സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദവും ചർച്ചയാകും. തെരഞ്ഞെടുപ്പ് ദിവസത്തിലെ ഇപിയുടെ പ്രതികരണത്തിൽ പാർട്ടി നേതൃത്വത്തിന് നീരസമുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇപി ജയരാജനെ തള്ളിയിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച നടത്തിയതും തെരഞ്ഞെടുപ്പ് ദിവസം ഇത് സംബന്ധിച്ച് നടത്തിയ പരസ്യ പ്രസ്തവനയും പാർട്ടിക്ക് തലവേദന സൃഷ്ടിച്ചു.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റുമോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും. സിപിഐഎം സംഘടനാരീതി പിന്തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അത് ഉപേക്ഷിച്ച് ജയരാജനോടുള്ള അമർഷം പരസ്യമാക്കുകയും ചെയ്തു.സൗഹൃദങ്ങളിൽ ജാഗ്രത വേണമെന്നാണ് ദല്ലാൾ നന്ദകുമാർ തൊടുത്തുവിട്ട പുതിയ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇ പി ജയരാജന് വീഴ്ചയുണ്ടായി. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. ഇന്നാരെയാണ് വഞ്ചിക്കേണ്ടത് എന്ന് ആലോചിച്ച് നടക്കുന്നവരുമായി സൗഹൃദം ഉപേക്ഷിക്കേണ്ടതാണ്. ജയരാജൻ ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കാറില്ലെന്ന് നേരത്തെ തന്നെയുള്ള അനുഭവമാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.