്നാര്‍ പുഷ്പമേള ബുധനാഴ്ച തുടങ്ങി. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് പുഷ്പമേള. വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണിത്. വിദേശ പുഷ്പങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ഇനങ്ങളില്‍പെട്ട പൂക്കളും ചെടികളുമാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാറിന്റെ തനത് പൂക്കളും എത്തിച്ചിട്ടുണ്ട്. വൈകീട്ട് 6.30 മുതല്‍ 9.30 വരെ കലാപരിപാടികള്‍ നടക്കും. മ്യൂസിക്കല്‍ ഫൗണ്ടന്‍, ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍, സെല്‍ഫി പോയിന്റ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ഫീസ്. 12-ന് സമാപിക്കും.
മനംമയക്കും പൂന്തോട്ടങ്ങള്‍ ; നിരവധി പൂന്തോട്ടങ്ങള്‍ മൂന്നാറിലുണ്ട്. മൂന്നാര്‍ പട്ടണത്തോട് ഏറ്റവുമടുത്തുള്ള ഉദ്യാനമാണ് ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിന് സമീപത്തുള്ള ഹൈഡല്‍ പാര്‍ക്ക്. 16 ഏക്കറോളം പരന്നുകിടക്കുന്ന ഈ പാര്‍ക്കില്‍ നിരവധി അലങ്കാരച്ചെടികള്‍ ഒരുക്കിയിട്ടുണ്ട്. സാഹസിക വിനോദങ്ങളും ഫിഷ് മസാജ് പോലെയുള്ള സൗകര്യങ്ങളും ബലൂണ്‍റൈഡും ക്രമീകരിച്ചിട്ടുണ്ട്. മാട്ടുപ്പട്ടി റോഡില്‍ വനംവകുപ്പിന് കീഴിലുള്ള റോസ് ഗാര്‍ഡനും ദേവികുളം റോഡിലെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനും പ്രശസ്തമാണ്. സന്ദര്‍ശകര്‍ക്ക് തൈകള്‍ വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ട്.