എറണാകുളം: ഇക്കഴിഞ്ഞ തൃശ്ശൂർ പൂരത്തിനിടെ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ അനാവശ്യ നിയന്ത്രണങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി. പോലീസിന്റെ ഇടപെടലുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് വേണ്ടിയാണ് വിശദീകരണം തേടിയത്. ്അനവാശ്യ നിയന്ത്രണങ്ങളെ തുടർന്ന് ഇത്തവണത്തെ പൂരവുമായി ബന്ധപ്പെട്ട ആചാരങ്ങൾ മുടങ്ങിയെന്നും കോടതി നിരീക്ഷിച്ചു. പി സുധാകരൻ എന്ന വ്യക്തിയുടെ ഹർജിയിലാണ് കോടതിയുടെ നടപടി. ഹർജി അടുത്ത മാസം 22 വീണ്ടും പരിഗണിക്കും.
കമ്മീഷണർ അങ്കിത് അശോകിന്റെ ഏകപക്ഷീയമായ സമീപനത്തെ തുടർന്ന് തൃശ്ശൂർ പൂരം മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പൂരവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ആണ് മുടങ്ങിയത്. ഇതിലൂടെ ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരം വ്രണപ്പെട്ടു. നാല് പൂരങ്ങൾ കൂടി ഇനിയും നടക്കാനുണ്ട്. ഈ സാഹചര്യത്തിൽ പോലീസിന്റെ ഇടപെടൽ സംബന്ധിച്ച് കോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം എന്നും ഹർജിയിൽ ആവശ്യമുണ്ട്.