കണ്ണൂർ: തനിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഇന്ന് വക്കീൽ നോട്ടീസയക്കും. ദല്ലാൾ നന്ദകുമാർ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർക്കെതിരെയും നോട്ടീസ് അയക്കും. പാർട്ടി നിർദേശപ്രകാരമാണ് ഇ.പിയുടെ നടപടി. ബി.ജെ.പിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തിയത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ബി.ജെ.പിയിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ച ഇ.പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ദല്ലാൾ നന്ദകുമാറുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായി വ്യാഖ്യാനിച്ചത് ആസുത്രിത ഗൂഢാലോചനയാണ് എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്.